ADVERTISEMENT

കേന്ദ്ര കൃഷി നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം അവസാനമില്ലാതെ നീണ്ടുപോകുന്നതിനിടെ പ‍ഞ്ചാബിലെ ജലന്ധറിൽ നിന്നും മറ്റും കൂടുതൽ സ്ത്രീകൾ ഡൽഹി അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾക്കു ശേഷം കർഷകർക്കു ലഭിക്കുന്ന സംഭാവനകൾ കുറയുകയും ഏതാനും ഭക്ഷണശാലകൾ അടച്ചിടുകയും ചെയ്തതിനു പിന്നാലെയാണ് സ്ത്രീകൾ കൂട്ടമായി സമരസ്ഥലത്തേക്ക് എത്തുന്നത്. 

കഴിഞ്ഞദിവസം പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗം  നിരാശരാക്കിയെന്നും സമരം ഒരുതരത്തിലും പരാജയപ്പെടരുത് എന്ന വാശിയുമായാണ് തങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും സമരസ്ഥലത്ത് പുതുതായി എത്തിയ സ്ത്രീകൾ പറയുന്നു. 45 വയസ്സുള്ള മൽകിട് കൗർ എന്ന ഗോതമ്പ് കർഷക ഒരു ട്രക്കിൽ മറ്റു 30 സ്ത്രീകൾക്കൊപ്പമാണ് കഴിഞ്ഞദിവസം എത്തിയത്. ഭർത്താവ് രണ്ടു മാസമായി സിംഘു അതിർത്തിയിലാണുള്ളത്. ഗ്രാമത്തിലെ കൃഷികാര്യങ്ങൾ അദ്ദേഹത്തിന് നോക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പിന്തുണയുമായി താൻ എത്തിയതെന്നും അവർ അറിയിച്ചു. 

അത്ര പെട്ടെന്നൊന്നും പോകാൻ വന്നതല്ല ഞങ്ങൾ. പ്രധാനമന്ത്രി ഞങ്ങളെ കാണട്ടെ. നിയമം പിൻവലിക്കാതെ ഞങ്ങൾ പിൻമാറുന്ന പ്രശ്നമേ ഉദിക്കുന്നില്ല. 50 ക്വിന്റൽ ഗോതമ്പുമായാണ് ഞങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. സമരം ചെയ്യുന്നവർ പട്ടിണി കിടക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല. എന്റെ കുടുംബത്തിലുള്ളവർ വീണ്ടും ഭക്ഷണസാധനങ്ങളുമായി വരും. സമരം തുടരാൻ തന്നെയാണു തീരുമാനം– ആത്മവിശ്വാസത്തോടെ അവർ പറയുന്നു. 

ജലന്ധറിൽ നിന്നുള്ള ജസ്‍വിന്ധർ കൗറിന് 50 വയസ്സുണ്ട്. ഭർത്താവിനെയും മകനെയും അവർ ഗ്രാമത്തിലേക്ക് തിരിച്ചയച്ചു. അവർ അവിടെ കൂടുതൽ കർഷകരെ നിയമത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തും. അടുത്ത ദിവസങ്ങളിൽ കൂടുതൽ കർഷകർ സമരം ചെയ്യാൻ എത്തും– അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ക്വിന്റലിന് 1800 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തങ്ങൾക്ക് ഇപ്പോഴും ഉൽപന്നങ്ങൾക്ക് 1000 രൂപയിൽ താഴെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നും കർഷകർ പരാതിപ്പെടുന്നു. കഷ്ടപ്പെട്ടു കൃഷി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് നഷ്ടമില്ലാത്ത വില ലഭിക്കണമെന്നും അതിനുവേണ്ടിയാണ് സമരം ചെയ്യുന്നതെന്നും തടിച്ചുകൂടിയ സ്ത്രീകൾ ഒറ്റസ്വരത്തിൽ പറയുന്നു. പച്ചനിറത്തിലുള്ള വസ്ത്രങ്ങളാണ് കൂടുതൽ സ്ത്രീകളും ധരിച്ചിരിക്കുന്നത്. കാർഷിക വിളകളുടെ നിറത്തോടുള്ള ഐക്യദാർഢ്യമായാണ് പച്ചയണിയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. 

വേറൊരു കർഷക കുടുംബം ക്യാനുകളിൽ നിറയെ വെള്ളം എത്തിക്കുന്നു. തങ്ങൾക്കു കഴിയാവുന്ന രീതിയിൽ സമരം ചെയ്യുന്ന കർഷകരെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. പച്ചക്കറികളും ധാരാളമായി സ്ത്രീകൾ കൊണ്ടുവന്നിട്ടുണ്ട്. മെത്തയും തലണയും എടുക്കാൻ അവർ മറന്നിട്ടുമില്ല. വീടിന്റെ സൗകര്യങ്ങൾ മറന്ന് സമരസ്ഥലത്തുതന്നെ ഉറങ്ങാനും അവർ പഠിച്ചിരിക്കുന്നു . എന്തുവന്നാലും പിന്നോട്ടില്ല എന്നാണ് ഈ കർഷക സ്ത്രീകൾ ഉറപ്പിച്ചു പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com