ADVERTISEMENT

ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ അനൗപചാരിക തൊഴിലാളികളായി പരിഗണിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശത്തിന് പിന്തുണയ്ക്കൊപ്പം എതിര്‍പ്പും വ്യാപക പ്രതിഷേധവും. കോവിഡ് പശ്ചാത്തലത്തില്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഇക്കഴിഞ്ഞ ഏഴാം തീയതി കമ്മിഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വിവാദ നിര്‍ദേശം ഉണ്ടായിരുന്നത്. സാമൂഹിക പ്രവര്‍ത്തകയും പ്രോജ്വല എന്ന സംഘടനയുടെ സ്ഥാപകയുമായ സുനിത കൃഷ്ണന്‍, കമ്മിഷന്‍ നിര്‍ദേശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ, പതിനായിരത്തോളം ലൈംഗിക തൊഴിലാളികളും ആയിരത്തോളം ഫെമിനിസ്റ്റ് പ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. 

കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യധാരയില്‍ നിന്നു മാറ്റപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തവരെ സംരക്ഷിക്കുകയും അവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കാന്‍ നിര്‍ദേശിച്ചത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്രവും ലൈംഗിക തൊഴിലാളികളെ അംഗീകരിച്ചാല്‍ അവര്‍ക്കും അനുകൂല്യം ലഭിക്കും എന്നതാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. ആരോഗ്യ സേവനങ്ങള്‍ അവര്‍ക്കും ലഭിക്കുന്നതിനൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കു പങ്കാളികളുമാകാന്‍ കഴിയും എന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലൈംഗിക പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും ഭരണഘടനാ പരമായ അവകാശങ്ങള്‍ ലഭിക്കുന്നത് സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കുമെന്ന് ചില സംഘടനകളും ചൂണ്ടിക്കാട്ടി. എന്നാല്‍ ശക്തമായ എതിര്‍പ്പുമായി സുനിത കൃഷ്ണന്‍ രംഗത്തെത്തി. 2016 ല്‍ പത്മശ്രീ നേടിയ, ഹൈദരാബാദ് ആസ്ഥാനമായ ലൈംഗിക പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി പ്രോജ്വല എന്ന സംഘടന നടത്തുന്ന സുനിത കൃഷ്ണന്‍ ലൈംഗിക അടിമത്വം സ്ത്രീകളില്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തിക്കുന്നത്. 

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 23,000 ല്‍ അധികം ലൈംഗിക പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കുന്നതില്‍ വിജയകരമായ നേതൃത്വം നല്‍കാന്‍ സുനിതയുടെ പ്രോജ്വല എന്ന സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് സുനിത ഉയര്‍ത്തുന്നത്. തന്റെ കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തന കാലയളവില്‍ ഒരു സ്ത്രീ പോലും സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ജോലിയില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് കമ്മിഷന് എഴുതിയ തുറന്ന കത്തില്‍ സൂനിത ചൂണ്ടിക്കാട്ടുന്നു. 

‘ലൈംഗിക പ്രവര്‍ത്തനത്തിനു പകരമായി സ്ത്രീകള്‍ക്ക് ഉല്‍പാദനപ്രദമായ ജോലികള്‍ കണ്ടെത്തിക്കൊടുക്കാന്‍ കഴിയാത്തത് നമ്മുടെ ഭാഗത്തുണ്ടായ വലിയ വീഴ്ചകളിലൊന്നാണ്. അനാശാസ്യ നിയമം തടയുന്ന വകുപ്പുകള്‍ വ്യക്തമായി പറയുന്നത് വേശ്യാവൃത്തി കുറ്റകരമാണെന്നാണ്. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ പരസ്പര സമ്മതത്തോടെ ഏര്‍പ്പെടുന്നില്ലെങ്കില്‍ ലൈംഗിക പ്രക്രിയ പീഡനം തന്നെയാണ്. പണത്തിനുവേണ്ടി നടത്തുന്ന ലൈംഗിക പ്രവര്‍ത്തനവും നമ്മുടെ നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യാ ഗവണ്‍മെന്റ് ഇതുവരെ ലൈംഗിക പ്രവര്‍ത്തനത്തെ ഒരു ജോലിയായി അംഗീകരിച്ചിട്ടില്ല- സുനിത ചൂണ്ടിക്കാട്ടുന്നു. 

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം അംഗീകരിക്കുക എന്നാല്‍ ലൈംഗിക പ്രവര്‍ത്തനത്തെ ജോലിയായി അംഗീകരിക്കുക എന്നാണര്‍ഥം. അതൊരിക്കലും അംഗീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോടും സുനിത അഭ്യര്‍ഥിക്കുന്നു. തന്റെ കത്ത് ട്വിറ്റിറില്‍ പോസ്റ്റ് ചെയ്തുകൊണ്ട് സുനിത കൃഷ്ണന്‍ എഴുതുന്നു: നിങ്ങള്‍ക്ക് വ്യക്തമായ ഒരു നയം ഉണ്ടെങ്കില്‍ അതു പരസ്യമായി ഉറക്കെ പ്രഖ്യാപിക്കേണ്ട സമയം ഇതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com