sections
MORE

ലണ്ടന്‍ ടവറില്‍ വച്ച് പരസ്യമായി കഴുത്തറുത്ത് കൊല്ലപ്പെട്ട ആൻ; ആ ജീവിത കഥ വിവാദത്തിൽ

BRITAIN-ENTERTAINMENT-FILM-AWARDS-BAFTA
ആൻ ബോൾയന്റെ ജീവിതകഥയിൽ നായികയാകുന്ന ജൂഡി ടർണർ സ്മിത്ത്
SHARE

പതിനാറാം നൂറ്റാണ്ടില്‍ ബ്രിട്ടനിലെ രാജാവ് ഹെന്‍‌റി എട്ടാമന്‍ സ്വന്തം ഭാര്യയില്‍ ആരോപിച്ചത് വിശ്വാസവഞ്ചന എന്ന കുറ്റമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജീവനോടെ അഗ്നിക്കിരയാകേണ്ട വിശ്വാസവഞ്ചനയാണ് ഭാര്യയായ ആന്‍ ബോള്‍യന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ആധുനിക ചരിത്രകാരന്‍മാര്‍ ഈ അഭിപ്രായത്തെ അനുകൂലിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ രാജ്ഞിയുടെ ഭാഗത്തുനിന്നു കണ്ടുപിടിക്കാവുന്ന ഒരേയൊരു തെറ്റ് അവര്‍ക്ക് ഒരു മകന്‍ ജനിച്ചില്ല എന്നതുമാത്രമാണ്. രാജവംശത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പുരുഷനെ പ്രസവിച്ചില്ല എന്നത്. എന്നാല്‍ 1536 മേയ് 19 ന് ലണ്ടന്‍ ടവറില്‍ വച്ച് പരസ്യമായി ആനിനെ തലയറുത്തു കൊന്നു. യഥാര്‍ഥത്തില്‍ അവര്‍ ഒരു വെളുത്ത വര്‍ഗക്കാരിയായിരുന്നു എന്ന വസ്തുതയും ഇന്ന് വെളിച്ചത്തുവന്നിരിക്കുന്നു. 

ഇപ്പോള്‍ ആന്‍ ബോള്‍യന്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമുണ്ട്. ഇക്കഴിഞ്ഞ ദിവസം ചാനല്‍ 5 ആനിനെക്കുറിച്ച് പ്രഖ്യാപിച്ച മനഃശ്സാത്ര പരമ്പരയില്‍ അവരുടെ വേഷം ചെയ്തത് ഒരു കറുത്ത വര്‍ഗക്കാരിയായ ജോണി ടേണര്‍ സ്മിത്താണ്. അതോടെ ആനിക്ക് അനുകൂലമായും പ്രതികൂലമായുമുള്ള ചര്‍ച്ചകളും സജീവമായി. 

ചരിത്രം പറയുന്നത് ഒരു പ്രഭുവിന്റെ സുന്ദരിയും ബുദ്ധിമതിയുമായ മകളായിരുന്നു ആന്‍ എന്നാണ്. യാദൃഛികമായി അവര്‍ ഹെന്‍‌റി എട്ടാമന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍ രാജാവ് താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മറ്റു സ്ത്രീകളില്‍ നിന്നു വ്യത്യസ്തയായി ആന്‍ ചെറുത്തുനിന്നു. കാരണം പല ഭാര്യമാരില്‍ ഒരാളാകുക എന്നതായിരുന്നില്ല ആനിന്റെ ലക്ഷ്യം. മറിച്ച് വിശ്വസ്തയായ ഒരു ഭാര്യയാകുക എന്നതായിരുന്നു. എന്നാല്‍ ആനില്‍ ആസക്തനായ രാജാവ് സ്വന്തം ആഗ്രഹത്തില്‍നിന്നു പിന്‍മാറിയില്ല. അപവാദ പ്രചാരണം സൃഷ്ടിച്ച് അദ്ദേഹം സ്വന്തം ഭാര്യ കാതറിനെ ഉപേക്ഷിച്ച് ആനിനെ വിവാഹം കഴിച്ചു. കാതറിനിലും രാജാവിന് ആണ്‍കുട്ടി ഉണ്ടായിരുന്നില്ല. 

കാതറിനെപ്പോലെ ജനങ്ങള്‍ക്ക് പ്രിയങ്കരിയായ രാജ്ഞിയായ മാറാനൊന്നും ആന്‍ ശ്രമിച്ചില്ല. ആനിന് ഫാഷന്‍ ഭ്രമമായിരുന്നു. യൗവനത്തില്‍ അനേക വര്‍ഷങ്ങള്‍ ചെലവിട്ട ഫ്രാന്‍സില്‍നിന്നുള്ള രീതികളാണ് അവര്‍ കൊട്ടാരത്തിലും പിന്തുടര്‍ന്നത്. രാജാവ് മറ്റു സ്ത്രീകളിലും കണ്ണുവയ്ക്കുന്നതു തുടര്‍ന്നതോടെ ആനിന്റെ കഷ്ടകാലവും തുടങ്ങി. 

മൂന്നു വര്‍ഷത്തിനുശേഷം ആന്‍ കുറ്റാരോപിതയായി; വിശ്വാസവഞ്ചനയുടെ പേരില്‍. ലണ്ടന്‍ ടവറില്‍ അവരെ തടവിലാക്കി. വിചാരണ നടത്തിയ വിധികര്‍ത്താക്കള്‍ ആസക്തി നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സ്ത്രീയായാണ് ആനിനെ മുദ്രകുത്തിയത്. എന്നാല്‍ ആരോപണം അവര്‍ നിഷേധിച്ചു. 

ഈ വര്‍ഷം ഒക്ടോബറില്‍ കണ്ടെടുത്ത ഒരു ചരിത്രരേഖ പറയുന്നത് ആനിന്റെ മരണം ഉറപ്പാക്കാന്‍ ഹെന്‍‌റി രാജാവ് ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ്. പിന്നീട് നാലു തവണ കൂടി രാജാവ് വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ ഓരോരുത്തരായി കുറ്റാരോപിതരായി കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ആനിന്റെ മകളാണ് ഒന്നാമത്തെ എലിസബത്ത് രാജ്ഞിയായി മാറിയത്. അവസാനകാലത്ത് സ്വന്തം മകളുടെ മികച്ച ഭാവി ഉറപ്പാക്കാന്‍വേണ്ടി ശ്രമിച്ച ആനിന്റെ ജീവിതമാണ് ചാനല്‍ 5 പരമ്പരയാക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ആശയം വിവാദമായിരിക്കുന്നു. 

ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നു എന്നതാണ് ഒരു ആരോപണം. വെളുത്ത വര്‍ഗക്കാരിയായ സ്ത്രീയെ പരമ്പരയില്‍ കറുത്ത നിറക്കാരിയായി ചിത്രീകരിച്ചു എന്നതാണ് രണ്ടാമത്തെ ആരോപണം. തര്‍ക്കങ്ങളും വിവാദങ്ങളും മുറുകുമ്പോഴും വ്യത്യസ്തയായ, സ്ത്രീകളുടെ വ്യക്തിത്വത്തിനും അന്തസ്സിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയിലും ആന്‍ ബോയ്‍ലന്റെ ജീവിതം ശ്രദ്ധേയമാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA