ADVERTISEMENT

വഴിയിൽ നിന്നു കിട്ടിയ കാലിക്കുപ്പിയിൽ നിന്ന് തുടങ്ങിയതാണ് അപർണയുടെ വിജയത്തിലേക്കുള്ള യാത്ര. ആ യാത്ര ഇപ്പോൾ ലോക രാജ്യങ്ങളുടെ അതിർത്തികളും കടന്നു മുന്നേറുകയാണ്. ബോട്ടിൽ ആർട്ട് എന്ന ഹോബിയെ  ‘ക്യുപ്പി’ എന്ന ബ്രാൻഡാക്കി മാറിയത് ഇൗ പെൺകുട്ടിയുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.  2018ലാണു ക്യുപ്പി എന്ന ആശയം കൊല്ലം മൺറോതുരുത്ത് സ്വദേശിനിയായ അപർണയുടെ തലയിലെത്തിയത്. ‘കാസ്റ്റ് എവേ ഫ്രം ദ് മൂൺ’ എന്ന കൊറിയൻ ചിത്രത്തിലെ കഥാപാത്രങ്ങൾ ഉപയോഗിച്ചിരുന്ന കുപ്പിക്കു സമാനമായതു വഴിയിൽ നിന്നു കിട്ടിയതാണ് വഴിത്തിരിവായത്. ആദ്യമൊക്കെ ഒരു ഹോബി എന്ന നിലയ്ക്ക് കുപ്പികളിൽ പെയിന്റ് ചെയ്തിരുന്ന അപർണയുടെ കഴിവ് സാമൂഹിക മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളിലേക്കും അതിനു പുറത്തേക്കും വ്യാപിച്ചു. ഇതോടെയാണ് ക്യുപ്പി എന്ന ബ്രാൻഡ് പച്ച പിടിച്ചത്. നിലവിൽ യുകെ, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ക്യുപ്പി പറക്കുന്നു. പൂജ്യം മൂലധനത്തിൽ നിന്നു തുടങ്ങിയ ക്യുപ്പിക്കിപ്പോൾ മാസം അരലക്ഷത്തിലേറെ വരുമാനമുണ്ട്.

മദ്യക്കുപ്പികളാണ് അപർണ വരയ്ക്കാനായി തിരഞ്ഞെടുക്കാറുള്ളത്. അപർണയുടെ കുപ്പികളോടുള്ള പ്രണയം മനസിലാക്കി ഒട്ടേറെപ്പേർ പല രൂപത്തിലുള്ള കുപ്പികൾ പല സ്ഥലങ്ങളിൽ നിന്നായി അയച്ചു കൊടുക്കാറുമുണ്ട്. കലണ്ടർ കുപ്പികൾ എന്ന ആശയമാണ് ഏറ്റവും കൂടുതൽപ്പേരെ ആകർഷിച്ച ഒരിനം. ഇടനിലക്കാരില്ലാതെ നേരിട്ടാണ് അപർണയുടെ ക്യുപ്പി വിൽപന. 500 രൂപ മുതൽ 2500 രൂപ വരെയുള്ള കുപ്പികൾ ലഭിക്കും. ക്യുപ്പി വിൽപനയ്ക്കായി ഒരു വെബ്സൈറ്റും അപർണ ഒരുക്കിക്കഴിഞ്ഞു. 

ബിരുദവും ബിഎഡും പൂർത്തിയാക്കിയ അപർണയ്ക്ക് അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപികയാകാനാണിഷ്ടം. അതിനൊപ്പം ക്യുപ്പിയെയും മുന്നോട്ടു കൊണ്ടു പോകുമെന്നു അപർണ പറയുന്നു. സമൂഹമാധ്യങ്ങളിൽ സജീവ സാന്നിധ്യമായ അപർണ നിലപാടുകളുടെ പേരിലും ശ്രദ്ധാ കേന്ദ്രമായിരുന്നു. അൽപനാൾ മുൻപ് പെൺകുട്ടികളുടെ വിവാഹത്തെപ്പറ്റിയിട്ട പോസ്റ്റ് വൈറലായി മാറി. പോസ്റ്റ് കണ്ട് ചിലർ കരുതിയത് കല്യാണം കഴിക്കാൻ മുട്ടി നിൽക്കുന്ന ഒരാളാണ് താനെന്ന് അവർ കരുതിയിരുന്നതായും അപർണ പറയുന്നു. ക്യുപ്പി എന്ന ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലെത്താക്കാനുള്ള പുതിയ പദ്ധതികളും അപർണ അണിയറയിൽ ഒരുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com