sections
MORE

51 വെട്ടിലെ ഉണങ്ങാത്ത മുറിവ്; കെ.കെ. രമ ഒരു മുന്നണിയുടെ മാത്രം പ്രതിനിധിയല്ല...!

SHARE

പാർട്ടികൾ പരസ്പരം പകപോക്കുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാക്കപ്പെടുന്ന ചില പച്ചമനുഷ്യരുണ്ട്. ഏത് ദുരന്തത്തിന്റെയും ബാക്കിപത്രം പോലെ സ്ത്രീകളും കുട്ടികളും തന്നെയായിരിക്കും ഈ കൊലപാതകങ്ങളുടെയും ഇരകൾ. ഒരുജന്മം മുഴുവൻ കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ ചുടുചോര തെറിച്ച പാടുകൾ അവരുടെ മനസ്സിൽ നിന്നും മായില്ല. കേവലം ഒരു മുന്നണിയുടെ മാത്രം പ്രതിനിധിയല്ല കെ.കെ. രമ. അക്രമരാഷ്ട്രീയത്തിന്റെ ഇരകളാകുന്ന നിരവധി കുടുംബങ്ങളുടെ പ്രതിനിധിയാണ്. മുന്നണി നോക്കിയാകരുത് രമ എന്ന ഉറച്ച നിലപാടുള്ള സ്ഥാനാർഥിയുടെ ജയ–പരാജയങ്ങളെ വിലയിരുത്തേണ്ടത്. പകരം അക്രമ രാഷ്ട്രീയത്തിന്റെ ഇരകളാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധി കൂടിയാണവർ. ഭർത്താവിന്റെ കൊലപാതകികൾ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യം ഉന്നയിച്ച് രമ നടത്തിയ പോരാട്ടങ്ങൾ ആഭ്യന്തര വകുപ്പിനെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. ടി പിയുടെ ചോരവീണ മണ്ണിൽ നിന്നും രമ വോട്ട് തേടുമ്പോൾ അതിന് വ്യത്യസ്തമായ രാഷ്ട്രീയമാനം കൈവരുന്നു. രാഷ്ട്രീയ വൈര്യം മൂലം മരിച്ചുവീഴുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഉയരേണ്ടതായിരിക്കണം അവരുടെ ശബ്ദം.

രാഷ്ട്രീയ കേരളം ഇന്നും മറന്നു കാണില്ല  ആ ചിത്രം. ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്ക്കു മുന്നിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ് അച്യുതാനന്ദൻ കൈകൂപ്പി നിൽക്കുന്ന ചിത്രം. അന്ന് എല്ലാ പത്രങ്ങളുടെയും ഒന്നാം പേജിൽ ഇടം നേടിയിരുന്നു. ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്ന ചിത്രം ടിപി വധക്കേസിൽ സിപിഎമ്മിന്റെ കുറ്റസമ്മതമെന്ന പോലെയാണ് പ്രചരിക്കപ്പെട്ടത്. അതുവരെ കേൾക്കാതിരുന്ന ഒരു പദപ്രയോഗവും ടിപി വധത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ കേരളം കേട്ടു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം. വിഎസ്, ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചതും പിണറായിയുടെ കുലംകുത്തി പ്രയോഗവും ടിപി വധക്കേസിൽ സിപിഎമ്മിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടാക്കി. 

ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് ആശയങ്ങൾ മുറുകെ പിടിച്ച രമ യുഡിഎഫിന്റെ ഭാഗമായി വടകരയിൽ നിന്ന് ജനവിധി തേടുകയാണ്. എന്തുകൊണ്ട്  യുഡിഎഫ് എന്നു ചോദിച്ചാൽ ‘സഖാക്കളെ നിങ്ങളെന്നെ വലതുപക്ഷത്തെത്തിച്ചു എന്നായിരിക്കും കെ.കെ. രമയുടെ മറുപടി.’  രമയുടെ ഹൃദയത്തിൽ നിന്നും ഇന്നും ഉണങ്ങിയിട്ടില്ല 51 വെട്ടേൽപിച്ച ആഴത്തിലെ മുറിവ്. ടിപി ചന്ദ്രശേഖരനെയും ആർഎംപിയെയും കുറിച്ച് പറയാതെ കെ.കെ. രമ എന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രം പൂർണമാകില്ല. രാഷ്ട്രീയ രേഖ പരിശോധിച്ചാൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റും സെൻട്രൽ കമ്മറ്റി അംഗവുമായിരുന്നു കെ.കെ. രമ. എന്നാൽ വിവാഹ ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. ഭർത്താവ് ടി.പി ചന്ദ്രശേഖരൻ സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ടപ്പോൾ രമയും ഒപ്പം നിന്നു. 

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ടി.പി ചന്ദ്രശേഖരൻ കമ്യൂണിസ്റ്റ് പാർട്ടിക്കു വേരോട്ടമുള്ള ഒഞ്ചിയത്തിന്റെ മണ്ണിൽ റവല്യൂഷണറി മാക്സിസ്റ്റ് പാർട്ടിക്ക് രൂപം നൽകി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎംപി പാനലിൽ ചന്ദ്രശേഖരൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2012 മെയ് 4ന് രാത്രി ഒഞ്ചിയത്ത് വച്ച് അക്രമികൾ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു പിന്നിൽ സിപിഎമ്മാണെന്നു തന്നെയാണ് അന്നും ഇന്നും രമ വിശ്വസിക്കുന്നത്. ടി.പിയുടെ മരണശേഷം ആർഎംപിയുടെ ചുമതലയേറ്റെടുത്ത് സജീവ രാഷ്ട്രീയ പ്രവർത്തകയായി രമ മാറി. ടിപി വധക്കേസിൽ സിപിഎം ഏറെക്കാലം പ്രതിക്കൂട്ടിലായി. പിന്നീട് സമവായ ശ്രമങ്ങളുമായി സിപിഎം എത്തിയെങ്കിലും രമ വഴങ്ങിയില്ല. ജീവിതം തകർത്ത പാർട്ടിയുമായി ഒത്തുതീർപ്പില്ലെന്ന ഉറച്ച നിലപാടുമായാണ് കെ.കെ. രമയെ മത്സര രംഗത്തേക്ക് ഇറക്കിയത്. 2016ൽ നിയമസഭയിലേക്കും 2019ൽ ലോക്സഭയിലേക്കും രമ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.   

വടകര നഗരസഭയും, ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് വടകര നിയോജകമണ്ഡലം. 2016ലെ കണക്കു പ്രകാരം 1,58,907 വോട്ടർമാർ. യിരുന്നു. വെറും ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല രമ. കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നിന്റെ ഇരകൂടിയാണ് അവർ. യുഡിഎഫിന്റെ പിന്തുണയോടെ രമ മത്സരിക്കുമ്പോൾ ഇടതു കോട്ടകൊത്തളങ്ങൾ  തകർന്നു വീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

English Summary: Election Special Story About K K Rama

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA