ADVERTISEMENT

വനിതാ ദിനത്തിനു മുന്നോടിയായി പ്രശസ്ത പ്രെഗ്നന്‍സി കിറ്റ് ബ്രാന്‍ഡായ പ്രഗാ ന്യൂസ് പുറത്തിറക്കിയ വിഡിയോ ചിത്രം സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കകം യൂ ട്യൂബില്‍ പത്തു ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. പരസ്യത്തെക്കാളേറെ അതു മുന്നോട്ടുവയ്ക്കുന്ന സന്ദേശമാണ് പലരെയും ആകര്‍ഷിച്ചതും. വന്ധ്യത എന്നതാണ് പ്രഗാ ന്യൂസ് പുറത്തിറക്കിയ ഹ്രസ്വചിത്രത്തിലെ പ്രമേയം. വന്ധ്യത എങ്ങനെ അതിന് ഇരകളാകുന്ന സ്ത്രീകളുടെ ജീവിതം തകര്‍ന്നുവെന്നും.

വന്ധ്യതയുടെ കാര്യത്തില്‍ ലക്ഷക്കണക്കിനു പേര്‍ നിശ്ശബ്ദമായി സഹിക്കുന്നവരാണ്. അവരുടെ വേദനയും അടിച്ചമര്‍ത്തലും അവഗണനയും പുറത്തു പറയാനാകാത്ത വ്യഥകളും. എന്നാല്‍ ഇത്തവണത്തെ വനിതാ ദിനത്തില്‍ ഞങ്ങള്‍ക്കു നിങ്ങളോട് പറയാനുള്ളത് വന്ധ്യതയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും പൊട്ടിച്ചെറിയണമെന്നാണ്. വന്ധ്യത 

മറയ്ക്കപ്പെടേണ്ടതോ രഹസ്യമായി കൊണ്ടുനടക്കേണ്ടതോ ആയ ഒരു വിഷയമല്ല. പ്രസവിച്ചാലും ഇല്ലെങ്കിലും ഓരോ സ്ത്രീയും അവരുടേതായ അര്‍ഥത്തില്‍ പൂര്‍ണതയുള്ള വ്യക്തികളാണ്- ചിത്രത്തിനു മുന്നോടിയായി പ്രെഗാ ന്യൂസ് എഴുതി. 

അവള്‍ അവളില്‍ തന്നെ പൂര്‍ണതയുള്ളവളാണ് - എന്നര്‍ഥം വരുന്ന #ShecompleteInHerself എന്നൊരു ഹാഷ്ടാഗും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. പരസ്യചിത്രത്തില്‍ മോന സിങ് എന്ന നടിയാണ് അഭിനയിക്കുന്നത്. ഇതുവരെ പ്രസവിച്ചിട്ടില്ലാത്ത കുടുംബത്തിലെ മൂത്ത മരുമകളുടെ വേഷത്തിലാണ് മോന അഭിനിയിച്ചിരിക്കുന്നത്. എന്നാല്‍ കുടുംബത്തിലെ 

ഇളയ മരുമകള്‍ ഗര്‍ഭിണിയാണ്. അവര്‍ ഒരു കുട്ടിക്കുവേണ്ടി ഒരുങ്ങുകയാണ്. ആ സന്തോഷത്തില്‍ പങ്കുചേരുകയാണ് മോന സിങ്ങും. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ അവരെ കാര്‍ന്നുതിന്നുന്ന വിഷാദം പ്രേക്ഷകര്‍ക്കു മനസ്സിലാകുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടുംബത്തിലെ ഒരു വ്യക്തി മോന സിങ്ങിനോട് ഒരു ചോദ്യം ചോദിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. അതോടെ പ്രേക്ഷകരുടെ കണ്ണിനൊപ്പം മനസ്സും നിറയുന്നു. 

പ്രസവിക്കുന്നവരും അല്ലാത്തവരുമായി സ്ത്രീകളെ വേര്‍തിരിച്ചു കാണുന്ന സമൂഹത്തിന്റെ മനോഭാവത്തിനെതിരെയാണ് പരസ്യ ചിത്രം. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനുപേരാണ് ചിത്രം കണ്ട് സന്തോഷവും അഭിനന്ദനവും രേഖപ്പെടുത്തുന്നത്. 

English Summary: Women's Day 2021: This Mona Singh Ad Is Going Viral With A Powerful Hashtag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com