ADVERTISEMENT

ആലപ്പുഴ∙ഓരോ നിയമസാഭാ തിരഞ്ഞെടുപ്പിലും ഒരുവനിതയെയെങ്കിലും വിജയിപ്പിച്ച ചരിത്രമാണ് ആലപ്പുഴയ്ക്ക്. തിരുക്കൊച്ചി തിരഞ്ഞെടുപ്പുമുതൽ ഇങ്ങോട്ട് അരൂർ ഉപതിരഞ്ഞെടുപ്പുവരെയുള്ളകാലത്ത്, പതിവു തെറ്റിയത് മൂന്നുതവണമാത്രം.   1975,2006,2011 വർഷങ്ങളിൽ. പിന്നീടു ഗൗരിയമ്മയായ കെ.ആർ.ഗൗരിയും ഐഷാബായിയും നബീസത്ത് ബീവിയും മുതൽ ഉപതിരഞ്ഞെടുപ്പിലൂടെ അരൂരിന്റെ പ്രതിനിധിയായ ഷാനിമോൾ ഉസ്മാൻവരെ നിയമസഭയിലേക്ക് ആലപ്പുഴയുടെ പെരുമ കാത്തു. 

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പക്ഷേ വനിതാസാന്നിധ്യം തീരെക്കുറവാണു ജില്ലയിലെ മണ്ഡലങ്ങളിൽ. 1980ൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നു സുശീല ഗോപാലനും മാവേലിക്കര മണ്ഡലത്തിൽ നിന്നു സി.എസ്.സുജാതയും മാത്രമാണു പാർലമെന്റിലേക്കു ജില്ലയുടെ വനിതാ പ്രതിനിധികൾ. 2004–09 കാലത്താണു രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി സി.എസ്.സുജാത വിജയിക്കുന്നത്. 

ഗൗരിയമ്മ, നിയമസഭയിലേക്ക് ആദ്യവിജയി

1951 ഡിസംബറിൽ ഗൗരിയമ്മയാണ് ആ യാത്രയ്ക്കു തുടക്കമിട്ടത്. 1948ലെ ആദ്യമത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും 1951ൽ ജില്ലയ്ക്കും മുൻപേ തുറവൂരിൽ നിന്നു  തിരുവിതാംകൂർ–കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിച്ചു വിജയിച്ചു.  കമ്യൂണിസ്റ്റു പാർട്ടി നിരോധിച്ചകാലമായതിനാൽ  സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു. പാർട്ടി കൺവൻഷൻ സംഘടിപ്പിക്കാൻശ്രമിച്ചതിന് ആറുമാസത്തെ തടവു കഴിഞ്ഞു പുറത്തിറങ്ങിയതിനു പിറ്റേന്നായിരുന്നു തിരഞ്ഞെടുപ്പ്. ഗൗരിയമ്മയ്ക്ക് അന്ന് 33 വയസ്സ്. 1954ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ചേർത്തലയിൽ നിന്നു മത്സരം. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വർഷങ്ങളിൽ പരാജയമറിഞ്ഞു. 

1994ൽ ജെഎസ്എസ് രൂപീകരിച്ചശേഷം 1996 ൽ അരൂരിൽ നിന്ന് അതുവരെയുള്ള തന്റെ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചു.  1951 കോൺഗ്രസിലെ പി.കെ. രാമനായിരുന്നു എതിരാളി. 6,987 വോട്ടിനു വിജയിച്ച ഗൗരിയമ്മ 1954ൽ ചേർത്തലയിൽ നിന്നു കമ്യൂണിസ്‌റ്റ് പാർട്ടി സ്‌ഥാനാർഥിയായി ജനവിധി തേടി. കോൺഗ്രസിലെ കൃഷ്‌ണൻ അയ്യപ്പനെ 8,169 വോട്ടിനാണ് അത്തവണ പരാജയപ്പെടുത്തിയത്. പ്രഥമ കേരള നിയമസഭയിലേക്ക് 1957 ഫെബ്രുവരി- മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ചേർത്തല ഗൗരിയമ്മയെ വരിച്ചു. കോൺഗ്രസിലെ എ. സുബ്രഹ്‌മണ്യൻ പിള്ളയെ 3,252 വോട്ടിനു തോൽപ്പിച്ച ഗൗരിയമ്മ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായി. 

ഐഷാബായി, രണ്ടാം വനിത

1957ലെ ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഗൗരിയമ്മയ്ക്കൊപ്പം കെ.ഒ.ഐഷാബായിയും സിപിഐ അംഗമായി ആദ്യനിയമസഭയിലേക്കെത്തി.അന്നും ആലപ്പുഴ പിറന്നിട്ടില്ല. കൊല്ലം ജില്ലയിലെ ക്ലാപ്പന സ്വദേശിനിയാണ് ഐഷാബായി. കായംകുളത്തുനിന്നുള്ള നിയമസഭാംഗമായി ആദ്യ കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ തന്നെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറെന്ന പെരുമയും സ്വന്തമാക്കി. കോൺഗ്രസിലെ സരോജിനിയെ 13,929 വോട്ടിനു പരാജയപ്പെടുത്തിയാണു വിജയം. ആലപ്പുഴ രൂപീകരിച്ച ശേഷം 1960 ൽ നടന്ന തിരഞ്ഞെടുപ്പിലും ഐഷാ ബായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിയാറായിരത്തിലേറെ വോട്ടുനേടിയാണു ഗൗരിയമ്മ ആദ്യനിയമസഭയിലെത്തുന്നത്. ആദ്യറവന്യുമന്ത്രിയുമായി. 

എട്ടിൽ നാലും ആലപ്പുഴയ്ക്ക് സ്വന്തം

1960ൽ നടന്ന തിരഞ്ഞെടുപ്പിൽ 8 വനിതകളാണു വിജയിച്ചത്. അതിൽ നാലും ഇന്നത്തെ ആലപ്പുഴയുടെ ഭാഗമാണ്. ചെങ്ങന്നൂരിലും ആലപ്പി എന്ന ആലപ്പുഴയിലും കോൺഗ്രസ് സ്ഥാനാർഥികളായ കെ.ആർ.സരസ്വതിയമ്മ, നബീസത്ത് ബീവി എന്നിവരും ചേർത്തലയിൽ ഗൗരിയമ്മയും കായംകുളത്തു കെ.ഒ.ഐഷാബായിയും. 

സുശീല ഗോപാലൻ, പാർലമെന്റിലും നിയമസഭയിലും

1965ൽ തിരഞ്ഞെടുപ്പെത്തിയപ്പോൾ ജില്ലയിൽ നിന്നു മൂന്നുവനിതകളാണു വിജയിച്ചത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു സിപിഐഎം രൂപംകൊണ്ടശേഷം സിപിഎം സ്ഥാനാർഥികളായി സുശീലഗോപാലൻ മാരാരിക്കുളത്തുനിന്നും ഗൗരിയമ്മ അരൂരിൽ നിന്നും വിജയിച്ചു.  കോൺഗ്രസ് സ്ഥാനാർഥി കെ.ആർ. സരസ്വതിയമ്മയാണു മൂന്നാം വിജയി. ചെങ്ങന്നൂരിൽ നിന്നു കോൺഗ്രസ് സ്ഥാനാർഥിയായി രണ്ടാംവിജയമായിരുന്നു അവർക്ക്. 1967ൽ, ആദ്യമായി സുശീല ഗോപാലൻ ലോക്സഭയിലേക്കു മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ പേര് അമ്പലപ്പുഴ എന്നായിരുന്നു. കന്നി മത്സരമായിരുന്നെങ്കിലും കരുത്തുള്ള പോരാട്ടമായിരുന്നു സുശീലയുടേത്. ആലപ്പുഴക്കാരിയായ സുശീല ഗോപാലൻ കോൺഗ്രസിന്റെ പി.എസ്.കാർത്തികേയനെതിരെ 50,277 വോട്ടിന്റെ വമ്പൻ വിജയം നേടി.

1971 ൽ സുശീല വീണ്ടും മത്സര രംഗത്തുണ്ടായിരുന്നു. പക്ഷേ, തിരുവനന്തപുരത്തു നിന്നെത്തിയ ആർഎസ്പി സ്ഥാനാർഥി കെ.ബാലകൃഷ്ണൻ 25,918 വോട്ടിനു സുശീലയെ തോൽപിച്ചു. ആർഎസ്പിക്ക് അന്നു സിപിഐയുടെയും കോൺഗ്രസിന്റെയും പിന്തുണയുണ്ടായിരുന്നുവെന്നു മാത്രം. 1980ൽ സിപിഎം വീണ്ടും സുശീല ഗോപാലനു സീറ്റു നൽകി. അപ്പോഴേക്കും അമ്പലപ്പുഴ മണ്ഡലം ആലപ്പുഴ എന്നു പുനർനാമകരണം ചെയ്തിരുന്നു. അക്കാലത്ത് സിപിഐയും ആർഎസ്പിയും സിപിഎമ്മിനു പിന്തുണ നൽകി. ജനത പാർട്ടിയുടെ ഓമനപ്പിള്ളയായിരുന്നു മുഖ്യ എതിർ സ്ഥാനാർഥി. തിരഞ്ഞെടുപ്പു കഴിഞ്ഞു ഫലം വന്നപ്പോൾ സുശീല ഗോപാലൻ നേടിയത് ആലപ്പുഴ മണ്ഡലത്തിലെ എക്കാലത്തെയും വലിയ ചരിത്ര വിജയമാണ്, 1,14,264 വോട്ടിന്റെ ഭൂരിപക്ഷം. 

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള വഴി

ആദ്യനിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്നു വിജയിച്ച റോസമ്മ പുന്നൂസും ആലപ്പുഴയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ റോസമ്മ പുന്നൂസ് 1987ൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 

ചെങ്ങന്നൂരിലെ പെൺപെരുമ

1991ൽ സിറ്റിങ് എംഎൽഎ മാമ്മൻ ഐപ്പിനെ തോൽപിച്ചാണു ശോഭന ജോർജ് കളംനിറയുന്നത്. 1996 ൽ വീണ്ടും മാമ്മൻ ഐപ്പിനെ തന്നെ തോൽപിച്ചു സീറ്റ് നിലനിർത്തി.  ചെങ്ങന്നൂരിൽ കെ.ആർ.സരസ്വതിയമ്മയ്ക്കു ശേഷം വിജയിക്കുന്ന വനിതയും ശോഭന ജോർജ് മാത്രമാണ്.

അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ കുത്തിയതോട്ട് പ്രവർത്തകർക്കൊപ്പം. ചിത്രങ്ങൾ ∙ മനോരമ

‘പുതിയ തലമുറയായി’ പ്രതിഭ, ഷാനിമോൾ

ആദ്യമത്സരത്തിൽ കായംകുളത്തുനിന്നു വിജയിച്ച യു.പ്രതിഭയും ആദ്യ മത്സരവിജയം അരൂരിൽ നേടിയ ഷാനിമോൾ ഉസ്മാനുമാണ് ഇപ്പോൾ ജില്ലയിലെ വനിതാ എംഎൽഎമാർ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന യു.പ്രതിഭ തകഴി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.  പെരുമ്പാവൂരിലും ഒറ്റപ്പാലത്തും നിയമസഭാ തിരഞ്ഞെടുപ്പിലും 2019 പാർലമെന്റ് തിരഞ്ഞെടുപ്പി‍ൽ ആലപ്പുഴ മണ്ഡലത്തിലും പരാജയപ്പെട്ട ശേഷമാണ് ഉപതിരഞ്ഞെടുപ്പിൽ  ഷാനിമോൾ ഉസ്മാന്റെ വിജയം.

    English Summary: Women Candidates of Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com