sections
MORE

വിവാഹവസ്ത്രത്തിൽ രോഷാകുലയായി യുവതിയുടെ ഇമെയിൽ; ചിരിപ്പിച്ച് കമ്പനിയുടെ മറുപടി

bride-woman
SHARE

വിവാഹ വസ്ത്രം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തതു ലഭിച്ചപ്പോള്‍ ചിത്രത്തില്‍ കണ്ടതുപോലെയല്ലെന്ന് ആരോപിച്ച് മെയ്ല്‍ അയച്ച യുവതിക്ക് ലഭിച്ച മറുപടി സൃഷ്ടിച്ചത് ആശ്വാസവും ഒപ്പം ചിരിയും. അമേരിക്കയില്‍ ലൂയിവില്ലെ എന്ന സ്ഥലത്തു നിന്നുള്ള ആരോഗ്യ പരിചരണ രംഗത്തു പ്രവര്‍ത്തിക്കുന്ന യുവതിയാണ് രസകരമായ സംഭവത്തിലെ കഥാപാത്രം. ഓബറി ഡ്യൂക്സ് എന്നാണു യുവതിയുടെ പേര്. 

‘രണ്ടാഴ്ച മുന്‍പാണ് എന്റെ വിവാഹ വസ്ത്രം ഓണ്‍ലൈനില്‍ എത്തിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം. ചിത്രത്തില്‍ കണ്ടതുപോലെയല്ലായിരുന്നു വേഷം. പെട്ടെന്നു തന്നെ വസ്ത്രം തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഞാന്‍ സ്ഥാപനത്തിന് മെയ്ല്‍ അയച്ചു. വേഷം ധരിച്ചുകൊണ്ടുള്ള എന്റെ ചിത്രവും ഞാന്‍ മെയ്‍ലില്‍ അയച്ചിരുന്നു. ഞാന്‍ ഓര്‍ഡര്‍ ചെയ്ത വസ്ത്രമല്ല എനിക്കു കിട്ടിയതെന്ന് തെളിയിക്കാനായിരുന്നു ചിത്രം കൂടി അയച്ചത്- ഓബറി പറയുന്നു. 

എന്നാല്‍ തനിക്കു ലഭിച്ച മറുപടി കൂടി ഓബറി പിന്നീട് പരസ്യമാക്കി. നിങ്ങള്‍ വസ്ത്രത്തിന്റെ ഉള്‍ഭാഗമാണ് പുറത്തു ധരിച്ചത്. ദയവുചെയ്ത് വസ്ത്രം ശരിയായി ധരിക്കൂ... എന്നായിരുന്നു ഓബറിക്കു ലഭിച്ച മറുപടി. 

വിവാഹ വസ്ത്രം ഉള്‍ഭാഗം പുറത്താക്കിയാണ് അയയ്ക്കുന്നത് എന്ന് താന്‍ എങ്ങനെ അറിയും എന്നാണ് ഓബറിയുടെ ചോദ്യം. എന്തായാലും വസ്ത്ര നിര്‍മാണ കമ്പനി ആവശ്യപ്പെട്ടതുപോലെ ശരിയായി വേഷം ധരിച്ചപ്പോള്‍ ഓബറിക്കു തൃപ്തിയായി. വേഷം വളരെ നല്ലതുതന്നെ എന്നാണ് ഓബറി പിന്നീട് അഭിപ്രായപ്പെട്ടത്. 

എത്രയൊക്കെ വിദ്യാഭ്യാസം നേടിയാലും ചിലപ്പോള്‍ നമുക്ക് സാമാന്യബോധം കുറവായിരിക്കും എന്നാണ് ഓബറിയുടെ ആശ്വാസം. വിദ്യാഭ്യാസം എത്രയുണ്ടെങ്കിലും കോമണ്‍ സെന്‍സ് ഇല്ലെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്നും ഓബറി തന്നെത്തന്നെ പഴിക്കുന്നു. 

16 മുതല്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറക്കമില്ലാതെ ജോലി ചെയ്തതാണ് തനിക്കുണ്ടായ പ്രശ്നമെന്നും അവര്‍ പിന്നീട് കണ്ടെത്തി. കോവിഡ് കാലത്ത് പ്രദേശത്തെ കടകളെല്ലാം അടഞ്ഞുകിടന്നതുകൊണ്ടാണ് ഓബറിക്ക് ഓണ്‍ലൈനില്‍ നിന്ന് വിവാഹ വസ്ത്രം ഓര്‍ഡര്‍ ചെയ്യേണ്ടിവന്നത്. എന്തായാലും സംഭവത്തില്‍ വിഷമിക്കേണ്ടതില്ലെന്നും ഇതൊക്കെ ആര്‍ക്കും പറ്റാവുന്ന അബദ്ധമാണെന്നും പലരും ഓബറിയെ സമൂഹ മാധ്യമങ്ങളിലൂടെ ആശ്വസിപ്പിച്ചു.

English Summary: Woman sends angry email to company over bridal gown, their reply has internet in splits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA