ADVERTISEMENT

പാര്‍ലമെന്റിലെ ഓഫിസ് മുറിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിയോട് പരസ്യമായി മാപ്പു പറഞ്ഞ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഔദ്യോഗിക സ്ഥാപനങ്ങളില്‍ പീഡനം തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. 2019 മാര്‍ച്ചില്‍ പ്രതിരോധ മന്ത്രി ലിന്‍ഡ റെയ്നോള്‍ഡ്സിന്റെ ഓഫിസില്‍ വച്ചായിരുന്നു പീഡനം എന്നാണ് യുവതി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന ലിബറല്‍ പാര്‍ട്ടി അംഗമാണ് പീഡിപ്പിച്ചതെന്നും  യുവതി പറഞ്ഞിരുന്നു. 

സംഭവം നടന്നു പിറ്റേ മാസം തന്നെ താന്‍ പൊലീസുമായി സംസാരിച്ചെന്നും എന്നാല്‍ ഔദ്യോഗികമായി പരാതി നല്‍കിയില്ലെന്നും യുവതി പറയുന്നു. പൊലീസ് അന്വേഷണം തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് ഭയപ്പെട്ടതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറയുന്നു. പരാതിക്കാരി തങ്ങളോട് സംസാരിച്ചത് സത്യമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. എന്നാല്‍ പരാതി നല്‍കാത്തതിനാല്‍ അന്വേഷണം നടത്തിയില്ലെന്നാണ് അവരുടെ വിശദീകരണം. പ്രതിരോധ മന്ത്രിയുടെ ഓഫിസില്‍ ഉന്നതല തല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം എന്നാണു യുവതി പറയുന്നത്. യുവതി തന്നോട് പീഡന വിവരം പറഞ്ഞെന്ന് പ്രതിരോധ മന്ത്രിയും വ്യക്തമാക്കി. എന്നാല്‍ പരാതി നല്‍കരുതെന്ന് താന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നു മന്ത്രി പറയുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി യുവതിയോട് പരസ്യമായി മാപ്പു പറഞ്ഞത്. 

അതൊരിക്കലും സംഭവിക്കരുതായിരുന്നു. ആ സംഭവത്തിന്റെ പേരില്‍ ഞാന്‍ മാപ്പു പറയുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരുംസന്ദര്‍ശിക്കുന്നവരുമായ എല്ലാ സ്ത്രീകളും സുരക്ഷിതരാണെന്നും ഞാന്‍ ഉറപ്പു തരുന്നു - പ്രധാനമന്ത്രി വ്യക്തമാക്കി. ലിബറല്‍ പാര്‍ട്ടി അംഗങ്ങളില്‍ പലരും സ്ത്രീകളോട് മോശമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവവും വെളിപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com