ADVERTISEMENT

കേന്ദ്ര കർഷക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ പ്രധാന വേദിക്കു മുന്നിലും പിന്നിലും ഇപ്പോൾ സ്ത്രീകളാണ്. വേദിക്കു പിന്നിൽ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതു സ്ത്രീകളാണെങ്കിൽ വേദിക്കു മുന്നിലും സ്ത്രീകൾ പ്രധാന റോളിൽത്തന്നെയുണ്ട്. പഞ്ചാബിലെ അമൃത്‍സറിൽനിന്നും മൊഹാലിയിൽ നിന്നും നൂറുകണക്കിനു കർഷകരാണ് ഇപ്പോഴും സിംഘുവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവരിൽ ഭൂരിപക്ഷവും സ്ത്രീകൾ തന്നെയാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. വനിതാ കർഷകരുടെ ദിനത്തിൽ എല്ലായിടത്തും സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാനും അവരുണ്ട്. 

കുട്ടികളെ നോക്കുന്നതിനൊപ്പം പാചകവും ചെയ്യുന്ന അവർ ഇടയ്ക്കിടെ ചെറിയ നാടകങ്ങൾ ഉണ്ടാക്കി വേദിയിൽ അവതരിപ്പിന്നുമുണ്ട്. പ്രധാന പ്രസംഗ വേദിയിലും അവരുടെ സാന്നിധ്യമുണ്ട്. കർഷക സമരം എന്തിനുവേണ്ടിയാണെന്നും സമരത്തിൽ സ്ത്രീകളുടെ പ്രധാന പങ്ക് എന്തെണെന്നും അവർ വിശദീകരിക്കുന്നു. ഇടയ്ക്കിടെ ട്രാക്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത് പരേഡും നടത്തുന്നു. സമരവേദിയിലെ സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചെങ്കിലും  തങ്ങളുടെ പങ്ക് എന്താണെന്നും സമരം വിജയിപ്പിക്കുക തന്നെചെയ്യുമെന്നുമുള്ള ആത്മവിശ്വാസം ഇപ്പോഴും വേദിയിൽ പ്രകടം. 

‘ഞങ്ങൾ സമരത്തിന്റെ ഭാഗമാണ്. തിരിച്ചുപോകുന്ന പ്രശ്നമേയില്ല. ഭഗത് സിങ്ങിന്റെ നാട്ടിൽനിന്നാണു ഞങ്ങൾ വരുന്നത്. ത്യാഗത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. അതേപ്പറ്റി ആരും ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. കർഷക കുടുംബങ്ങളിൽ നിന്നാണു ഞങ്ങൾ വരുന്നത്. ഞങ്ങളും കർഷകരാണ്. സമരത്തിന്റെ ഭാഗമായി നിന്ന് ഇതു വിജയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സമരം എത്ര നാൾ നീളും എന്നതൊന്നും വിഷയമാക്കുന്നതേയില്ല: കർഷക സംഘടനയുടെ വനിതാ വിഭാഗം നേതാവ് ഹരീന്ദർ ബിന്ദു ആത്മവിശ്വാസത്തോടെ പറയുന്നു. 

വനിതാ കർഷരുടെ ദിനം രാജ്യമെങ്ങും ആചരിക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ ആവേശവും ആത്മവിശ്വാസവും ദൃഡനിശ്ചയവും വ്യക്തമാകാൻ സിംഘു അതിർത്തിയിൽ എത്തണം. കൃഷി നിയമങ്ങൾക്കെതിരെ അവർ നടത്തുന്ന ജവന്മരണ സമരം കാണണം. 

ഹരിയാനയിലും ഉത്തർ പ്രദേശിലും വനിതാ കർഷകർ വ്യത്യസ്ത സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നുണ്ട്. സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരോട് വിശദീകരിക്കുകയാണ് ഈ സമ്മേളനങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലും ഇപ്പോൾ സ്ത്രീകൾ സമരത്തിന്റെ മുൻനിരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 

English Summary: Women take the lead at Singhu, say there is no question of going back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com