ADVERTISEMENT

ശാരീരിക പരിമിതികളൊന്നും 34 വയസ്സുള്ള കവിത ബോണ്ഡ്‌വേ ബാധിക്കില്ല. പരിമിതികളില്‍ നിന്നു തന്നെ അവരുടെ കഴിവിനെ കുറച്ചു കാണുന്നവരുണ്ട്. അവർക്കെല്ലാം ശക്തമായ മറുപടി നൽകുകയാണ് കവിത. ജീവിതത്തിൽ അസാധ്യമായതൊന്നുമില്ലെന്ന് ഓരോരുത്തരെയും ഓർമിപ്പിക്കുകയാണ് അവർ. ശാരീരിക പരിമിതികളെ മറികടന്ന് ആത്മവിശ്വാസത്തോടെ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച് പദവിയാണ് കവിത വഹിക്കുന്നത്. 

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ രണ്ട് ഗ്രാമങ്ങളുടെ സർപഞ്ച് ആണ് കവിത. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമാണ് വഹിക്കുന്നതെങ്കിലും ഇപ്പോഴും പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഊന്നുവടിയിൽ വരുന്ന തന്നെ കാണുമ്പോൾ പലരും കളിയാക്കിയതും കവിത ഓർക്കുന്നുണ്ട്. എന്നാൽ, ഇതുകൊണ്ടൊന്നും തകർന്നു പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. അച്ഛനിൽ നിന്നും ഗ്രാമത്തിലെ മുതിർന്നവരിൽ നിന്നുമൊക്കെ പലകാര്യങ്ങൾ പഠിച്ചെടുത്തു. ഇരുപത്തിയഞ്ചാം വയസ്സിൽ സർപഞ്ച് ആയപ്പോൾ പലരിലും അത് അതൃപ്തിയുണ്ടാക്കിയിരുന്നതായും കവിത പറയുന്നു. 

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവർ എങ്ങനെ ഗ്രാമത്തിനു വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു പലരുടെയും വേദനിപ്പിക്കുന്ന ചോദ്യം. അതൊന്നും ചെവിക്കൊള്ളാൻ കവിത തയാറായിരുന്നില്ല. പൂർണ പിന്തുണയുമായി അച്ഛനും സഹോദരനും ഒപ്പം നിന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകിയത് അവരാണ്. കവിതയുടെ പിതാവ് പുണ്ഡലിക് ബോണ്ഡ്വ‌വേ പതിനഞ്ചു വർഷത്തോളം പഞ്ചായത്ത് അംഗമായിരുന്നു. ഇപ്പോൾ ഒൻപതു വർഷമായി കവിത ഗ്രാമത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്. ഗ്രാമത്തില്‍ നല്ല റോഡ്, കുടിവെള്ളം, ദരിദ്രർക്കു വീട് എന്നിങ്ങനെയുള്ള  സൗകര്യങ്ങളെല്ലാം കൊണ്ടു വരാൻ കവിതയ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്ഥലത്തെ പല നിയമ വിരുദ്ധ പ്രവർത്തനങ്ങളെ നിർത്തലാക്കുകയും ചെയ്തു. പെണ്‍കുട്ടികളിൽ വിദ്യാഭ്യാസത്തിന്റെ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങളും കവിത നടത്തി. കവിതയുടെ ജീവിതം ലോകമറിഞ്ഞതോടെ അഭിനന്ദന പ്രവാഹങ്ങളും എത്തി. രാജ്യമെമ്പാടുമുള്ള പെൺകുട്ടികൾക്ക് മാതൃകയാണ് കവിതയെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. 

English Summary: 34-year-old differently-abled woman becomes Sarpanch of 2 villages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com