ADVERTISEMENT

സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ പ്രയത്നിക്കാനുള്ള മനസ്സ് മാത്രം മതിയെന്ന് ഒരിക്കൽ കൂടി കാട്ടിത്തരുകയാണ് മിസ് ഇന്ത്യ റണ്ണറപായി തെരഞ്ഞെടുക്കപ്പെട്ട മന്യ സിങ്ങ്. അവർ ചൂടിയ കിരീടത്തിൽ തിളങ്ങുന്നത് ആ തീഷ്‍ണമായ ആഗ്രഹങ്ങള്‍ കൂടിയാണ്. കഷ്ടപ്പാടുകളുടേയും ഇല്ലായ്മയുടേയും കടലിൽ നിന്ന് ഉയർന്ന് വന്ന ആത്മ വിശ്വാസത്തിന്റെ മുഖമാണ് ഇന്ന് മന്യ. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ, 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിലാണ് സ്വന്തം ജീവിതകഥ പറഞ്ഞത്: ‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ‍ഞാനുണ്ടാക്കിയത്.

അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്.

സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.’’ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com