sections
MORE

ജന്മദിനം ആഘോഷമാക്കാനെത്തിയ റോജാസ്; പക്ഷേ, തടാകക്കരയിൽ കാത്തിരുന്നത്...!

swan-woman
കൊര്‍ഡോവ റോജാസ്. ചിത്രം∙ സോഷ്യല്‍ മീഡിയ
SHARE

യുഎസില്‍ താമസിക്കുന്ന എരിയല്‍ കൊര്‍ഡോവ റോജാസ് എന്ന യുവതി കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പ്രകൃതിയില്‍ മുഴുകി ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 30-ാം ജന്മദിനത്തിന്റെ തൊട്ടുതലേന്നുള്ള ദിവസം. ബൈക്കില്‍ ജമൈക്കയിലെ വന്യജീവി സങ്കേതത്തിനു സമീപം പോയി പക്ഷികള്‍ ആകാശത്തേക്കു പറന്നുയരുന്നതു കാണണമെന്നും റോജാസ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ദിവസം റോജാസിന് ഭ്രാന്തമായ ഓട്ടത്തിന്റേതായി. തനിക്കുവേണ്ടിയല്ല, ഒരു അരയന്നത്തെ രക്ഷിക്കാന്‍ വേണ്ടി. ഒടുവില്‍, മന്‍ഹാട്ടനിലെ പക്ഷികള്‍ക്കുവേണ്ടിയുള്ള ആശുപത്രിയില്‍ റോജാസിന്റെ ദിവസം അവസാനിച്ചു. എന്നാല്‍ ജന്‍മദിനത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ടുള്ള ദിവസം ഒരു അരയന്നത്തിനുവേണ്ടി ചെലവഴിക്കേണ്ടിവന്നതില്‍ റോജാസിന് ദുഃഖത്തേക്കാളേറെ സന്തോഷവും സംതൃപ്തിയും. 

ഒരു മൃഗമോ പക്ഷിയോ സഹായം ആവശ്യമുള്ള അവസ്ഥയിലാണെങ്കില്‍ ഞാന്‍ അവിടെ ഓടിയെത്തി രക്ഷിച്ചിരിക്കും എന്നും റോജാസ് ആത്മവിശ്വാസത്തോടെ പറയുന്നു. നദിക്കരയില്‍ ഒരു കൂട്ടം പക്ഷികളുടെ നടുക്ക് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു റോജാസ് കാണുമ്പോള്‍ അരയന്നം. പക്ഷികളെയും മൃഗങ്ങളെയും പരിചരിക്കുന്ന കോഴ്സ് പഠിച്ചിട്ടുള്ള വ്യക്തിയാണ് റോജാസ്. അതുകൊണ്ടുതന്നെ താന്‍ അടുത്തു ചെന്നിട്ടും അരയന്നം അനങ്ങാതിരുന്നപ്പോള്‍തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായി. 

റോജാസ് തന്റെ ജാക്കറ്റ് ഊരി അരയന്നത്തെ അതില്‍ പൊതിഞ്ഞു. കുറേദൂരം അകലെയായിരുന്നു അവര്‍ ബൈക്ക് നിര്‍ത്തിയിരുന്നത്. അവിടം വരെ പക്ഷിയുമായി റോജാസ് നടന്നു. പക്ഷിക്ക് ഏതാണ്ട് 17 പൗണ്ട് വരെ തൂക്കമുണ്ടായിരുന്നു. ഇതിനിടെയാണ് സെപ്ക്റ്റര്‍ എന്നയാള്‍ റോജാസിനെ കാണുന്നത്. അരയന്നവുമായി നടക്കുന്ന റോജാസിന്റെ ചിത്രങ്ങള്‍ അദ്ദേഹമാണു പകര്‍ത്തിയത്. ബൈക്കിനു സമീപം ചെന്നതിനു ശേഷം വിവിധ മൃഗാശുപത്രികളില്‍ റോജാസ് വിളിച്ചു. എന്നാല്‍ അവിടെനിന്നൊന്നും ആരും ആ സമയത്ത് റോജാസിനു സമീപത്ത് എത്താന്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ഒരു കാറില്‍ വന്ന ദമ്പതികള്‍ റോജാസിനെ സഹായിച്ചു. അവര്‍ ഹോവാര്‍ഡ് ബീച്ച് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. അവിടെനിന്ന് അവര്‍ റോജാസിനെയും അരയന്നത്തെയും ട്രെയിനില്‍ കയറ്റി. ഒടുവില്‍ വൈകുന്നേരത്തോടെ റോജാസ്, മന്‍ഹാട്ടനിലെ വൈല്‍ഡ് ബേര്‍ഡ് ഫണ്ട് എന്ന സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്നു. പക്ഷിക്ക് വിഷബാധയേറ്റതാണെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ അരയന്നത്തിനു ചികിത്സയും  ആരംഭിച്ചു. 

തന്റെ ഒരു ദിവസം വെറുതെ പോയി എന്ന് ഇപ്പോഴും റോജാസ് വിചാരിക്കുന്നില്ല. പകരം തന്നെക്കൊണ്ട് ഒരു പക്ഷിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞല്ലോ എന്നാശ്വാസത്തിലാണവര്‍.

English Summary: A woman walked, took a car and metro train to get a sick swan to a clinic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA