ADVERTISEMENT

സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാര മാർഗങ്ങൾ നിർദേശിച്ചും ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ്. സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പു വരുത്തിയാൽ മാത്രമേ വീട്ടമ്മമാരുടെ നിരാശക്ക് അറുതി വരൂ. അതിനായി വിപുലമായ പദ്ധതിയാണ് ഈ ബജറ്റ് മുന്നോട്ട് വയ്ക്കുന്നതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ബ്ലോക്ക് മുനിസിപ്പൽ തലത്തിൽ 5000 സ്ക്വയർ‍ ഫീറ്റ് കെട്ടിട സൗകര്യം ഏർപ്പാടാക്കി അവ വർക്ക് സ്റ്റേഷനുകളാക്കാനുള്ള പുതിയ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 20 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

കരിയർ ബ്രേക്ക് ചെയ്ത് വീടുകളിലിരിക്കുന്ന അഞ്ചു ലക്ഷത്തോളം വനിതാ പ്രൊഫഷണലുകൾ കേരളത്തിലുണ്ട്. ബജറ്റിലെ പുതിയ പദ്ധതി ഇത്തരക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. വീട്ടിലോ സമീപ പ്രദേശത്തോ ജോലി ചെയ്യാൻ തയ്യാറുള്ള 40 ലക്ഷത്തോളം അഭ്യസ്തവിദ്യരായ സ്ത്രീകളുണ്ടെന്നാണ് കണക്ക്. അവർ സർക്കാരിന്റെ പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സാധ്യതകൾ ഉപയോഗപ്പെടുത്തും. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ തലത്തിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കും. സന്നദ്ധരായ പ്രൊഫഷനലുകളുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

കുറച്ചു നാൾ ജോലി ചെയ്ത ശേഷം എന്തെങ്കിലും കാരണത്താൽ ജോലിയിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നവരെ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകൾക്കായിരിക്കും ഈ പദ്ധതിയിലൂടെ കൂടുതൽ നേട്ടമുണ്ടാകുക. ദേശീയ ഏജൻസി നടത്തിയ സർവേ പ്രകാരം ഇന്ത്യയിലെ പ്രൊഫഷനലുകളിൽ 27 ശതമാനം സ്ത്രീകളാണ്. ഇതില്‍ 48 ശതമാനം 5 വർഷത്തിനുള്ളിൽ ജോലി വിടുന്നവരാണ്. ഇത്തരത്തിലുള്ള പ്രൊഫഷനലുകളായ സ്ത്രീകൾക്ക് ഹ്രസ്വകാല പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വീട്ടിലിരുന്നോ വീടിനടുത്തിരുന്നോ ഇവർക്ക് ജോലി ചെയ്യാനാകുമെന്നാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 75 ശതമാനവും സ്ത്രീകളായിരിക്കും. താത്പര്യവും കഴിവുമുള്ള സ്ത്രീകളെ പരിശീലനത്തിനു കണ്ടെത്താനുള്ള ചുമതല കുടുംബശ്രീക്ക് നൽകാനാണ് തീരുമാനം. ഇതിനായി പ്രത്യേകം സബ്മിഷൻ ആരംഭിക്കുന്നതിനായി കുടുംബശ്രീക്ക് 5 കോടി രൂപ അനുവദിച്ചു. കൂടാതെ, വീട്ടമ്മമാർക്ക് ഗൃഹജോലികൾ ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഗാർഹിക ഉപകരണങ്ങൾ വാങ്ങാൻ വായ്പ നൽകും.  മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് വനിതാ മാധ്യമപ്രവർത്തകർക്ക് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ് ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com