ADVERTISEMENT

അധികാര ഗര്‍വിനൊടുവില്‍ വെന്തുവെണ്ണീറായ രാജനേയും അമ്പിളിയേയും ഓര്‍ത്ത് കണ്ണീരണിയുകയാണ് നാട്. തലചായ്ക്കാൻ സ്വന്തമായി ഒരിടമില്ലാത്ത ആ പാവപ്പെട്ട മനുഷ്യരെ രണ്ടാം തരക്കാരായി കണ്ട അധികാര ഗര്‍വിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് സാമൂഹ്യ പ്രവർത്തക മൃദുല ദേവി എസ്. ഭാര്യയെയും ചേര്‍ത്തു പിടിച്ചു കൊണ്ട് പെട്രോള്‍ ഒഴിച്ച് നില്‍ക്കുന്ന വ്യക്തിയോട് 'പോട്ടെ നമുക്ക് പരിഹരിക്കാം 'എന്നൊന്ന് പറയാന്‍ ഏതു നിയമം ആണ് അനുവദിക്കാത്തതെന്ന് മൃദുല ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് മൃദുല തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. 

മൃദുലയുടെ വാക്കുകൾ ഇങ്ങനെ: ‘ജപ്തി ചെയ്യുവാൻ വന്ന പോലീസ് ഇടച്ചെറുപ്പക്കാരനായ മറ്റൊരു പുരുഷനോട് പറഞ്ഞത് "നീയിനി ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതി" എന്നായിരുന്നു. നീ എന്ന് വിളിച്ചു അഭിസംബോധന ചെയ്തപ്പോൾ ഒറ്റയടിക്ക് ഉദ്യോഗസ്ഥൻ മുകൾത്തട്ടിലും, ജപ്തി നടപടി നേരിട്ടയാൾ താഴെത്തട്ടിലും നീങ്ങുകയാണ് ചെയ്തത്. അതു നിയമ നടപടിയുടെ ഭാഗമായുണ്ടാവുന്നതാണോ.. കെ പി യോഹന്നാനോട് എടാ നീ അതൊക്കെ കോടതിയിൽ പോയി പറഞ്ഞാൽ മതി എന്ന് പറയുമായിരുന്നോ.നിസ്സഹായയായ ഒരു പെണ്ണിനെ കോടാലിക്കടിച്ചു കൊന്നവരെ ഫാദർ എന്നും, സിസ്റ്റർ എന്നും വാഴ്ത്തിപ്പാടുന്ന നാട്ടിൽ കൈയ്യിൽ കാശില്ലയെങ്കിൽ "നീ" എന്ന് വിളിക്കപ്പെടുന്നത്, തരംതാഴ്ത്തപ്പെടുന്നത് ഏതു നീതിബോധത്താലാണ്.

ഓരോ ഇടങ്ങളിൽ ഓരോ ഭാഷകൾ തരത്തിനുപയോഗിച്ച് മനുഷ്യരെ വേർതിരിക്കുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളെ നിയമം പറഞ്ഞു രക്ഷിക്കാൻ നോക്കരുത്. ഭാര്യയെയും ചേർത്തു പിടിച്ചു കൊണ്ട് പെട്രോൾ ഒഴിച്ച് നിൽക്കുന്ന വ്യക്തിയോട് "പോട്ടെ നമുക്ക് പരിഹരിക്കാം "എന്നൊന്ന് പറയാൻ ഏതു നിയമം ആണ് അനുവദിക്കാത്തത്.കുറേ മാസങ്ങൾ ട്രെയിനിങ് എന്ന് പറഞ്ഞു പോലീസ് ക്യാമ്പിൽ ഇരുന്നിട്ടാണല്ലോ ജോലിയിൽ പ്രവേശിക്കുന്നത്. അനുകമ്പയോടെ, ആർദ്രതയോടെ സംസാരിക്കാൻ ആദ്യം പഠിപ്പിക്കണം.

നിയമസഭയിൽ കടന്ന് വരുന്ന ഏറ്റവും 'പ്രിവിലേജ്ഡ് മനുഷ്യരെ' കാത്തുരക്ഷിക്കുവാൻ 'വാച്ച് ആൻഡ് വാർഡ് 'സംവിധാനം സർക്കാർ നൽകുന്നുണ്ട്. ഏറ്റവും, ക്ഷമയും, ഏകാഗ്രതയുമുള്ള സേനാംഗങ്ങൾ ആണ് വാച്ച് ആൻഡ് വാർഡ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.അവിടെ എത്തുന്ന ജീവന് അത്രയും വില കൊടുക്കുന്നുണ്ട് എന്നാണർത്ഥം.അതെ തുല്യതയോടെ പരിഗണിക്കപ്പെടേണ്ട ജീവിതങ്ങൾ ആണ് ജപ്തി നടപടികൾ നേരിടുന്നവരും. ക്ഷമയും, അനുകമ്പയുമുള്ള പോലീസ് ആണ് അവിടെയുമെത്തേണ്ടത്. ആ വീട്ടിലെ കുഞ്ഞുങ്ങൾക്ക്, വൃദ്ധർക്ക്, ഗർഭിണികൾക്ക് ഒക്കെ മുൻപിൽ ഭീതി ജനിപ്പിക്കാതെ മറികടക്കാവുന്ന താൽക്കാലിക പ്രതിസന്ധി എന്ന് ധരിപ്പിച്ചു നടത്തവുന്ന ഒരു ചെറിയ നിയമ നടപടിയായി ഇതിനെ ലഘുകരിക്കേണ്ടതുണ്ട്.’

ജപ്തി നടപടി നേരിട്ട മനുഷ്യർ അത്രയും നാൾ അധ്വാനിച്ച പണം നികുതിയിനത്തിൽ ഉപയോഗിച്ചു കൂടിയാണ് വികസനം എന്ന പേരിൽ നമ്മുടെ നാട് തളിർത്തതും, പൂത്തതും. എന്നാൽ ജപ്തി വരുന്നതോടെ പബ്ലിക് വേസ്റ്റ് എന്ന പോലെ അവരെ വലിച്ചെറിയുന്ന സംസ്കാരം മാറ്റേണ്ടതുണ്ടെന്നും മൃദുല പറഞ്ഞു. ‘ഒഴിപ്പിക്കാൻ വരുന്ന ഉദ്യോഗസ്ഥർക്കും സർക്കാരിനും, തർക്കം ഉന്നയിക്കുന്ന ആൾക്കും ഒക്കെ ജപ്തി നേരിടുന്ന ആളെ പരിഗണനാപൂർവ്വം ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്തം ഉണ്ട്  നടപടി പൂർത്തിയാക്കി പടിവാതിൽ കടത്തി വിടുകയല്ല വേണ്ടത് .അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഹനിക്കാത്ത തരത്തിൽ ഒരു ഇടത്താവളത്തിലേയ്ക്ക് സർക്കാർ സുരക്ഷയോടെ ആ ഭവനത്തെ മാറ്റിപ്പാർപ്പിച്ചു ഊർജ്ജസ്വലരാക്കേണ്ടതുണ്ട്. അവരുടെ വോട്ടും ജനാധിപത്യപ്രക്രിയയിൽ ഉപയോഗിച്ചിട്ടുണ്ട്. അവരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരിക കൂടി ചെയ്യുമ്പോഴാണ് ജനാധിപത്യം പൂർത്തിയാവുക. എല്ലാം വേദനയ്ക്കിടയിലും ചേട്ടനെ ചേർത്തു പിടിച്ച, എന്റച്ഛനെ കൊന്നത് നിങ്ങളാണെന്നു പോലീസിനോട് വിളിച്ചു പറഞ്ഞ, ഈ മണ്ണിൽ തന്നെ എന്റെ അച്ഛനെയും, അമ്മയെയും അടക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട നിശ്ചയ ദാർഡ്യത്തിന്റെ ആ ചൂണ്ടു വിരൽ നമുക്ക് നൽകുന്ന ഒരു ഉറപ്പുണ്ട്. ആ കുട്ടികൾ ഒന്ന് പതറിയിട്ടുണ്ട്. എന്നിരുന്നാലും അവർ പിടിച്ചു കയറും. നമ്മൾ കൂടെ ഉണ്ടായാൽ. നമ്മൾ ഉണ്ടാവണം.’– മൃദുല വ്യക്തമാക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com