ADVERTISEMENT

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന്  പിടിയിലായ യുവതിയുടെ ദയനീയാവസ്ഥ കണ്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥൻ. അമേരിക്കയിലെ കെൻറുക്കിയിലാണ് ഹൃദയസ്പർശിയായ രംഗങ്ങൾ അരങ്ങേറിയത്. ഗാർഹിക പീഡനത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ ലാട്രസ് കറി എന്ന യുവതിയാണ് കാറിൽ അമിതവേഗതയിൽപാഞ്ഞത്.

ലാട്രസിന്റെ കാർ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇവരെ പിന്തുടർന്ന് എത്തുകയായിരുന്നു.എന്നാൽ പോലീസ് വാഹനം പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ലാട്രസ് വാഹനം നിർത്താൻ കൂട്ടാക്കാതെ മുന്നോട്ട് തന്നെ നീങ്ങി. തുടർന്ന്  ഒന്നിലധികം പോലീസ് വാഹനങ്ങൾ ലാട്രസിന് പിന്നാലെ എത്തി. എല്ലാ ഭാഗത്തുനിന്നും  പോലീസ് വാഹനങ്ങൾ എത്തിയതോടെ ഗത്യന്തരം ഇല്ലാതെ അവർ കാർ ഒരു പാർക്കിംഗ് ഏരിയയിലേക്ക് നീക്കി.

ഇതോടെ പോലീസ് ഉദ്യോഗസ്ഥർ കൈകളിൽ തോക്കുകളുമായി ലാട്രസിന്റെ കാറിനെ വളയുകയായിരുന്നു. പോലീസുദ്യോഗസ്ഥർ പല തവണ  ആവശ്യപ്പെട്ടെങ്കിലും  പുറത്തേക്ക് ഇറങ്ങാൻ യുവതി കൂട്ടാക്കിയില്ല. തുടർന്ന് റിച്ചാർഡ്സൺ എന്ന ഉദ്യോഗസ്ഥൻ ഡ്രൈവിംഗ് സീറ്റിലേക്ക് നീങ്ങി ഡോർ തുറന്ന് ലാട്രിസിനു നേരെ തോക്കുചൂണ്ടുന്നതായി ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം.

ഇരുകൈകളും മുകളിലേക്കുയർത്തി സീറ്റ് ബെൽറ്റ് പോലും നീക്കാൻ ആവാത്ത വിധം ഭയന്നുവിറച്ച് അവസ്ഥയിലായിരുന്നു ലാട്രസ് .യുവതിയുടെ മാനസികാവസ്ഥ മനസ്സിലായതോടെ അവരെ കൂടുതൽ ഭയപ്പെടുത്തുന്നതിനു പകരം സമാധാനിപ്പിക്കുകയാണ് ശരിയെന്ന് തനിക്ക് തോന്നിയതായി റിച്ചാഡ്സൺ പറയുന്നു. തോക്കു മാറ്റിയ ശേഷം യുവതിയുടെ അരികിലേക്ക് നീങ്ങിയ റിച്ചാർഡ്സൺ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ  പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ തോളിലേക്ക് ചാഞ്ഞ ലാട്രസിനെ ഉദ്യോഗസ്ഥൻ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. 

23 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കുറ്റവാളികളെ പലതവണ പിന്തുടർന്നിട്ടുണ്ടെങ്കിലും  ഇത്തരമൊരു അനുഭവം ഇതാദ്യമാണ് എന്ന് റിച്ചാർഡ്സൺ  പറയുന്നു. ഭർത്താവുമായുള്ള  കലഹത്തിന് ശേഷം ഏറെ മാനസികസംഘർഷത്തോടെ കാറിൽ സഞ്ചരിക്കുന്നതിനിടെ പോലീസ് പിന്തുടരുന്നത് കൂടി കണ്ടതോടെ യുവതി പരിഭ്രാന്തിയിൽ ആവുകയായിരുന്നു.

ട്രാഫിക് നിയമലംഘനത്തിനും അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതിനും ലാട്രസിനെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. മാനസികസംഘർഷം അനുഭവിച്ചിരുന്ന താൻ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള നിലയിലായിരുന്നില്ല എന്നാണ് ലാട്രസ് മൊഴി നൽകിയിരിക്കുന്നത്.

English Summary: Moment when Kentucky cop puts away his gun and HUGS a woman, 41, after a car chase when it turns out she was fleeing domestic violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com