ADVERTISEMENT

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രാധാന്യം കുറച്ചുകാണിച്ചും അവരുടെ നിറത്തിൽ കൃത്രിമത്വം വരുത്തിയ പ്രസിദ്ധീകരിച്ച മുഖചിത്രത്തെത്തുടർന്ന് വിമർശനം കേട്ട വോഗ് മാഗസിൻ പുതിയ മുഖചിത്രവുമായി എത്തുന്നു. ഫെബ്രുവരി മാസത്തെ ലക്കത്തിലാണു വോഗ് കമലയുടെ മുഖചിത്രവുമായി ഇറങ്ങിയത്. എന്നാൽ ബ്ലെയ്സറും ജീൻസും ധരിച്ചുനിൽക്കുന്ന കമലയുടെ ചിത്രത്തിൽ കറുപ്പു നിറം കുറയ്ക്കുകയും വെളുപ്പ് നിറം കൂട്ടുകയും ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം. കമലയെ വെളുത്ത വർഗക്കാരിയായി ചിത്രീകരിക്കാനാണ് മാസിക ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നു. വംശീയ വിദ്വേഷത്തിനും നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനും ഉദാഹരണമാണ് വോഗിന്റെ പ്രവർത്തിയെന്നും രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. 

കമലയെ പൂർണമായും ബഹുമാനിക്കുന്ന ചിത്രമല്ല കവറിൽ വന്നതെന്ന പരാതിയും ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് വോഗ് കമലയുടെ പരിചിതവും നിറത്തിൽ മാറ്റം വരുത്താത്ത, യഥാർഥ ചിത്രവുമായി വീണ്ടും വായനക്കാരെ തേടിയെത്തുന്നത്. എന്നാൽ കുറച്ചു കോപ്പികൾ മാത്രമായിരിക്കും പ്രിന്റ് ചെയ്യുന്നത്. ലിമിറ്റഡ് എഡിഷൻ എന്ന പേരിലായിരിക്കും പുതിയ ലക്കം പുറത്തിറങ്ങുന്നത്. ഇളം നീല നിറത്തിലുള്ള പാന്റ് സ്യൂട്ട് ആണ് പുതിയ ചിത്രത്തിൽ കമല ധരിച്ചിരിക്കുന്നത്. യഥാർഥ കമലയുമായി പൂർണമായും സാദൃശ്യം തോന്നുന്നതാണ് പുതിയ ചിത്രം. ഓൺലൈൻ എഡിഷനിലെ കവറിലും പുതിയ ചിത്രം തന്നെ ഉപയോഗിക്കാനും വോഗ് തീരുമാനിച്ചിട്ടുണ്ട്. 

കമലയുടെ അവിശ്വസനീയമായ വിജയത്തെ കുറച്ചുകാണിക്കാൻ തങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് വോഗ് അധികൃതർ പറയുന്നു. വൈസ് പ്രസിഡന്റ് എന്ന ഉന്നത സ്ഥാനത്ത് എത്തുന്ന വെളുത്ത വർഗക്കാരിയല്ലാത്ത ആദ്യത്തെ വനിതയായ അവരുടെ നിറം വെളുത്തതാക്കാൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി. 

ടെയ്‍ലർ മിച്ചൽ എന്ന ഫൊട്ടോഗ്രഫറാണ് കമലയുടെ ചിത്രങ്ങൾ എടുത്തത്. വോഗ് മാസികയുടെ കവറിനു വേണ്ടി ചിത്രങ്ങളെടുത്ത ആദ്യത്തെ കറുത്ത വംശജ കൂടിയാണ് ടെയ്‍ലർ. ബെയോൺസ് എന്ന മോഡലിന്റെ ചിത്രങ്ങൾ 2018 ലാണ് ടെയ്‍ലർ വോഗിനു വേണ്ടി ചിത്രീകരിച്ചത്. 

വോഗിന്റെ വിമർശന വിധേയമായ ചിത്രത്തെക്കുറിച്ച് കമല ഇതുവരെ പ്രതികരിച്ചിട്ടല്ല. എന്നാൽ പുതിയ ചിത്രം അവരെ ശരിക്കും അദ്ഭുതപ്പെടുത്തിയെന്ന് അവരോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. 

English Summary: Vogue to release new Kamala Harris cover after severe backlash over original

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com