ADVERTISEMENT

വാർധക്യകാലത്ത് പല സാഹചര്യങ്ങൾ കൊണ്ട്  വിവാഹിതരാകുന്ന ദമ്പതികളെ കുറിച്ചുള്ള വാർത്തകൾ  അടുത്ത കാലങ്ങളിലായി  വാർത്തകളിൽ ഇടം നേടുന്നുണ്ടെങ്കിലും എഴുപതു കടന്ന ശേഷം വിവാഹാലോചനകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകുന്നവർ ഇന്ത്യയിൽ അപൂർവ്വമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ 73-ാം വയസ്സിൽ രണ്ടാം വിവാഹത്തിനായി ആലോചനകൾ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നൽകി  സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് കർണാടക സ്വദേശിനിയായ റിട്ടയേർഡ് അധ്യാപിക.

ചെറുപ്പകാലത്ത് തന്നെ വിവാഹിതയായിരുന്നുവെങ്കിലും  പിന്നീട് ഇവർ വിവാഹമോചനം നേടുകയായിരുന്നു. മാതാപിതാക്കളും മരണപ്പെട്ടതോടെ തികച്ചും  ഒറ്റപ്പെട്ടുപോയതിനാലാണ്  ജീവിതപങ്കാളി വേണമെന്ന തീരുമാനത്തിലെത്തിയത് എന്ന് ഇവർ പറയുന്നു. വീടിനുള്ളിൽ വീണുപോയാൽ പിടിച്ച് എഴുന്നേൽപ്പിക്കാനെങ്കിലും ഒപ്പം ഒരാൾ ഉണ്ടാവണമെന്ന ചിന്ത ഏറി വന്നതോടെ പത്ര പരസ്യം നൽകാൻ തീരുമാനിക്കുകയായിരുന്നു.

തന്നെക്കാൾ പ്രായംചെന്ന ആളുകളിൽ നിന്നുമാണ് മുൻ അധ്യാപിക വിവാഹ ആലോചനകൾ ക്ഷണിച്ചിരിക്കുന്നത്. വരൻ  ആരോഗ്യമുള്ള വ്യക്തി ആയിരിക്കണമെന്നും എടുത്തുപറയുന്നു.  ബ്രാഹ്മണരിൽ നിന്നും മാത്രമാണ് ആലോചനകൾ ക്ഷണിച്ചിരിക്കുന്നത് എന്നതും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഭർത്താവ് എന്നതിലുപരി ശേഷിച്ച ജീവിതകാലത്തേക്കുള്ള ഒരു കൂട്ടാണ് തനിക്ക് ആവശ്യം എന്നും ഇവർ പറയുന്നു.

 ചുറ്റുമുള്ള സമൂഹത്തെ ഭയപ്പെടാതെ സധൈര്യം ഇത്തരമൊരു തീരുമാനം എടുത്തതിന് അധ്യാപികയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് മുന്നോട്ടു വരുന്നവരിൽ ഏറെയും യുവതലമുറയിൽ പെട്ടവരാണെന്നതും ശ്രദ്ധേയമാണ്.  സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്ന പല തെറ്റായ പ്രവണതകളും തകർക്കാൻ ഈയൊരൊറ്റ വിവാഹ പരസ്യത്തിലൂടെ  സാധിക്കുമെന്ന അഭിപ്രായമാണ്  യുവജനത പങ്കുവയ്ക്കുന്നത്. ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാണിവർ എന്നും പലരും പ്രതികരിക്കുന്നു. അതേസമയം  അധ്യാപികയുടെ ജീവിത സാഹചര്യത്തെയും പ്രായത്തെയും മുതലെടുത്ത് പലരും കബളിപ്പിക്കാൻ സാധ്യതയുള്ളതിനാൽ  ഏറെ കരുതലോടെ ഇരിക്കണമെന്ന മുന്നറിയിപ്പും പലരും പങ്കുവയ്ക്കുന്നുണ്ട്.

English Summary: At 73, retired Karnataka teacher places ad for life partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com