ADVERTISEMENT

പ്രിയപ്പെട്ട പാട്ട് കേട്ടപ്പോള്‍ ചലിക്കാതിരിക്കാന്‍ ആയില്ല ആ നര്‍ത്തകിക്ക്. കൈകളും കാലുകളും ഇളക്കാനും പൊയ്പ്പോയ നല്ല കാലത്തെന്നപോലെ നൃത്തം ചെയ്യാതിരിക്കാനും. ഒരു നിമിഷം മറവി രോiത്തെപ്പോലും മറന്ന് അവര്‍ വീല്‍ ചെയറില്‍ മുന്‍കാല നൃത്തച്ചുവടുകള്‍ അനുകരിച്ചതോടെ അത്ഭുതപ്പെട്ടുപോയത് ഡോക്ടര്‍മാരും നഴ്സുമാരും ബന്ധുക്കളും മാത്രമല്ല ലോകം മുഴുവന്‍.

മാര്‍ത്ത സി ഗോണ്‍സാലസ് എന്ന നര്‍ത്തകിയുടെ കഥയാണിത്. നല്ല കാലം പോയതോടെ ജീവിതത്തിന്റെ അസ്തമയത്തില്‍ പിന്നിട്ട കാലം ഓര്‍ത്തെടുത്ത സ്ത്രീയുടെയും. പ്രമുഖ ബോളിവുഡ് ചലച്ചിത്രകാരന്‍ ഫര്‍ഹാന്‍ അക്തര്‍ ഷെയര്‍ ചെയ്ത വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായി, വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. 

അജ്ഞാതനായ ഒരാളില്‍ നിന്നുമാണ് ഫര്‍ഹാന്‍ അക്തറിന് വിഡിയോ ലഭിക്കുന്നത്. അതു കണ്ടതോടെ ഷെയര്‍ ചെയ്യാതിരിക്കാന്‍ വയ്യ എന്ന സ്ഥിതിയിലായി അദ്ദേഹം. അങ്ങനെ അദ്ദേഹമത് ലോകത്തുനുവേണ്ടി പങ്കുവച്ചു. 

1960 കളിലെ പ്രശസ്ത ബാലെ നര്‍ത്തകിയായിരുന്ന മാര്‍ത്ത സി ഗോണ്‍സാലസ് ആയിരുന്നു വിഡിയോയില്‍. പ്രായമേറിയതോടെ മറവി രോഗത്താല്‍ കഷ്ടപ്പെടുന്ന മാര്‍ത്ത സ്പെയിനിലെ വലെന്‍സിയയില്‍ ഒരു പരിചരണ കേന്ദ്രത്തില്‍ ജീവിതത്തിന്റെ അസ്തമയം പിന്നിടുമ്പോള്‍ എടുത്ത വിഡിയോ. വീല്‍ചെയറില്‍ മാര്‍ത്ത ഇരിക്കുമ്പോള്‍ സ്വാന്‍ ലേക് എന്ന നൃത്ത ശില്‍പത്തില്‍നിന്നുള്ള വരികള്‍ മറ്റൊരാള്‍ അവരെ കേള്‍പ്പിക്കുന്നു. പെട്ടെന്നുതന്നെ ആ ഈണവും താളവും അവര്‍ക്ക് ഓര്‍മിച്ചെടുക്കാനായി. രോഗത്തിന്റെ അവശതകള്‍ മറന്ന് മാര്‍ത്ത തന്റെ കൈകള്‍ ചലിപ്പിച്ചു. ദേഹവും ചുണ്ടുകളും. 

വിഡിയോ കണ്ടിട്ട് മാര്‍ത്തയെ കാണണം എന്ന് എത്ര തീവ്രമായി ആഗഹിച്ചിട്ടും കാര്യമില്ല. കഴിഞ്ഞ വര്‍ഷം നൃത്തവും ജീവിതവുമെല്ലാം അവര്‍ ഉപക്ഷിച്ച് മരണത്തിന്റെ കൈ പിടിച്ചു. എന്നാല്‍ വിഡിയോ ഇപ്പോഴാണു ലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. അതിനു നിമിത്തമായതു ഫര്‍ഹാന്‍ അക്തറും. 

വിഡിയോ കണ്ട് മാര്‍ത്തയുടെ യഥാര്‍ഥ നൃത്തപ്രകടനം കാണണം എന്നാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഫര്‍ഹാന്‍ അവരുടെ ചില പ്രശസ്ത വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. യൗവ്വനത്തില്‍ അവര്‍ സന്തോഷത്തോടെ നൃത്തം ചെയ്ത മാസ്മരിക പ്രകനടങ്ങള്‍. 

ജീവിതത്തില്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയുന്ന ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണിത്. എനിക്ക് ഈ വിഡിയോ അയച്ചുതന്ന വ്യക്തിയോട് ഞാന്‍ നന്ദി പറയുന്നു. എന്റെ ദിവസങ്ങള്‍ സന്തോഷമുള്ളതാക്കിയതിനും. ലോകത്തെ പ്രശസ്ത നര്‍ത്തകിമാരില്‍ ഒരാളുടെ ജീവിത അസ്തമയത്തിലെ വിഡിയോ ആണിത്. ഇക്കഴിഞ്ഞ വര്‍ഷമാണ് ഈ വിഡിയോ ചിത്രീകരിച്ചത്- വിഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ ഫര്‍ഹാന്‍ എഴുതി. 

വിഡിയോ കണ്ട് വിതുമ്പിയവരില്‍ ഫര്‍ഹാന്റെ കാമുകി ഷിബാനി ദണ്ടേക്കര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.  സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശക്തി എന്ന വിശേഷണവുമായി പലരും വിഡിയോയ്ക്ക് ഇഷ്ടം രേഖപ്പെടുത്തുകയാണ്.

English Summary: Ballet dancer suffering from Alzheimer's remembers choreography. Farhan Akhtar shares viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com