ADVERTISEMENT

പഞ്ചാബിൽ മലേർകോട് ലയിലെ 150 വർഷം പഴക്കമുള്ള മുബാറക് മൻസിൽ പാലസ് സർക്കാർ സംരക്ഷിത സ്മാരകമാക്കുമ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറയുന്ന ഒരാളുണ്ട്. മലേർകോട്‌ലയിലെ അവസാനത്തെ നവാബിന്റെ ഭാര്യ ബീഗം മുനവറുൽ നിസ. സംരക്ഷിത സ്മാരകമാക്കാൻ കൊട്ടാരം സർക്കാരിനു കൈമാറിയതും ബിഗം നിസ തന്നെയാണ്. തിങ്കളാഴ്ചയാണ് കൊട്ടാരം ഏറ്റെടുത്ത് പൈതൃക സ്വത്തായി സംരക്ഷിക്കാനുള്ള ഉത്തരവിന് പഞ്ചാബ് സർക്കാർ അനുമതി നൽകിയത്. പഞ്ചാബിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട് ഇപ്പോൾ 97 വയസ്സുള്ള രാജകുമാരി കൂടിയായ ബിഗം നിസയ്ക്ക്. നവാബ് ഷേർ മുഹമ്മദ് ഖാന്റെ പിൻഗാമി കൂടിയാണ് അവർ. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ കൊട്ടാരം കൈമാറിയതെന്ന് മക്കളും അനന്തരാവകാശികളും ഇല്ലാത്ത ബീഗം അറിയിച്ചു. നൂറ്റാണ്ടുകൾക്കു മുൻപത്തെ  പ്രശസ്തിയിലേക്കും പ്രഭയിലേക്കും കൊട്ടാരം എത്തുന്നതു കണ്ട് കണ്ണടയ്ക്കുകയാണ് തന്റെ അവസാനത്തെ ആഗ്രഹമെന്നും അവർ പറയുന്നു. ആം ആദ്മി പാർട്ടി മുൻ നേതാവ് അർഷാദ് ദലിയാണ് ബീഗത്തിനും സർക്കാരനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിച്ചത്. 

തന്റെ കാലത്തിനു ശേഷം സ്വകാര്യ വ്യക്തികൾ കൊട്ടാരം കൈവശപ്പെടുത്തുമെന്ന പേടിയിലായിരുന്നു ബീഗമെന്ന് അർഷാദ് പറയുന്നു. എന്തായാലും ഇപ്പോൾ സർക്കാർ കൊട്ടാരാം. ഏറ്റെടുത്തതോടെ ബീഗത്തിനു സന്തോഷമായി. ഒട്ടേറെ ചരിത്ര സന്ദർഭങ്ങൾക്കു പേരു കേട്ടതാണ് കൊട്ടാരം. ഇത് സംരക്ഷിത സ്മാരകമായി ഉടൻ പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് ടൂറിസം വകുപ്പ് അഡ്മിസ്ട്രേറ്റീവ് സെക്രട്ടറി സഞ്ജയ് കുമാറും അറിയിച്ചു. കൊട്ടാരം നവീകരിച്ചു കാഴ്ചക്കാർക്കുവേണ്ടി ഉടൻ തുറന്നുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തുടർന്നും ബീഗത്തിന് കൊട്ടാരത്തിൽ തന്നെ താമസിക്കാം. അങ്ങനെയൊരു വ്യവസ്ഥയോടുകൂടിയാണ് ഏറ്റെടുക്കൽ പൂർണമാക്കിയത്. കൊട്ടാരം ഏറ്റെടുക്കുന്നതിനു പകരമായി മൂന്നു കോടി രൂപയാണ് സർക്കാർ ബീഗത്തിനു വാഗ്ദാനം ചെയ്തത്. 

കൊട്ടാരത്തിന്റെ പല ഭാഗത്തും അറ്റകുറ്റപ്പണി വേണ്ടിവരും. മേൽക്കൂരയിൽ ചോർച്ചയുണ്ട്. പ്രധാന കവാടത്തിലും ഒട്ടേറെ ജോലികൾ ചെയ്യാനുണ്ട്. വിലപിടിപ്പുള്ള പല വസ്തുക്കളും നേരത്തെ തന്നെ ചിലർ കൈവശപ്പെടുത്തി വിറ്റിരുന്നു. ബിഗം കുറേനാളായി കഷ്ടപ്പെട്ടാണു ജീവിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 32,400 സ്ക്വയർ ഫീറ്റിലാണു വിശാലമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി ഒട്ടേറെ കേസുകളും ഉടമസ്ഥതയെക്കുറിച്ചു വിവിധ കോടതികളിൽ ഉണ്ടായിരുന്നു. എന്തായലും ഇപ്പോൾ സർക്കാർ ഏറ്റെടുത്തതോടെ തർക്കങ്ങൾക്കും പ്രശനങ്ങൾക്കും പരിഹാരമായിരിക്കുന്നു. ബീഗത്തിനും സന്തോഷം.

English Summary: Behind Punjab government’s nod to restore Malerkotla palace, ‘last wish’ of 97-yr-old Begum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com