ADVERTISEMENT

മെക്സിക്കന്‍ ലഹരികടത്തു നേതാവ് ജോക്വിന്‍ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണല്‍ എസ്പുറോ യുഎസില്‍ അറസ്റ്റില്‍. ഗുസ്മാന്‍ ജയിലിലായതോടെ ലഹരി കടത്തിന്റെ അധോലോക ബന്ധങ്ങള്‍ നിയന്ത്രിക്കുകയും  മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് എമ്മ എന്ന 31കാരിയെ അമേരിക്കയിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി അറസ്റ്റ് ചെയ്തിരിക്കുന്നത്. 

വടക്കന്‍ വെര്‍ജീനിയയിലെ വിമാനത്താവളത്തില്‍ 2014 ല്‍ അറസ്റ്റിലായ ഗുസ്മാനെ കുറ്റം ചുമത്തി വിചാരണ ചെയ്ത ദിവസങ്ങളിൽ കോടതിയിലെത്തിയതോടെയാണ് എമ്മ  ശ്രദ്ധിക്കപ്പെട്ടത്. അക്കാലത്ത് ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ ഗുസ്മാന്‍ അമേരിക്കന്‍ ജയിലിലായി. പിന്നീട് ആ സംഭവത്തെക്കുറിച്ച് കാര്യമായ വാര്‍ത്തകള്‍ ഇല്ലാതിരിക്കെയാണ് ഇപ്പോള്‍ എമ്മ പിടിയിലായിരിക്കുന്നത്. ലഹരി കടത്ത് ആരോപിച്ച് മെക്സിക്കോയുടെ മുന്‍ പ്രതിരോധ മന്ത്രിയെ കഴിഞ്ഞ ഒക്ടോബറില്‍ തടഞ്ഞുവയ്ക്കപ്പെട്ട സംഭവത്തിനുശേഷം അധോലോക മാഫിയയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സംഭവം കൂടിയായിരിക്കുകയാണ് എമ്മയുടെ അറസ്റ്റ്. അമേരിക്ക- മെക്സിക്കോ ഉഭയകക്ഷി ബന്ധങ്ങളിലും അറസ്റ്റ് കരിനിഴല്‍ വീഴ്ത്തുമെന്നാണ് ആശങ്ക. 

ഹെറോയിന്‍, കൊക്കെയ്ന്‍, മരിജുവാന ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ വന്‍തോതില്‍ മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തി എന്ന കുറ്റമാണ് എമ്മയില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ അവരെ ചൊവ്വാഴ്ച ഹാജരാക്കിയേക്കും. 2015 ല്‍ മെക്സിക്കോയിലെ ജയിലില്‍ നിന്ന് ഗുസ്മാനെ രക്ഷപ്പെടുത്തിയതും എമ്മയാണെന്ന് കുറ്റപത്രം പറയുന്നു. ഈ സംഭവത്തിനുശേഷമാണ് 63കാരനായ അധോലോക കുറ്റവാളിയെ മെക്സിക്കോ അമേരിക്കയ്ക്ക് കൈമാറുന്നതും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാകുന്നതും. 

എമ്മ മെക്സിക്കോയിലെ നിയമപ്രകാരം ഇപ്പോഴും കുറ്റവാളിയല്ല. അമേരിക്കയില്‍ മാത്രമാണ് അവര്‍ക്കെതിരെ കേസുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അറസ്റ്റ് പൂര്‍ണമായും അമേരിക്കന്‍ നിയന്ത്രണത്തിലുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മെക്സിക്കന്‍ അധികാരികളെ അറിയിക്കാതെയും അവരുമായി കൂടിയാലോചന നടത്താതെയുമാണ് അറസ്റ്റെന്ന ആരോപണവും ഉയരുന്നുണ്ട്. മെക്സിക്കന്‍ മന്ത്രി തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. 

ലഹരി കടത്തും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍, അക്രമങ്ങള്‍ എന്നിവയ്ക്കും  ജീവപര്യന്തം തടവിനു പുറമെ 30 വര്‍ഷത്തെ തടവിനു കുടിയാണ് ഗുസ്മാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അറസ്റ്റിനു ശേഷം എമ്മയായിരുന്നത്രേ ലഹരി ഇടപാടുകള്‍ നിയന്ത്രിച്ചുകൊണ്ടിരുന്നത്. എന്തായാലും എമ്മയുടെ അറസ്റ്റോടെ രാജ്യാന്തര രംഗത്തെ ഏറ്റവും വലിയ വനിതാ കുറ്റവാളിയാണ് അമേരിക്കയില്‍ അറസ്റ്റിലായിരിക്കുന്നത്. 

English Summary: Wife Of Mexican Drug Lord El Chapo Arrested In US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com