ADVERTISEMENT

സ്ഥിരമായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, ജോലി ചെയ്തു തളർന്നു എന്നും അതെ സമയത്ത് സ്റ്റോപ്പിൽ നിൽക്കാറുള്ള ഒരു ചേച്ചിയുണ്ടായിരുന്നു. നല്ല ചോക്കലേറ്റിന്റെ നിറം, ചുണ്ടിന്റെ താഴെ വലതു വശത്ത് താടിയിലായി ഒരു കറുത്ത വലിയ അരിമ്പാറ. ചെറിയ കണ്ണുകൾ വലിയ തൂമ്പാ കൊണ്ട് കിളച്ചു കൂട്ടിയ പോലുള്ള വലിയ അരികുള്ള പുരികങ്ങൾ. പക്ഷെ ചേച്ചിയെ ശ്രദ്ധിക്കാനുള്ള കാരണം ഇതൊന്നുമല്ല, നല്ല ഒന്നാന്തരം മീശയുണ്ട് എന്നതായിരുന്നു. 

മുഖത്ത് സങ്കടം കരുവാളിച്ചതു പോലെ തോന്നാറുണ്ട്, എങ്കിലും എല്ലാ ദിവസവും വൈകുന്നേരം ട്യൂഷൻ സമയം അവസാനിക്കുന്ന സമയത്ത് പുള്ളിക്കാരിയും ബസ്റ്റോപ്പിൽ ഉണ്ടാവും. ഒരിക്കൽ ബസിനുള്ളിൽ വച്ച് സ്വതവേ ശല്യക്കാരനായ കിളി മറ്റൊരു സ്‌കൂൾ പെൺകുട്ടിയുടെ തുടയിൽ പിടിച്ചത് കണ്ടപ്പോഴാണ് ആ ചേച്ചിയുടെ ശബ്ദവും കരുത്തും ഞങ്ങൾ ആദ്യമായി കണ്ടത്. അതയാളുടെ സ്ഥിരം സ്വഭാവമായിരുന്നു, പ്രത്യേകിച്ച് ഫുട്‍ബോഡിന്റെ പിന്നിലെ സുഖകരമായ സ്പെയിസിൽ സമാധാനത്തോടെ നിൽക്കാൻ ആഗ്രഹിച്ചു ചെല്ലുമ്പോൾ ആരും അറിയാത്ത പോലെ അയാളാദ്യം കൈ താഴേയ്ക്കിടും പിന്നെ പാവാടയ്ക്ക് മുകളിലൂടെ കാലിൽ തലോടലാണ്. ഒരു തവണ നിൽക്കുന്ന പെൺകുട്ടികൾ പിന്നെ അവിടെ നിൽക്കാറില്ല. എന്നാൽ ഇയാളെക്കുറിച്ച് എല്ലാവ‌ർക്കും അറിയുകയും ചെയ്യാം, പക്ഷെ പ്രതികരിക്കാൻ ‌ഭയം. 

ഇത്തവണ മീശക്കാരി ചേച്ചി ഫുട്‍ബോഡിനു തൊട്ടു പിന്നിലുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു. പതിവ് പോലെ കിളിയ്ക്ക് ഒരു ഇര അവിടെ നിൽപ്പുണ്ട്. അയാൾ കലാ പരിപാടികൾ ആരംഭിച്ചു, സ്വാഭാവികമായും പെൺകുട്ടിയുടെ അസ്വസ്ഥത കണ്ടാവും ചേച്ചി നോക്കിയിട്ടുണ്ടാവുക. പുള്ളിക്കാരി ആദ്യം സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റു, പിന്നെ ആ കുട്ടിയെ അവിടെ നിന്ന് പിടിച്ച് പിന്നിലേയ്ക്ക് മാറ്റി നിർത്തി, പിന്നെ താഴെയിരുന്ന അവന്റെ കൈ പിടിച്ചൊരു അമർത്ത്. അയാൾ ഉറക്കെ കരഞ്ഞു. "ഇനി മേലാല്‍ പെമ്പിള്ളേരെ നീയൊന്ന് തൊടു", എല്ലാവരും കൗതുകത്തോടെ അവരെ നോക്കിക്കൊണ്ടിരുന്നു, അതിലേറെ ആരാധനയോടെ ഞങ്ങൾ കുട്ടികളും. 

മീശ പിരിച്ച ആണുങ്ങളെ കഥാപാത്രങ്ങളായി സിനിമയിലും നായകനായി നോവലുകളിലും ആണത്തം എടുത്തു കാണിക്കുന്ന മനുഷ്യരായും കണ്ടിട്ടുണ്ട്. എങ്കിലും ഒരു സ്ത്രീ ഇത്തരത്തിൽ മീശ വളർത്തുക, അതു പിരിച്ചില്ലെങ്കിലും ഹീറോയിസം കാണിക്കുക, ആ പ്രായത്തിൽ ആരാധിക്കാൻ മറ്റെന്താണ് വേണ്ടത്! സത്യം പറഞ്ഞാൽ അപ്പോൾ സാധാരണ പെൺകുട്ടികളെക്കാൾ അൽപ്പം കൂടുതൽ ഉള്ള മേശയിൽ അറിയാതെ ഒന്നു തൊട്ടു നോക്കിയിട്ടുണ്ട്. 

കുറച്ചൂടെ കഴിഞ്ഞപ്പോഴാണ് ശരീരത്തിലെ അമിതമായ രോമ വളർച്ചയുടെ കാരണം ഹോർമോൺ ഇമ്പാലൻസിങ് ആണെന്നറിയുന്നതും അതൊരു ബുദ്ധിമുട്ടായി തോന്നാതെ അതിനെ സ്നേഹിക്കാൻ തുടങ്ങിയതും. ഹൈപ്പർ ട്രൈക്കോസിസ് അഥവാ അമിതമായി താടിയും മുടിയും വളരുന്ന പെൺകുട്ടികൾ ഉണ്ടെന്ന് മനസ്സിലായത് ഹർനാം കൗർ എന്ന സിഖ് പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത കണ്ടതിനു ശേഷമാണ്. ഇന്ത്യയിലെ ആദ്യത്തെ ഇത്തരത്തിലുള്ള പെൺകുട്ടിയാണ് അവർ, കുട്ടിക്കാലത്തെ ട്രോമകൾക്ക് ശേഷം ഹർനാം ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കറാണ്. ജീവിതത്തെ അവർ പോസിറ്റീവ് ആയി കാണാൻ പഠിച്ചിരിക്കുന്നു. 

ഇതു വീണ്ടും ഓർക്കാൻ കാരണമായത് ദിവാകൃഷ്ണൻ സംവിധാനം ചെയ്ത ഒരു ഇരുപതു മിനിറ്റ് ചെറു ചിത്രമാണ്. പേര് മീശമീനാക്ഷി. ജനിച്ചപ്പോൾത്തന്നെ വൈകല്യങ്ങളുമായി പിറന്ന മീനാക്ഷിയ്ക്ക് എത്ര വാടിച്ചാലും ഒറ്റ ദിവസം കൊണ്ട് പഴയത് പോലെ കട്ടി മീശ വളരും. കുട്ടിക്കാലത്ത് അവൾ അനുഭവിച്ച സങ്കടങ്ങൾ അതിന്റെ പേരിൽ കുറവല്ല. സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ അവളുടെ ഒപ്പം ഇരിക്കാൻ പോലും മടി കാണിച്ചു, ആൺകുട്ടികൾ അവളെ സ്ഥിരം അവരുടെ അടുത്തേയ്ക്ക് ഇരിക്കാൻ ക്ഷണിച്ചു. സ്‌കൂളിലെ പ്യൂൺ അവളുടെ ശരീരത്തിൽ പോലും തൊട്ടു അവളെ അപമാനിക്കാൻ തുടങ്ങി. 

ഒടുവിൽ മീശ പിരിക്കാൻ തുടങ്ങി, ലാലേട്ടനിൽ നിന്നുമാണ് അവളും മീശ പിരിച്ചു പഠിച്ചു തുടങ്ങിയത്. തന്റെ ജനിതക വൈകല്യത്തെ സ്വയം ഉൾക്കൊണ്ട അവൾ ജീവിക്കാൻ ആരംഭിച്ചു. തന്നെ അപമാനിക്കുന്നവരെയും ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെയും അവൾ കൈകൊണ്ടും ധൈര്യം കൊണ്ടും നേരിട്ടു. വളർന്നിട്ടും യൗവ്വനത്തിൽ എത്തിയിട്ടും അതവൾ അങ്ങനെ തന്നെ തുടർന്നു. പ്രണയിക്കുന്ന പുരുഷന്റെ 'അമ്മ അവളെ ആക്ഷേപിക്കുമ്പോൾ പോലും അവൾ അതിനെ നേരിടുന്ന രീതി വളരെ കൗതുകകരമാണ്. 

ഹോർമോണിന്റെ കലാപ്രവർത്തനങ്ങൾ കാരണം മീശയും താടിയുമൊക്കെ വളരുകയും അമിതമായ രോമങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ ഒരുപാട് പെൺകുട്ടികൾ നേരിടുന്നുണ്ട്. അവരിൽ പലരും പലപ്പോഴും പരിഹാസങ്ങൾക്ക് പാത്രമാവുകയും ചെയ്യാറുണ്ട്. കുട്ടിക്കാലം മുതലേ രോമം കളയാൻ മഞ്ഞൾ അരച്ച് തേച്ചും വെളുക്കാൻ കുങ്കുമപ്പൂ പാലിൽ കലക്കി കുടിച്ചും നടക്കുന്ന പെൺകുട്ടികൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കൊണ്ടിരിക്കുകയാണ്. നിറം കുറവുള്ളതും ഭംഗിയായി അംഗീകരിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു. മുഖത്തും കാലിലും ഒക്കെ രോമമുണ്ടെങ്കിലെന്താ , എന്നവർ ചോദിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. 

ഡോക്ടർ ജുവൽ ജോസഫ് സമുഹമാധ്യമത്തിൽ എഴുതിയ ഒരു പോസ്റ്റിനെ കുറിച്ച് കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു, ആൺകുട്ടികളുടെ മാസ്കുലിനിറ്റിയും പെൺകുട്ടികളുടെ മാസ്കുലിനിറ്റിയും തമ്മിൽ ചില സമയങ്ങളിൽ നടക്കുന്ന ആശയ വിനിമയങ്ങളുണ്ട്,

ഇതാണ് ജുവൽ ജോസെഫിന്റെ കുറിപ്പ്,

"പരമ്പരാഗതമായി നമ്മുടെ സമൂഹം ഒരു ഭർത്താവിനു കൽപ്പിച്ചു നൽകിയ 'മാസ്ക്യുലിൻ' സ്വഭാവവിശേഷങ്ങളൊന്നുമില്ലാത്തയാളാണ് ഞാൻ. ഒന്നാമത് ഞാൻ വളരെ വൾനറബിളാണ്. ചെറിയ കാര്യങ്ങൾക്കു പോലും വല്ലാതെ ടെൻഷനടിക്കും. പെട്ടന്നു കരച്ചിലൊക്കെ വരും. ഒരു ക്രൈസിസ്‌ അഭിമുഖീകരിക്കുന്നതിൽ പൊതുവേ പിന്നാക്കം.  ഭാര്യ നേരെ തിരിച്ചാണ്. ഒരുവിധം പ്രശനങ്ങളിലൊക്കെ ഉരുക്കു പോലെ നിന്നുകളയും. കരയുന്നതൊക്കെ അപൂർവമായേ കണ്ടിട്ടുളളൂ. (സിനിമ കാണുമ്പോളൊഴിച്ച്!)

വീട്ടിലാണെങ്കിൽ അൽപസ്വൽപം വയറിങ്, പ്ലമ്പിങ്, മറ്റ് അറ്റകുറ്റപ്പണികൾ ഇതിലൊക്കെ അവൾ ഉസ്താദാണ്. ഞാൻ ഒരു ആണിയടിച്ചാൽ പോലും ആ പ്രദേശം മുഴുവൻ വൃത്തികേടാവും. ടൂൾസ് എടുത്തു കൊടുക്കൽ, സ്റ്റൂൾ പിടിച്ചു കൊടുക്കൽ ഇതൊക്കെയാണ് എന്റെ പണി. കൂടുതൽ കായബലം വേണ്ട കാര്യങ്ങളിൽ മാത്രമാണ് ഞാൻ മുന്നിൽ നിൽക്കേണ്ടത്. നാട്ടിലെത്തിയാൽ അവളുടെ വക പറമ്പിൽ ഒരു റെയ്ഡുണ്ട്. കാട്ടിലും മുള്ളിലുമൊക്കെ ചാടി മറിഞ്ഞ് എന്തെങ്കിലുമൊക്കെ പെറുക്കിക്കൊണ്ട് വരും. എനിക്കാണെങ്കിൽ പറമ്പിൽ ഇറങ്ങാനേ ഇഷ്ടമല്ല. വല്ല പാമ്പുമുണ്ടെങ്കിലോ?

എന്റെ സാമ്രാജ്യം അടുക്കളയാണ്. അടുക്കളയുടെ മണമാണെനിക്ക് മിക്കപ്പൊഴും. പാചകം ചെയ്യുന്നത് ധ്യാനം പോലെ റിലാക്സിങ്ങാണെനിക്ക്. അവളാണെങ്കിൽ വേറെ നിവൃത്തിയില്ലെങ്കിലേ പാചകം ചെയ്യാറുള്ളൂ.

ഭാര്യയെ 'ആണത്തത്തിന്റെ'  നിഴലിൽ സംരക്ഷിച്ചു നിർത്തുന്ന സിനിമ സ്റ്റൈൽ ഭർത്താവുമല്ല ഞാൻ. ഒരാളോട് കടുപ്പിച്ചെന്തെങ്കിലും പറയാനെനിക്കു വലിയ ബുദ്ധിമുട്ടാണ്. അവളാണെങ്കിൽ ആരുടെ മുഖത്തു നോക്കിയും കാര്യം പറയാൻ ചങ്കൂറ്റമുള്ളയാളും. ദേഷ്യം വന്നാൽ ഒന്നാന്തരം തീപ്പൊരി. ശരിക്കും അവളാണെന്റെ റോക്ക്. അവളുടെ നെഞ്ചത്തു തലവച്ച്, ദേഹത്തു കാലും കയറ്റി വച്ചു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം വേറെ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.

നീ 'ഭർത്താവാണോ അതോ ഭാര്യയാണോ ' എന്നു പലരും ചോദിച്ചിട്ടുണ്ട്. ഇതുവരെ ഒരു തരി പോലും വിഷമം തോന്നിയിട്ടില്ല, 'ആരായാൽ നിങ്ങക്കെന്താ' എന്നാരോടും തിരിച്ചു ചോദിക്കാത്തതിലല്ലാതെ. പി ജി എൻട്രൻസിനു തയ്യാറെടുക്കുമ്പോൾ ഒരു വർഷം മുഴുവൻ അവളാണെന്നെ പണിയെടുത്തു പോറ്റിയത്. പി ജി കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷനല്ലാതെ, ഒരിക്കൽ പോലും ഭാര്യയുടെ ചിലവിൽ കഴിയുന്നതിൽ നാണക്കേടു തോന്നിയിട്ടില്ല.

ഉപദേശമൊന്നുമല്ല, എന്നാലും 'പെൺകോന്തന്മാരായ' ഭർത്താക്കന്മാരോടും 'മീശയുള്ള' ഭാര്യമാരോടും പറയട്ടെ. ചക്കരകളേ, നിങ്ങളൊരു ടീമാണ്. അതിൽ നിങ്ങളെന്തു റോളെടുക്കുന്നു, എന്തൊക്കെ ജോലികൾ ചെയ്യുന്നു എന്നൊക്കെ തീരുമാനിക്കേണ്ടത് നിങ്ങളാണ്. പുറത്തിരുന്നു കമന്ററി പറയുന്നവരല്ല. നിങ്ങൾ സന്തോഷമായിരിക്കണം, ടീം ജയിക്കണം. അത്രേ ഉളളൂ.

പരസ്പരം താങ്ങാവുക, കമ്പ്ലീറ്റ് ചെയ്യുക. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേട്ടിട്ടില്ലേ? അതുപോലെ. അപ്പൊ കാറ്റും മഴയും ഒരുമിച്ചു വന്നാൽ എന്തു ചെയ്യുമെന്നല്ലേ? ദേഹത്തിരിക്കുന്ന മണ്ണാങ്കട്ടയെ കരിയില വട്ടം ചുറ്റി, കെട്ടിപ്പിടിക്കും. പിന്നല്ല!",

ഇതാണ് മീശയുള്ള പെൺകുട്ടികളും മീശയുള്ള ആൺകുട്ടികളും കൂടി തീർക്കുന്ന പുതിയ ലോകം. മീശ എന്നത് ആൺബോധത്തിന്റെ പ്രതീകമായും അത് ചുരുട്ടി വയ്ക്കുന്നത് ആണത്തത്തിന്റെയും പ്രതീകമായി കണ്ടിരുന്ന കാലത്തിൽ നിന്നാണ് ആണും പെണ്ണും എന്നല്ലാതെ പരസ്പരം ഉൾക്കൊണ്ട് കൊണ്ട്  മീശ മീനാക്ഷിമാരായി പെൺകുട്ടികളും അവർക്കൊപ്പം നിന്ന് കൊണ്ട് പരസ്പരം ബാലൻസ് ചെയ്തു കൊണ്ട് ആൺകുട്ടികളും അരങ്ങു തകർക്കുന്നത്. ദിവാകൃഷ്ണന്റെ മീശ മീനാക്ഷിയിലും മീനാക്ഷിയ്ക്ക് അവളുടെ പ്രണയം ലഭിക്കുന്നുണ്ട്. പ്രണയിക്കുന്ന പെൺകുട്ടിക്ക് മീശയുണ്ട് എന്നത് ഒട്ടും ബുദ്ധിമുട്ടായി തോന്നാത്ത ഒരാൾ. അവളുടെ "ആണത്തം" അംഗീകരിച്ചു കൊടുത്ത ഒരാൾ. സമൂഹം പലപ്പോഴും അത്തരക്കാരെ വിളിക്കുന്ന ഒരു പേരുണ്ട്, ഡോക്ടർ ജുവൽ ജോസഫ് പറഞ്ഞത് പോലെ "പെങ്കോന്തൻ", പക്ഷെ പരസ്പരം ഉൾക്കൊണ്ട് കൊണ്ട് ബാലൻസിംഗ് ആയി പോകുന്ന ദാമ്പത്യങ്ങൾ, അല്ലെങ്കിൽ പ്രണയങ്ങൾ എത്ര മനോഹരമായിരിക്കുമെന്നു അത് അനുഭവിച്ചവർക്ക് മാത്രമല്ലെ അറിയൂ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com