ADVERTISEMENT

2003 ൽ തന്റെ പതിനാറാം വയസ്സിൽ 1.8 മില്യൺ പൗണ്ട്  (17 കോടി 98 ലക്ഷം) ലോട്ടറിയിലൂടെ നേടിയതോടെ കാലീ റോജേഴ്സ് എന്ന് കംബ്രിയ സ്വദേശിനി വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ 18 വർഷങ്ങൾക്കിപ്പുറം കാലീയുടെ അവസ്ഥ ആരെയും  അമ്പരപ്പിക്കുന്ന നിലയിലാണ്. കോടികളുടെ ഉടമയായിരുന്ന കാലീ ഇപ്പോൾ സ്വന്തമായി ഒരു രൂപ പോലും എടുക്കാൻ ഇല്ലാതെ സർക്കാർ ധനസഹായത്തിൽ കഴിയുകയാണ്.

കൊക്കെയ്ൻ ഉപയോഗിച്ച നിലയിൽ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട ശേഷം കോടതിയിൽ എത്തിയപ്പോഴാണ് കാലീയുടെ ജീവിതകഥ പുറംലോകമറിയുന്നത്. ലോട്ടറിയായി ലഭിച്ച മുഴുവൻ തുകയും ആഡംബര ജീവിതത്തിലൂടെ കാലീക്ക് നഷ്ടമാവുകയായിരുന്നു. 18 വർഷത്തിനിടെ നിരവധി പ്രണയബന്ധങ്ങളും  ഇവർക്കുണ്ടായിരുന്നു. 33കാരിയായ കാലീ ഇപ്പോൾ 4 കുട്ടികളുടെ അമ്മയുമാണ്. കഴിഞ്ഞ ഡിസംബറിലാണ് സുഹൃത്തായ ജെയ്സൺ ഫിയറണുമൊത്ത് യാത്ര ചെയ്യുന്നതിനിടെ ഇവർ പോലീസ് പിടിയിലായത്.

ലോട്ടറി നേടുന്ന സമയത്ത് മാതാപിതാക്കൾക്കൊപ്പം കംബ്രിയയിലെ വീട്ടിൽ കഴിയുകയായിരുന്നു കാലീ. പണം ലഭിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ നിക്കി ലോസൺ എന്ന വ്യക്തിയുമായി പ്രണയബന്ധത്തിലായ കാലീ ഒന്നേമുക്കാൽ കോടിയിലധികം രൂപ വിലവരുന്ന ബംഗ്ലാവിലേക്ക് താമസം മാറ്റി. അഞ്ചുവർഷത്തോളം ആ ബന്ധം തുടർന്നിരുന്നു. അതിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച കാലീ തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് മാറിടത്തിന്റെ അഴക്  വർധിപ്പിക്കാൻ വേണ്ടി 16 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു. രണ്ടരക്കോടിയോളം  രൂപ സുഹൃത്തുക്കളുമൊത്തുള്ള പാർട്ടികളിൽ ലഹരി വസ്തുക്കൾ വാങ്ങുന്നതിന് മാത്രമായി  ചിലവഴിച്ചതായും മുൻപ് കാലീ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമേ മൂന്നു കോടിയോളം രൂപയുടെ ആഢംബര വസ്ത്രങ്ങളും വാങ്ങിക്കൂട്ടി.

പണം കൈയ്യിൽ എത്തിയതോടെ അടുത്തു കൂടിയ ബന്ധുക്കൾക്കും സുഹൃത്തുക്കളുമായി 9 കോടിയിലധികം രൂപയാണ് കാലീ നൽകിയത്. എന്നാൽ തന്റെ പണത്തിൽ മാത്രം കണ്ണുനട്ടായിരുന്നു പലരും സുഹൃത്ത് ബന്ധം സ്ഥാപിച്ചത് എന്ന് അറിയാൻ വൈകിയെന്നും കാലീ പറയുന്നു. എല്ലാം നഷ്ടപ്പെട്ടതോടെ പിന്നീട് സർക്കാർ നൽകുന്ന ധനസഹായം കൈപ്പറ്റി ജീവിക്കേണ്ട നിലയിൽ ആവുകയായിരുന്നു ഇവർ. പക്വതയെത്താത്ത പ്രായത്തിൽ ഇത്രയധികം പണം കയ്യിൽ വന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ പോയതാണ് തനിക്ക് പറ്റിയ തെറ്റെന്നാണ് കാലീയുടെ ഏറ്റുപറച്ചിൽ .  ആവശ്യത്തിലധികം പണം കയ്യിൽ വരുന്നവർക്ക് തന്റെ ജീവിതം ഒരു പാഠമാകട്ടെ എന്നും കാലീ കൂട്ടിച്ചേർക്കുന്നു.

English Summary: Britain's youngest lottery winner Callie Rogers is penniless and living on benefits 18 years after scooping £1.8m when she was just 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com