sections
MORE

യുഎൻ സെക്രട്ടറി ജനറൽ മത്സരത്തിന് ഇന്ത്യൻ വംശജയും; മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അറോറ

arora
അറോറ ആകാംക്ഷ. ചിത്രം∙ ട്വിറ്റർ
SHARE

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആകാനുള്ള മത്സരത്തിൽ ഒരു ഇന്ത്യൻ വംശജയും. 34 വയസ്സുകാരി അറോറ ആകാംക്ഷയാണ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് രണ്ടാമത്തെ അവസരത്തിലേക്കും മത്സരിക്കുമെന്ന് ഉറപ്പായതിനിടെയാണ് അറോറയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പദ്ധതിയിൽ‍ കോ ഓർഡിനേറ്ററായാണ് ഇപ്പോൾ അറോറ പ്രവർത്തിക്കുന്നത്. അറോറ ഫോർ സെക്രട്ടറി ജനറൽ എന്ന ഹാഷ്ഗാടിൽ അവർ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചു. 

‘പൊതുവെ എന്റെ പ്രായത്തിലും പദവിയിലുമുള്ളവർ ഇത്തരം സ്ഥാനങ്ങളിലേക്ക് മത്സരിക്കാറില്ല. അവസരങ്ങൾക്കുവേണ്ടി കാത്തിരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ലോകം അതിന്റെ പതിവു വഴിക്കു പോകുന്നതു നോക്കി തല താഴ്ത്തി നിൽക്കുക എന്നതാണ് വിധി. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ  സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അവർ വ്യക്തമാക്കി. ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് വിശാലമായ മുറ്റത്തു നടന്നുകൊണ്ടാണ് വിഡിയോയിൽ അവർ സംസാരിക്കുന്നത്. 

‘കഴിഞ്ഞ ഏഴര പതിറ്റാണ്ടായി ഐക്യരാഷ്ട്ര സംഘടനയ്ക്ക് സ്വന്തം വാഗ്ദാനങ്ങൾ പാലിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അഭയാർഥികളെ സംരക്ഷിക്കുന്നില്ല. മനുഷ്യവകാശപ്രവർത്തകർക്കുള്ള സഹായം തുച്ഛം. സാങ്കേതിക വിദ്യയും മുന്നേറ്റവും പഴങ്കഥയായിരിക്കുന്നു. പുരോഗതിയിലേക്കു നയിക്കുന്ന ഐക്യരാഷ്ട്ര സംഘടനയെയാണ് നമുക്ക് വേണ്ടത്. എന്റെ സ്ഥാനാർഥിത്വത്തിന്റെ യഥാർഥ ലക്ഷ്യവും ലോക സംഘേടനയുടെ പുരോഗതി തന്നെ– അവർ വ്യക്തമാക്കി. ദൂരെ നിന്ന് കാര്യങ്ങൾ നോക്കിക്കാണുന്ന നിരീക്ഷകയാകാൻ എനിക്കു താത്പര്യമില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതാണ് യുഎന്നിന് നല്ലത് എന്ന അഭിപ്രായം എനിക്കില്ല– അറോറ വ്യക്തമാക്കി. 

ഇപ്പോൾ 71 വയസ്സുള്ള ഗുട്ടെറസ് വീണ്ടും മത്സരിക്കുമെന്ന് കഴിഞ്ഞ മാസമാണ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പദവി ഈ വർഷം ഡിസംബർ 31 ന് അവസാനിക്കും. പുതിയ സെക്രട്ടറി ജനറലിന്റെ പ്രവർത്തനം അടുത്ത വർഷം ജനുവരി 1 ന് തുടങ്ങും. ഐക്യരാഷ്ട്ര സംഘടനയുടെ 9–ാം സെക്രട്ടറി ജനറൽ ആണ് ഗുട്ടെറസ്. സംഘടനയുടെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഒരു വനിത ഉന്നതസ്ഥാനത്ത് ഇരുന്നിട്ടുമില്ല. സെക്യരിറ്റി കൗൺസിൽ നിർദേശപ്രകാരം ജനറൽ അംബ്ലിയാണ് സെക്രട്ടറിയെ നിയമിക്കുന്നത്. അഞ്ച് സ്ഥിരാംഗങ്ങളായ രാജ്യങ്ങളുടെ പിന്തുണയും വേണം. സ്ഥാനാർഥിയാകുന്ന വ്യക്തിയെ അംഗരാജ്യങ്ങൾ പിന്തുണയ്ക്കണം എന്ന വ്യവസ്ഥയുമുണ്ട്. 

രാഷ്ട്രീയക്കാരെ സേവിക്കുന്നത് നിർത്തി പുതിയ പ്രവർത്തനങ്ങൾ തുടങ്ങാനാണ് താൻ മത്സരിക്കുന്നതെന്നും അറോറ വ്യക്തമാക്കിയിട്ടുണ്ട്. ടൊറന്റോയിലെ യോർക് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിൽ ബിരുദം നേടിയിട്ടുണ്ട് അറോറ. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു ബിരുദാനന്തര ബിരുദം. ഇന്ത്യയിൽ ജനിച്ച അറോറയ്ക്ക് ഇന്ത്യയുടെയും കാനഡയുടെയും പാസ്പോർട്ടുകളുമുണ്ട്. 

English Summary: Indian-origin employee at UN announces her candidacy for its Secretary-General

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA