ADVERTISEMENT

പലതരത്തിലുള്ള സംരംഭങ്ങൾ തുടങ്ങി ജീവിത വിജയം നേടിയ നിരവധി പേർ നമുക്കു ചുറ്റിലുമുണ്ട്. എന്നാൽ ഇങ്ങനെ ഒരു വനിതാ സംരംഭകയെ കുറിച്ച് നമ്മളാരും ഇതുവരെ ചിന്തിച്ചുപോലും കാണില്ല. ഓൺലൈൻ വിപണിയിൽ ഇന്ന് ലഭിക്കാത്ത വസ്തുക്കൾ വളരെ വിരളമായിരിക്കും. എന്നാൽ അത്യപൂർവമായ ഉത്പന്നവുമായാണ് ജൂലി ഡെന്നിസ് എന്ന യുവതി വിപണിയിലെത്തുന്നത്. തന്റെ മുലപ്പാൽ ആവശ്യക്കാർക്ക് വിൽക്കാനുള്ള നീക്കവുമായാണ് ജൂലി എത്തിയത്.യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം.  2019ൽ തുടങ്ങിയ സംരംഭത്തിൽ 14 ലക്ഷം രൂപയിലധികം സമ്പാദിക്കാൻ കഴിഞ്ഞതായി ജൂലി പറയുന്നു. 

ഇത് കൂടാതെ സ്വന്തം ഗർഭപാത്രം വാടകയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട് ജൂവി. 2019 ഓഗസ്റ്റിൽ ഒരു ദമ്പതികൾക്കായി ജൂലി കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന് ആറുമാസം പ്രായമായപ്പോൾ ജൂലി കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറുകയും ചെയ്തു. കുഞ്ഞിനെ കൈമാറിയതോടെ മുലപ്പാലിന്റെ ആവശ്യം ഇല്ലാതായി. ഇതോടെ പാൽ വിൽക്കാനും തീരുമാനിച്ചു. പാൽ ഉൽപാദിപ്പിക്കുന്നത് ഒരു മുഴുസമയ ജോലിയാണെന്നാണ് ജൂലി പറയുന്നത്. അതുകൊണ്ടു തന്നെ ന്യായമായ വില വാങ്ങാനും തീരുമാനിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. ഒരു കുഞ്ഞിനായി ജൂലിയുടെ ഗർഭപാത്രം വാടകയ്ക്കെടുക്കാൻ ചില ദമ്പതികൾ സമീപിച്ചിരുന്നു. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ജൂലി പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളി‍ൽ അപമാനങ്ങൾ നേരിട്ടതായും അവർ വ്യക്തമാക്കി. 

വ്യത്യസ്തമായ ഈ തീരുമാനത്തെ പറ്റി ജൂലി പറയുന്നത് ഇങ്ങനെ: ‘എനിക്ക് ആരോഗ്യമുള്ള ഒരു ഗർഭപാത്രവും ധാരാളം പാലും ഉണ്ട്. ഞാൻ അത് ഉപയോഗിക്കുന്നു. അതിൽ എന്താണ് തെറ്റ്? പൂർണമായും ഇതൊരു ലാഭക്കച്ചവടവും അല്ല.’ എന്നാൽ തീർത്തും സൗജന്യമായി ലഭിക്കുന്ന സാധനത്തിന് എന്തിനാണ് ഇത്രയും  പണം വാങ്ങുന്നതെന്നായിരുന്നു പലരുടെയും ചോദ്യം. ഇതിന്റെ പേരില്‍ ജൂലിയെ പരിഹസിക്കുന്നവരും കുറവല്ല. എന്നാൽ ഒരുപാട് സമയമെടുത്ത് നടക്കുന്ന ജോലിയാണെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയം പോലും ജോലിക്കായി മാറ്റി വയ്ക്കാറുണ്ടെന്നും അവർ വ്യക്തമമാക്കി. മാത്രമല്ല,  ഉപയോഗത്തിനു ശേഷം പമ്പിങ് യന്ത്രത്തിന്റെ ഭാഗങ്ങൾ വൃത്തിയാക്കാനും പാൽ പ്ലാസ്റ്റിക്ക് ബാഗുകളിൽ നിറയ്ക്കാനും അണുമുക്തമാക്കാനും ഒരുപാട് സമയവും പണവും ചിലവഴിക്കേണ്ടി വരുന്നതായും അവർ വ്യക്തമാക്കി. 

‘കുഞ്ഞുങ്ങളുടെ ഭക്ഷണം കടകളിൽ നിന്നും സൗജന്യമായി നമുക്ക് ലഭിക്കാറില്ല. പിന്നെ എന്തിനാണ് മുലപ്പാൽ മാത്രം സൗജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്? അതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ചിലവഴിക്കുന്ന പണത്തിനും സമയത്തിനും ഈ വേതനം കുറവാണ്. പരമാവധി എട്ടാഴ്ചയോളം മാത്രമാണ് പമ്പിങ് ഉപകരണത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുക. അതിനു ശേഷം പുതിയവ ഘടിപ്പിക്കണം. കൂടാതെ ബാഗുകളുടെ വിലയടക്കം കയ്യിൽ നിന്നാണ് നൽകുന്നത്.’ ജൂലി പറയുന്നു. 

മിനിമം 443 ലിറ്റർ പാൽ ഓരോ മാസവും ജൂലി ശേഖരിക്കും. ഫ്രീസറിൽ  സൂക്ഷിക്കുന്ന പാൽ ഐസ് ബോക്സിലാക്കി ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. ഈ ബിസിനസിൽ തനിക്കുണ്ടായ മോശം അനുഭവങ്ങളും ജൂലി പറയുന്നുണ്ട്. ‘ചില പുരുഷൻമാർ എന്നോട് മോശമായി പെരുമാറി. പാൽ എന്റെതാണെന്ന് ഉറപ്പു വരുത്താനായി വിഡിയോയും ഫോട്ടോകളും അയക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. സോഷ്യൽ മീഡിയയിലൂടെ പരസ്യം നൽകിയാണ് ജൂലി കച്ചവടം ആരംഭിച്ചത്. 

English Summary: Florida Mom Earns More Than $20,000 Selling Her Breast Milk Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com