ADVERTISEMENT

യുഎസിൽ ജോ ബൈഡനും കമല ഹാരിസും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, വിടപറയൽ സന്ദേശവുമായി പ്രഥമ വനിത മെലാനിയ ട്രംപ്. പരാജയം പൂർണമായി അംഗീകരിക്കാതെയും അനുയായികളെ ഇളക്കിവിട്ടും ഡോണൾഡ് ട്രംപ് സജീവമാണെങ്കിൽ വൈറ്റ് ഹൗസിൽ നിന്നു പടിയിറങ്ങിയുള്ള ജീവിതം പ്ലാൻ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു കുറച്ചുനാളായി മെലാനിയ. ഫ്ലോറിഡയിൽ മകനു പുതിയ സ്കൂൾ കണ്ടെത്തുക, വേർപിരിയിൽ സന്ദേശം തയാറാക്കുക എന്നിവയിൽ മുഴുകുകയായിരുന്നു മെലനിയ എന്നാണ് അവരോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. ജനുവരി ആറിന് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണത്തിനുശേഷം ട്രംപിനു നേരിടേണ്ടിവന്ന കടുത്ത വിമർശനത്തെക്കുറിച്ച് മെലാനിയയ്ക്ക് അറിയാം എന്നും അടുപ്പക്കാർ പറയുന്നു. എന്നാൽ, പരാജയത്തിൽ അസ്വസ്ഥനാകുന്ന ട്രംപിൽ നിന്നു വ്യത്യസ്തമായി അസ്വസ്ഥതയുടെ നേരിയ സൂചന പോലും മെലാനിയ പുറത്തുകാണിച്ചിട്ടില്ല. എന്നു മാത്രമല്ല, കഴിഞ്ഞ 152 വർഷത്തെ പാരമ്പര്യത്തിന്റെ തുടർച്ചയായി പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ അവർക്കു സന്തോഷം മാത്രമേയുള്ളുവെന്നും സൂചനയുണ്ട്. കഴിഞ്ഞുപോയതിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നതിനു പകരം ഭാവിയെക്കുറിച്ചാണ് അവർ ചിന്തിക്കുന്നതെന്നും വൈറ്റ് ഹൗസുമായി അടുപ്പമുള്ളവർ പറയുന്നു. 

ഏഴു മിനിറ്റാണ് മെലനിയ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ദൈർഘ്യം. അക്രമത്തെ അവർ പൂർണമായി സന്ദേശത്തിൽ അപലപിക്കുന്നു എന്നതും ശ്രദ്ധേയമാണ്. യുഎസിന്റെ ഫസ്റ്റ് ലേഡി യാകാൻ അവസരം ലഭിച്ചതിൽ താൻ അങ്ങേയറ്റം വിനയമുള്ള വ്യക്തിയാണെന്ന് അവർ തുടക്കത്തിൽ തന്നെ പറയുന്നു. ‌‘ജീവിതത്തിലെ ഏറ്റവും ബഹുമാന്യമായ അവസരമായി വൈറ്റ്ഹൗസ് ജീവിതത്തെ ഞാൻ കാണുന്നു. കോവിഡ് കാലത്ത് അങ്ങേയറ്റം കഷ്ടപ്പെട്ട സൈനികർ, സാധാരണക്കാർ, അമ്മമാർ, കുട്ടികൾ, ആരോഗ്യപ്രവർത്തകർ എല്ലാവർക്കും എന്റെ മനസ്സിൽ അവിസ്മരണീയ സ്ഥാനമുണ്ട്. എന്തു കാര്യവും ആത്മാർഥതയോടെ ചെയ്യുക. എന്നാൽ അക്രമം ഒന്നിനുമുള്ള മറുപടിയല്ല. അക്രമം ഒരിക്കലും നീതീകരിക്കപ്പെടുകയുമില്ല. അമേരിക്കയുടെ ഐക്യമായിരിക്കണം നമ്മുടെ എല്ലാവരുടെയും മനസ്സിൽ. നമ്മളെ വിഭജിക്കുന്നതിനപ്പുറം ഉയരാൻ നമുക്കു കഴിയണം. വിദ്വേഷത്തിനു പകരം സ്നേഹമാകട്ടെ നമ്മുടെ മുദ്രവാക്യം. നമ്മേക്കാളും അർഹതയുള്ളവർ മുന്നോട്ടുവരട്ടെ. ഒരുമിച്ച് ഒരു കുടുംബമെന്ന നിലയിൽ പ്രതീക്ഷയുടെ പ്രകാശമായി നമുക്കു മുന്നോട്ടുപോകണം. അമേരിക്കയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കണം. ധൈര്യവും നൻമയും ഇനിയും നമ്മെ മുന്നോട്ടു നയിക്കട്ടെ’. 

ജിൽ ബൈഡനെ വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുന്ന രീതിയിലുള്ള ഒരു വരി പോലും മെലാനിയയുടെ സന്ദേശത്തിലില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്തായാലും ഇനിയുള്ള കാലം കുട്ടികൾക്കുവേണ്ടിയുള്ള ക്ഷേമ പ്രവർത്തനത്തിലായിരിക്കും അവർ ശ്രദ്ധിക്കുക എന്നും സൂചനയുണ്ട്. സൈബർ ഭീഷണികളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്ന ബി ബെസ്റ്റ് ക്യാംപെയ്ൻ തുടരാനാണു മെലനിയയ്ക്കു താൽപര്യമത്രേ. ട്രംപിൽ നിന്നു വ്യത്യസ്തയാണെന്ന് വിടപറയിൽ സന്ദേശത്തിലും വ്യക്തമാക്കിയിരിക്കുകയാണ് മെലാനിയ. അന്തസ്സും അഭിജാത്യവും ഉയർത്തിപ്പിടിക്കാനും അവർക്കു കഴിഞ്ഞിരിക്കുന്നു. 

English Summary: Melania Trump's Farewell Message In Her Last Days As US First Lady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com