ADVERTISEMENT

രാജ്യാന്തര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് എന്ന പദവി വഹിക്കുന്ന മലയാളി ഗീതാ ഗോപിനാഥിന്റെ ആരാധകനാണെന്നു തുറന്നുപറഞ്ഞ് ബോളിവുഡിലെ ബിഗ് ബി അമിതാബ് ബച്ചൻ. എന്നാൽ ബച്ചന്റെ ഗീതയെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. തന്നെക്കുറിച്ചു ബച്ചൻ പറഞ്ഞ വാചകങ്ങളുള്ള വിഡിയോ ഗീത തന്നെ പങ്കുവച്ചെങ്കിലും വിവാദം തീർന്നിട്ടില്ല. 

ബച്ചൻ അവതാരകനായ പ്രശസ്ത ടിവി ഷോ കോൻ ബനേഗ ക്രോർപതിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗീതയുടെ ചിത്രം കാണിച്ചിട്ടു ബച്ചൻ ചോദ്യം ചോദിച്ചു. ഈ ചിത്രത്തിൽ കാണുന്ന വ്യക്തി 2019 മുതൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആണ്. വ്യക്തിയുടെ പേര് പറയുക ? 

സാമ്പത്തിക രംഗവുമായി ബന്ധിപ്പിക്കാനാവാത്ത രീതിയിൽ അവരുടെ മുഖം എത്ര സുന്ദരമാണെന്നു നോക്കൂ– ബച്ചൻ കൂട്ടിച്ചേർത്ത ഈ വാചകമാണു പിന്നീട് വിവാദമായി മാറിയത്. എന്നാൽ ഇതിന്റെ വിഡിയോ ഗീത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആ വിഡിയോയിൽ എക്കാലത്തെയും മഹാനടൻ എന്നാണ് ഗീത ബച്ചനെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ബിഗ് ബിയുടെ വലിയ ആരാധിക എന്ന നിലയിൽ എനിക്ക് ഇത് ഏറെ പ്രിയപ്പെട്ടതാണ്– ഗീത കുറിച്ചു. ഇതിനു മറുപടിയായി ബച്ചൻ പറഞ്ഞ വാചകവും ശ്രദ്ധേയമായി. ഷോയിൽ ഞാൻ നിങ്ങളെക്കുറിച്ചു പറഞ്ഞ ഓരോ വാക്കും പൂർണമായ ആത്മാർഥതയോടെയാണ് എന്നായിരുന്നു നടന്റെ വിശദീകരണം. ഗീതയ്ക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. 

ഗീത ഗോപിനാഥിനും അമിതാഭ് ബച്ചനും പ്രശ്നങ്ങളില്ലെങ്കിലും ബച്ചൻ നടത്തിയ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. ഗീതയുടെ നേട്ടങ്ങളെക്കുറിച്ചോ അവർ ലോക രംഗത്ത് നേടിയ അംഗീകാരങ്ങളെക്കുറിച്ചോ ഒരു വാക്കുപോലും പറയാതെ അവരുടെ മുഖസൗന്ദര്യത്തെക്കുറിച്ചു മാത്രം വാചാലനായതിലാണു പലരും കുറ്റം കണ്ടത്. ലോകം അറിയുന്ന ഒരു ഇന്ത്യക്കാരിയെക്കുറിച്ച് ഇങ്ങനെയാണോ മഹാനടൻ പറയേണ്ടതെന്നും അവർ ചോദിക്കുന്നു. സ്ത്രീകളെ കേവലം ശരീരമായി മാത്രം കാണുന്ന പതിവിന് ഉദാഹരണമാണു നടന്റെ നടപടിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സൗന്ദര്യം മാത്രമല്ല കഴിവുകളും ലോകം ശ്രദ്ധിക്കണം. അങ്ങനെയായിരിക്കണം സ്ത്രീകളെ ‌ആദരിക്കേണ്ടത് എന്നും അവർ ബിഗ് ബിയെ ഓർമിപ്പിക്കുന്നു. എന്നാൽ വിവാദങ്ങളെക്കുറിച്ച് ബച്ചനോ ഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

English Summary: Fan" Gita Gopinath Tweets Big B Video, Some Point To His 'Sexist' Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com