ADVERTISEMENT

വടക്കൻ ഇറാഖിലെ സിഞ്ചാർ ജില്ലയിൽ ഭർത്താവിനും നാലും ഒന്നരയും വയസ്സ് വീതമുള്ള രണ്ടു മക്കൾക്കുമൊപ്പം  കഴിയുന്നതിനിടെയാണ് ലൈല താലു എന്ന യസീദി വനിതയുടെ ജീവിതം നരക തുല്യമായ രീതിയിൽ മാറിമറിഞ്ഞത്.സമീപവാസികളായ സുഹൃത്തുക്കൾ തന്നെയാണ് ലൈലയേയും കുടുംബത്തെയും ഐഎസ് ഭീകരർക്ക് ഒറ്റുകൊടുത്തത്. 2014 ഓഗസ്റ്റിൽ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം  പതിനായിരക്കണക്കിന് യസീദികളെ പോലെ രക്ഷപ്പെടാനായി തുനിഞ്ഞെങ്കിലും മണിക്കൂറുകൾക്കകം ഐഎസ് ഭീകരരുടെ പിടിയിലാവുകയായിരുന്നു. പിടിയിലായ ഉടൻ തന്നെ ലൈലയെ ഭർത്താവിൽനിന്നും വേർപെടുത്തി കൊണ്ടുപോയി. പിന്നീടങ്ങോട്ടുള്ള യാതനകൾ ലൈല രഹസ്യമായി സൂക്ഷിച്ച ഡയറിക്കുള്ളിൽ കുറിച്ചുവച്ചു.

മൊസ്യൂളിലും തൽ അഫറിലും ബാദുഷ് ജയിലിലുമായി മാറിമാറി മാസങ്ങളോളം കുഞ്ഞുങ്ങളുമായി തടവിൽ കഴിയേണ്ടി വന്നു. ലൈലയും മക്കളും ശാരീരിക ഉപദ്രവങ്ങൾ നേരിടുകയും ദിവസങ്ങളോളം പട്ടിണി കടക്കേണ്ടി വരികയും ചെയ്ത ദിവസങ്ങളായിരുന്നു അത്. എട്ടു മാസക്കാലം ഇത്തരം കൊടിയ പീഡനങ്ങൾക്ക് ശേഷം ശാരീരികമായി അവശനിലയിലായ സമയത്ത് ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലേക്ക് മാറ്റി. നൂറുകണക്കിന് യസീദി സ്ത്രീകളെ വലിയ ബസ്സിനുള്ളിൽ തിക്കിക്കയറ്റിയായിരുന്നു റാഖയിലേക്ക് കൊണ്ടുപോയത്. മൃഗങ്ങളോട് പെരുമാറുന്നതിലധികം ക്രൂരമായിരുന്നു തങ്ങളോടുള്ള ഭീകരരുടെ പെരുമാറ്റം എന്ന് ലൈല ഓർത്തെടുക്കുന്നു. ആഹാരം നൽകുന്നതിനൊപ്പം ഒപ്പം മർദ്ദനങ്ങളും പതിവായിരുന്നു.

40 ദിവസത്തോളം റാഖയിൽ  തടവിൽ പാർപ്പിച്ച ശേഷം അൽനൂറിലുള്ള  ഒരു ഐഎസ് നേതാവിന്റെ വീട്ടിലേക്കാണ് ലൈലയേയും മക്കളെയും പിന്നീട് കൊണ്ടുപോയത്. ശാരീരികബന്ധത്തിന് വഴങ്ങാത്തതിനെത്തുടർന്ന് നാൽപതുകാരനായ ആ മനുഷ്യൻ തന്നെ കെട്ടിയിട്ട് ചാട്ടവാറിനടിക്കുകയും ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ലൈല പറയുന്നു. പിന്നീട് അയാൾ മുസോളിൽ നിന്നുള്ള ഒരു വ്യക്തിക്ക് തന്നെ വിറ്റു. പലതവണ പീഡിപ്പിച്ച്  മതിയായ ശേഷം അയാൾ പണത്തിനുവേണ്ടി മറ്റൊരാൾക്ക് തന്നെ മറിച്ചു വിൽക്കുകയാണ് ചെയ്തത്. അവിടെയും സ്ഥിതി വിപരീതമായിരുന്നില്ല. ഇതിനിടെ താൻ ഗർഭിണിയായെങ്കിലും ഗർഭം അലസിപ്പിക്കുകയും ചെയ്തു. തങ്ങളെ 'സ്പഗെറ്റി' എന്നായിരുന്നു അയാൾ വിശേഷിപ്പിച്ചിരുന്നത്. ജീവിതകാലം മുഴുവൻ അടിമകളായി ജീവിക്കേണ്ടവരാണ് യസീദികൾ എന്നും മരണം അല്ലാതെ മറ്റൊന്നും തങ്ങൾ അർഹിക്കുന്നില്ല എന്നും നിരന്തരം അവർ പറഞ്ഞുകൊണ്ടിരുന്നു.

പിന്നീട് പുറംലോകവുമായി ബന്ധമില്ലാതെ ഒരു കുടുസുമുറിയിൽ ലൈലയേയും മക്കളെയും പാർപ്പിച്ചു. സൗദിയിൽ നിന്നുള്ള ഒരു വ്യക്തിയായിരുന്നു ആ സമയം ലൈലയുടെ ഉടമസ്ഥൻ. ക്രൂര പീഡനങ്ങൾക്കൊടുവിൽ രണ്ടാമതും  ലൈല ഗർഭിണിയായെങ്കിലും നിർബന്ധപൂർവ്വം അതും അലസിപ്പിച്ച് കളയുകയാണ് ചെയ്തത്. പിന്നീട് തന്നെ വാങ്ങിയ ലബനീസുകാരൻ ഡച്ച്കാരിയായ അയാളുടെ  ഭാര്യയുടെ സഹായത്തോടെയാണ് ശാരീരിക പീഡനത്തിന് ഇരയാക്കിയത്. ആ സമയത്ത് മറ്റു പലർക്കും അയാൾ തന്നെ കാഴ്ചവെക്കുകയും ചെയ്തതായി ലൈല ഡയറിയിൽ  കുറിച്ചിട്ടുണ്ട്. ഇക്കാലമത്രയും ഭർത്താവിന്റെയോ ബന്ധുക്കളുടെയോ യാതൊരു വിവരവും ഇല്ലാതെയാണ്  ഇവർ കഴിഞ്ഞത്. രണ്ടുവർഷത്തിനുശേഷം ഇരുപതിനായിരം ഡോളർ നൽകാമെന്ന കരാറിലാണ് ലൈലയെ ഭീകരർ മോചിപ്പിച്ചത്.

തിരികെയെത്തിയ ആദ്യകാലങ്ങളിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ചാൽ സമൂഹം അത് എങ്ങനെ നോക്കി കാണും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പലരും അനുഭവങ്ങൾ തുറന്നു പറഞ്ഞു തുടങ്ങിയതോടെയാണ്  തന്റെ യാതനകൾ പങ്കുവയ്ക്കാൻ ലൈലയും തയ്യാറായത്. താൻ കുറിച്ചിട്ട രേഖകൾ എന്നെങ്കിലും അധികൃതർക്ക് കൈമാറാനാകുമെന്ന പ്രതീക്ഷയും ലൈല പങ്കുവയ്ക്കുന്നു.

റാഖയിൽ ഉണ്ടായിരുന്ന സമയത്ത് താനും മറ്റു യസീദി സ്ത്രീകളും നേരിട്ട ഭീതിജനകമായ അവസ്ഥകളെല്ലാം ലൈല ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരർ ഡയറി കണ്ടിരുന്നെങ്കിൽ തന്റെയും മക്കളുടെയും ജീവൻ അപകടത്തിലാകുമായിരുന്നു എന്ന് ലൈല പറയുന്നു. എന്നാൽ തങ്ങൾ അനുഭവിച്ച കൊടിയ പീഡനങ്ങൾ അടുത്ത തലമുറ അറിയണം എന്ന തോന്നലാണ് ഡയറിക്കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ അവരെ പ്രേരിപ്പിച്ചത്. ഐഎസ് ഭീകരരുടെ കൈയ്യിൽ നിന്നും താനും മക്കളും ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ് എന്ന ഉറച്ച വിശ്വാസത്തിലാണ് ലൈല.

English Summary: Sold, whipped and raped: A Yazidi woman remembers ISIL captivity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com