sections
MORE

ശബ്നം തലപിടിച്ചു; സലീം ഓരോരുത്തരുടെയും തലയറുത്തു; കൊലക്കയറിനു മുന്നിൽ ഇന്ത്യയിലെ ആദ്യ വനിതാ കുറ്റവാളി!

killer-women
SHARE

രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരു വനിത, ആറാം ക്ലാസ്സിനുശേഷം സ്കൂളില്‍ നിന്നു പുറത്താക്കപ്പെടുന്ന യുവാവുമായി പ്രണയത്തിലായതോടെ കുടുംബത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് അവസാനിച്ചത്. 7 പേരുടെ കോലപാതകത്തില്‍. പ്രതിയായ ശബ്നം ഇപ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതയായി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നു. ഇക്കഴിഞ്ഞ 18 ന് ശബ്നത്തിന്റെ 12 വയസ്സുകാരനായ മകന്‍ രാഷ്ട്രപതിക്ക് ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു; തന്റെ അമ്മയോട് ക്ഷമിക്കണം എന്നാവശ്യപ്പെട്ട്. നിയമപരമായ ഏതാണ്ടെല്ലാ സാധ്യതകളും ഉപയോഗിച്ചിട്ടും ശബ്നത്തിന്റെ വധശിക്ഷ ഉറപ്പായ സാഹചര്യത്തിലായിരുന്നു അവസാന ആശ്രയം എന്ന നിലയില്‍ മകന്റെ ഹര്‍ജി. 

ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ മാത്രമാണ് നിലവില്‍ രാജ്യത്ത് വനിതകളെ തൂക്കിക്കൊല്ലാന്‍ സൗകര്യമുള്ളത്. അവിടെയാണ് ശബ്നത്തിനുവേണ്ടിയും കൊലക്കയര്‍ ഒരുങ്ങുന്നത്. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ പവന്‍ കുമാര്‍ ഏതാനും ദിവസങ്ങള്‍ക്കകം മഥുരയിലെ ജയിലില്‍ എത്തും. വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വേണ്ടി. 

ഉത്തര്‍ പ്രദേശില്‍ പടിഞ്ഞാറന്‍ പ്രദേശമായ അമ്രോഹിയില്‍ ഹസന്‍പൂര്‍ എന്ന സ്ഥലത്താണ് ശബ്നം ജനിച്ചുവളര്‍ന്നത്. ഇംഗ്ലിഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനനന്തര ബിരുദം നേടിയ അവര്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായിരുന്നു. എന്നാല്‍ പ്രഥമിക വിദ്യാഭ്യാസം മാത്രമുള്ള സലീമുമായി ശബ്നം പ്രണയത്തിലായതോടെ കുടുംബത്തില്‍ എതിര്‍പ്പുയര്‍ന്നു. തടിവെട്ടു കടയിലായിരുന്നു സലീമിനു ജോലി. പ്രോസിക്യൂഷന്‍ വാദം അനുസരിച്ച് 2008 ഏപ്രില്‍ 14 ന് രാത്രി ശബ്നം തന്റെ കുടുംബത്തിലെ അറുപേരെ മരുന്ന് കൊടുത്ത് മയക്കി. ആര്‍ഷ് എന്ന കുട്ടിയൊഴികെ കുടുംബത്തിലെ എല്ലാവരെയും. സലിം ഒരു കൈക്കോടാലി ഉപയോഗിച്ച് ഓരോരുത്തരുടെയായി തല വെട്ടിയെടുത്തു. സലീമിന് ഘോരകൃത്യം ചെയ്യാനുള്ള സൗകര്യത്തിനുവേണ്ടി തലമുടിയില്‍ പിടിച്ച് സഹായിച്ചത് ശബ്നം ആയിരുന്നത്രേ. അതിനുശേഷം 10 വയസ്സ് മാത്രമുള്ള ആര്‍ഷ് എന്ന കുട്ടിയെ ശ്വാസം മുട്ടിച്ചും കൊന്നു എന്നാണ് കേസ്. 

കുറ്റകൃത്യത്തിന് 5 ദിവസത്തിനുശേഷം ശബ്നവും സലീമും അറസ്റ്റിലായി. ഇരുവരുടെയും വയസ് ഇരുപതുകളിലായിരുന്നു. ശബ്നം ആകട്ടെ 7 മാസം ഗര്‍ഭിണിയും. അതേ വര്‍ഷം ശബ്നം ഒരാണ്‍കുട്ടിക്ക് ജന്‍മം നല്‍കുകയും ചെയ്തു. 12 വയസ്സുള്ള ആ കുട്ടിയാണ് ഇപ്പോള്‍ അമ്മയ്ക്കുവേണ്ടി ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. 

2010 ല്‍ അമ്രോഹ സെഷന്‍സ് കോടതി രണ്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചു. 2013 ല്‍ അലഹബാദ് ഹൈക്കോടതിയും 2015 ല്‍ സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. എന്നാല്‍ 10 ദിവസത്തിനുശേഷം കോടതി വധശിക്ഷ തടഞ്ഞു. 2015 ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണറായ റാം നിയിക്കിന് ശബ്നം ദയാഹര്‍ജി സമര്‍പ്പിച്ചു. മകനെ വളര്‍ത്താന്‍വേണ്ടി ശിക്ഷയില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട്. എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. 2016 ല്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും ദയാഹര്‍ജി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതിയും നല്‍കി. 

കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടതിനുശേഷം ആള്‍ക്കാരെ വിളിച്ചുകൂട്ടിയതും ശബ്നം തന്നെയായിരുന്നു. അജ്ഞാതര്‍ വീട്ടില്‍കയറി കൊല നടത്തി എന്നാണു ശബ്ദം അന്നു പറഞ്ഞത്. എന്നാല്‍ അന്വേഷണം പുരോഗമിക്കവെ ശബ്നവും സലീം പരസ്പരം എതിര്‍ത്തു മൊഴി കൊടുത്തു. രാത്രി സലീം വീട്ടില്‍ കയറി എല്ലാവരെയും കൊന്നു എന്നായിരുന്നു ശബ്നത്തിന്റെ മൊഴി. എന്നാല്‍ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ എത്തിയപ്പോള്‍ ശബ്നം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിക്കഴിഞ്ഞു എന്നായിരുന്നു സലീമിന്റെ വാദം. 

ശബ്നത്തിന്റെ ഏകമകന്‍ ആദ്യ വര്‍ഷങ്ങളില്‍ അമ്മയ്ക്കൊപ്പം ജലിയില്‍ തന്നെയായിരുന്നു. പിന്നീട് സര്‍ക്കാര്‍ സംരക്ഷണമുള്ള ഒരു കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ശബ്നത്തിന്റെ കൂടെ കോളജില്‍ പഠിച്ചിരുന്ന സഹപാഠിയുടെയും ഭാര്യയുടെയും കൂടെയാണ് ഇപ്പോള്‍ കുട്ടി ജീവിക്കുന്നത്. 

English Summary: Explained: The case of Amroha’s Shabnam, the first woman likely to be hanged after Independence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA