ADVERTISEMENT

ജയിക്കാനും തോൽക്കാനുമല്ല ചില മത്സരങ്ങൾ. എങ്കിലും ചോദിക്കാനുള്ളത് നേർക്കുനേർ നിന്ന് ചോദിക്കാൻ ജനാധിപത്യ വ്യവസ്ഥ നൽകുന്ന ഏറ്റവും വലിയ വേദിയാണ് തിരഞ്ഞെടുപ്പ്. ആ വേദിയിൽ ഇത്തവണ ഏറ്റവും തീക്ഷ്ണമായ ചോദ്യമെറിയുന്ന സ്ഥാനാർത്ഥിയാണ് ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാറിലെ പെൺകുട്ടികളുടെ അമ്മ. ചിഹ്നം കുട്ടിയുടുപ്പ്. ഒരായിരം തീപ്പൊരി പ്രസംഗങ്ങളെക്കാൾ പൊള്ളിക്കുന്നുണ്ട് വാളയാർ അമ്മയുടെ ഈ തിരഞ്ഞെടുപ്പ് ചിഹ്നം. അത് അവർ ചോദിച്ചു വാങ്ങിയതാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയകളത്തിലിറങ്ങി നീതി ചോദിക്കേണ്ട ഗതികേടിലേക്ക് ഭാഗ്യവതിയെ നയിച്ചത് പിണറായി വിജയൻ നേതൃത്വം നൽകിയിരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ്. അതുകൊണ്ടു തന്നെ, തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം കേരളം കേൾക്കേണ്ട ഒരു സ്ഥാനാർത്ഥിയാണ് അവർ. 

മക്കൾ കൊല്ലപ്പെട്ടിട്ട് നാലു വർഷം കഴിഞ്ഞു. മരണത്തിന് ഉത്തരവാദികളായവരെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്ന ന്യായമായ ആവശ്യം സർക്കാർ നിരാകരിക്കുകയും പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ഇതോടെ വാളയാർ നീതി സമര സമിതിയുടെ ആഭിമുഖ്യത്തിൽ ആ അമ്മ സമരം ശക്തമാക്കി. ധർമടത്ത് മുഖ്യമന്ത്രി വോട്ട് തേടി എത്തുമ്പോൾ ‘വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് ഇതുവഴി വന്നിരുന്നു. ആ അമ്മയ്ക്കു നീതി ലഭിച്ചോയെന്ന് അദ്ദേഹത്തോട് ചോദിക്കണം എന്നു കാട്ടി മണ്ഡലത്തിലെ അമ്മമാർക്ക് ഒരു കത്ത് നൽകി. ആ കത്തിന്റെ വെളിച്ചത്തിൽ അവിടത്തെ അമ്മമാരാണ് നീതി ലഭിക്കാത്ത അമ്മയ്ക്കു തന്നെ നേരിട്ടു ചോദിച്ചു കൂടെയെന്ന് നിർദേശിച്ചതും ഒടുവിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചതും. 

മക്കൾക്കു നീതി തേടിയുള്ള സമരം അവസാനിപ്പിച്ചിട്ടല്ല വാളയാറിലെ അമ്മ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതും സമരത്തിന്റെ ഭാഗമാണ്. എംഎൽഎയോ മന്ത്രിയോ ആകുകയല്ല, എന്റെ മക്കൾക്ക് നീതി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യവും കർത്തവ്യവും എന്ന് അവർ പറയുന്നുണ്ട്. ഈ അമ്മയുടെ നിലപാട് വ്യക്തമാണ്. ചോദ്യം കൃത്യവും. വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിച്ച് തന്നെ തെരുവിലിറക്കിയ ഡിവൈഎസ്പി സോജൻ തന്നെക്കാളും താഴേത്തട്ടിൽ ഒരു ദിവസമെങ്കിലും തലയിൽ തൊപ്പിയില്ലാതെ നിൽക്കുന്നത് കാണണം എന്ന് പറയുമ്പോൾ അതിൽ ഭരണകൂടം നടപ്പാക്കേണ്ട നീതിയുടെ ഓർമ്മപ്പെടുത്തലുണ്ട്. സോജന്റെ തലയിൽ തൊപ്പി ഉള്ളിടത്തോളം കാലം ഞാൻ മുടി വയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഭാഗ്യവതി. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് ആവർത്തിച്ചു പറയുന്നുണ്ട് ഭാഗ്യവതി. എന്റെ മക്കൾ വണ്ടി ഇടിച്ചോ അസുഖം മൂലമോ മരിച്ചതല്ല. ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നതാണ്. ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ആ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കാൻ ഒരു അമ്മയ്ക്ക് അവകാശമില്ലേ? വാളയാറിലെ അമ്മയുടെ ഈ ചോദ്യം തീർച്ചയായും ചരിത്രമാണ്. കേരളം കൈവരിച്ചെന്ന് അവകാശപ്പെടുന്ന സാമൂഹിക പുരോഗതിയിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം. എന്റെ മകൻ എവിടെ എന്ന് സർക്കാരിനോട് ചോദിച്ച ഈച്ചരവാര്യരെ കേരളത്തിന്റെ ചരിത്രം നൊമ്പരത്തോടെ അടയാളപ്പെടുത്തുന്നുണ്ടെങ്കിൽ അതിൽ നിന്നു വ്യത്യസ്തമല്ല ഈ അമ്മയുടെ ചോദ്യവും നീതിക്കുവേണ്ടിയുള്ള പോരാട്ടവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com