sections
MORE

‘ബ്രിട്ടിഷുകാർക്ക് കൊടുക്കരുത്, എന്റെ ദേഹം നിങ്ങൾ ദഹിപ്പിക്കുക’: മണികർണികയെന്ന പെൺവീര്യം

Who-is-Manikarnika-Main
മണികർണിക സിനിമയുടെ പോസ്റ്ററിൽ കങ്കണ റനൗട്ട് (ഫയൽ ചിത്രം)
SHARE

ആരാണു മണികർണിക തംബെ? മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നാലാം വട്ടം കങ്കണ റനൗട്ടിനു നേടിക്കൊടുത്ത മണികർണിക എന്ന സിനിമ പലർക്കുമറിയാം. അതു കണ്ടിട്ടില്ലാത്തവരും കേട്ടുകാണും, ഝാൻസി റാണി ലക്ഷ്മീ ബായിയെക്കുറിച്ചുള്ള കഥയാണെന്ന്. ഊരിയ വാളേന്തി കുതിരപ്പുറത്തു പായുന്ന ആ രൂപവും നമുക്കു പരിചിതം. പക്ഷേ, പാഠപുസ്തകങ്ങളിലൊന്നും നമ്മൾ പഠിച്ചിട്ടില്ല, ‘മനു’ എന്ന മണികർണിക വെള്ളക്കാരെ വിറപ്പിച്ച റാണിയായ ചരിത്രം. കങ്കണയുടെ സിനിമയിലൂടെ പലരും അതറിഞ്ഞുകാണുമെന്ന വിചാരവും തെറ്റി; ഝാൻസി റാണിക്കു മണികർണിക എന്ന വിളിപ്പേരുണ്ടോ എന്നൊരു ചോദ്യം കേട്ടപ്പോൾ. 

പേഷ്വയുടെ കുസൃതിക്കുടുക്ക

മറാഠസാമ്രാജ്യത്തിന്റെ അവസാന പേഷ്വ ബാജിറാവു രണ്ടാമന്റെ കാലം. നാട്ടുരാജ്യങ്ങളെ വിറപ്പിച്ച് വെള്ളക്കാർ അടക്കി ഭരിക്കുകയാണ്. യുദ്ധത്തിൽ തോറ്റ പേഷ്വ ഉത്തർപ്രദേശ് കാൻപുരിലെ ബിത്തൂരിലേക്കു പിൻവലി‍ഞ്ഞു. ബാജിറാവുവിന്റെ സഹോദരൻ ചിമാജി അപ്പയുടെ (ഇപ്പോൾ മഹാരാഷ്ട്ര വസായ് വെസ്റ്റിലുള്ള ചിമാജി അപ്പ മൈതാനം ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ്) സുഹൃത്തായിരുന്നു കൊട്ടാരത്തിലെ ഉപദേശക ബ്രാഹ്മണരിൽ ഒരാളായ മറോപന്ത് തംബെ. വാരാണസി സ്വദേശി. ഭാര്യ ഭാഗീരഥി. മകൾ മനു എന്ന ഓമനപ്പേരിൽ വിളിക്കുന്ന മണികർണിക ജനിച്ചത് 1828ൽ. 

പിച്ചവയ്ക്കുന്ന പ്രായത്തിലേ മനുവിന്റെ അമ്മ മരിച്ചു. തംബെ മകളെയും കട്ടി ബിത്തൂരിൽ പേഷ്വയുടെ കുടുംബത്തിനൊപ്പമെത്തി. വെറുതെയൊരു വരവായിരുന്നില്ല, ദിവസങ്ങൾക്കകം കൊട്ടാരത്തിന്റെ കണ്ണിലുണ്ണി. പേഷ്വ അവളെ കുസൃതിക്കുടുക്കയെന്നും സുന്ദരിപ്പെണ്ണെന്നും താലോലിച്ചു. പേഷ്വയുടെ ദത്തുപുത്രൻ നാനാസാഹെബും കൂട്ടുകാരൻ താന്തിയ തോപ്പെയുമായിരുന്നു അവൾക്കു കൂട്ട്. അതെ, സ്വാതന്ത്ര്യത്തിനു വേണ്ടിയുടെ ഇന്ത്യയുടെ ദാഹത്തിനു ചൂടുപകർന്ന, ഒന്നാം സ്വാതന്ത്ര്യ സമര കാലത്തു വെള്ളക്കാർക്കെതിരെ പോരടിച്ച ആചരിത്രനായകർ തന്നെ. രണ്ടുപേരും പ്രായത്തിൽ വളരെ മുതിർന്നവരെങ്കിലും കുഞ്ഞിക്കാലുകൾ നീട്ടിവച്ച് അവർക്കൊപ്പം മനുവും ഓടിയെത്താൻ ശ്രമിച്ചു. വല്യേട്ടന്മാരുടെ എല്ലാ സാഹസങ്ങളിലും പങ്കാളിയുമായി.  

INDIA-MURAL-WALL-STREET-ART
ഝാൻസി റാണിയുടെ കൂറ്റൻ ചുമർ ചിത്രം. ഡൽഹിയിൽനിന്നുള്ള കാഴ്ച. ചിത്രം. സജാദ് ഹുസൈൻ∙ എഎഫ്പി

ആന ശപഥവും മല്ലഖംബയും

ജനനം ബ്രാഹ്മണ കുടുംബത്തിലെങ്കിലും ക്ഷത്രിയവീര്യമായിരുന്നു മനുവിന്. കുഞ്ഞുന്നാൾ മുതൽ വാൾപയറ്റിലും കുതിരയോട്ടത്തിലും മിടുക്കി. നാനാ സാഹെബ് ഒരിക്കൽ ആനപ്പുറത്തു കയറാൻ പോയപ്പോൾ കൂടെപ്പോകണമെന്നു വാശി. പെണ്ണുങ്ങളെ ആനപ്പുറത്തു കയറ്റില്ലെന്നു നാനാ കളിയാക്കി. കരഞ്ഞുകൊണ്ട് പേഷ്വയുടെ മടിയിലേക്കോടിയ മനു ഒരു പ്രതിജ്ഞയെടുത്തു, നോക്കിക്കോ, ഇത്തരം 10 ആനകളെ നയിക്കുന്ന റാണിയാകും ഞാൻ. മെയ്‌വഴക്കത്തിനും ശാരീരിക അഭ്യാസത്തിനും ഏറെ പ്രാധാന്യമുള്ള മല്ലഖംബയെന്ന ആയോധനകലയിൽ പുരുഷന്മാരെയെല്ലാം തോൽപിക്കുന്ന മികവും മനു നേടി. എഴുത്തും വായനയും നായാട്ടുമൊക്കെയായി പേഷ്വയുടെ മകനൊപ്പം പേരെടുത്തു. പുരുഷനു മാത്രം എന്നു വേർതിരിച്ചു നിർത്തിയിരുന്ന പല മേഖലകളിലും മണികർണിക സിംഹാസനമിട്ട് ഇരുന്നു. 

വിവാഹശേഷം ലക്ഷ്മിയിലേക്ക്  

ഝാൻസിയിലെ മഹാരാജാവ് ഗംഗാധർ റാവു നെവാൽക്കർ, മണികർണികയെ വിവാഹം ചെയ്തത് അവളെക്കുറിച്ചുള്ള വീരസാഹസിക കഥകൾ കേട്ടിട്ടു തന്നെയാണ്. വിവാഹശേഷം വധുവിന്റെ പേരുമാറ്റുന്ന ചടങ്ങുണ്ട് അന്നു മറാഠയിൽ. അങ്ങനെ മനു ലക്ഷ്മീ ബായ് ആയി 1842ൽ ഝാൻസിയിലെത്തി. പ്രായം 14. ഇരുപത്തിമൂന്നാം വയസ്സിൽ മകൻ പിറന്നെങ്കിലും നാലാം മാസത്തിൽ മരിച്ചു. 25ാം വയസ്സിൽ വിധവ. ബന്ധുവിന്റെ മകനെ ദത്തെടുത്തതിന്റെ പിറ്റേന്നായിരുന്നു മഹാരാജാവിന്റെ മരണം. രാജ്യത്തിന്റെ ‘മേൽനോട്ടക്കാരൻ’ ആയിരുന്ന ബ്രിട്ടിഷ് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു ദത്തെടുക്കൽ. 

Nilanjan-Chaudhuri-Varanasi-Jhansi-Rani-Statue
വാരാണസിയിലെ റാണി ലക്ഷ്മി ബായിയുടെ പ്രതിമ. ചിത്രം∙ നിരഞ്ജൻ ചൗധരി∙ ട്വിറ്റർ

മകന് എല്ലാ അവകാശങ്ങളും നൽകണമെന്നും രാജ്യം തന്റെ ഭാര്യയെ ഏൽപിക്കണമെന്നും എഴുതിയൊപ്പിട്ടു വാങ്ങിയതിനു ശേഷമാണുഗംഗാധർ റാവു വിടവാങ്ങിയത്. പക്ഷേ, പതിവുപോലെ വാക്കു തെറ്റിച്ച ബ്രിട്ടിഷുകാർ ഝാൻസിക്ക് അവകാശികളില്ലെന്നു വാദിച്ച് ഏറ്റെടുത്തു. ഒറ്റ വർഷം മാത്രം ഭരിച്ച തന്റെ നാട് വിട്ടുകൊടുത്തെങ്കിലും  റാണിയായിത്തന്നെ ലക്ഷ്മീ ബായ് ജനങ്ങൾക്കിടയിൽ ജീവിച്ചു. ഗുസ്തി, വാൾപയറ്റ് പരിശീലനമുൾപ്പെടെ മുടക്കിയില്ല. നാളെയൊരിക്കൽ ബ്രിട്ടിഷുകാർക്കെതിരെ വാളെടുക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. 

ഒന്നാം സ്വാതന്ത്ര്യസമരം

1857ൽ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടു. സ്വയരക്ഷയ്ക്കായി സൈന്യത്തെ പരിശീലിപ്പിക്കാൻ അനുവാദം തേടി റാണി ബ്രിട്ടിഷ് മേലധികാരികൾക്കു കത്തയച്ചു. അനുമതി കിട്ടിയതോടെ, റാണി പടയൊരുക്കം തുടങ്ങി, സ്വന്തം രക്ഷയ്ക്കല്ല; ജന്മനാട്ടിൽനിന്ന് പരദേശികളെ തുരത്താൻ. സൈന്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വനിതാവിഭാഗമായിരുന്നു. സാധാരണക്കാരായ ഒട്ടേറെപ്പേർ വാളെടുത്തു പട്ടാളക്കാരിയായി. അവരുടെ വിശ്വാസവും ധൈര്യവും കൂട്ടാൻ റാണിതന്നെ നേരിട്ടു രംഗത്തിറങ്ങി, പരിശീലനത്തിനും അവർതന്നെ നേതൃത്വം നൽകി. പീരങ്കികളോടു പിടിച്ചുനിൽക്കാൻ വെടിമരുന്നുപയോഗത്തിലും സൈന്യത്തെ മികവുറ്റതാക്കി.

Kangana-and-Manikarnika
മണികർണിക സിനിമയിൽ കങ്കണ (ഇടത്) റാണി ലക്ഷ്മിബായിയുടെ ഛായാചിത്രം

സ്വാതന്ത്ര്യസമരം നയിച്ച ഇന്ത്യൻ സൈനികർ ബ്രിട്ടിഷുകാരിൽനിന്നു ഝാൻസിയെയും വിടുവിക്കാൻ ശ്രമിച്ചു. റാണിയുമായി സഖ്യത്തിലായ അവർ രാജ്യം അവർക്കു നൽകി. വീണ്ടും ഒരു വർഷം റാണിയുടെ കീഴിൽ ഝാൻസി ശാന്തമായി ഒഴുകി. സ്വാതന്ത്ര്യസമരം ഒതുക്കിയതിനു ശേഷം ബ്രിട്ടിഷുകാർ ശക്തിയാർജിച്ച് തിരിച്ചെത്തി, അപ്പോഴേക്കും. ഝാൻസിയിലെ കോട്ടയിൽ റാണി സുരക്ഷിതയാണെന്നു കണ്ടതോടെ അവർ തന്ത്രങ്ങളൊരുക്കി. തുടർന്നാണ്, ചരിത്രപ്രസിദ്ധമായ യുദ്ധം. താന്തിയതോപ്പെയും മറ്റും റാണിയുടെ സഹായത്തിനെത്തി. കോട്ടവാതിലുകൾ പീരങ്കികൾ തകർത്തതോടെ റാണി പലായനം ചെയ്തു. ദത്തുപുത്രനെ ചുമലിലേറ്റി കുതിരപ്പുറത്തു പാഞ്ഞ അവർ ഒളിയിടത്തിലും സൈനികപരിശീലനം തുടർന്നു. 

തോപ്പെയുടെ തോളോടു തോൾ ചേർന്നു ഗ്വാളിയറിലെ വൻ യുദ്ധമായിരുന്നു പിന്നീട്. ഒടുവിലത്തെ യുദ്ധം. ബ്രിട്ടിഷുകാരോടു പൊരുതിവീണെങ്കിലും ശരീരം അവർക്കു വിട്ടുകൊടുക്കാൻ റാണി തയാറായിരുന്നില്ലെന്നാണു ചില ചരിത്രരേഖകൾ. മുറിവേറ്റ് യുദ്ധഭൂമി വിട്ട അവർ, തന്റെ ശരീരം ദഹിപ്പിക്കാൻ നാട്ടുകാരിൽ ചിലരോടു പറയുകയായിരുന്നത്രേ. തലങ്ങും വിലങ്ങും ബ്രിട്ടിഷ് പട്ടാളക്കാർ മരിച്ചുവീണ യുദ്ധത്തെക്കുറിച്ച് അവർതന്നെ പിന്നീടെഴുതി–‘വല്ലാത്ത ഒരു പോരാട്ടമായിരുന്നു അത്. സിംഹത്തെപ്പോലെ വീര്യമുള്ള റാണി അഭിനന്ദനം അർ‍ഹിക്കുന്നു!’

ഇതാ മറ്റൊരു റാണി ലക്ഷ്മീബായ്

പാവപ്പെട്ടദലിത് കുടുംബത്തിൽ ജനിച്ച്, അമ്മയില്ലാതെ വളർന്ന്, കഷ്ടപ്പാടിനിടയിലും ആയുധമുറകൾ പരിശീലിച്ച ഒരു പെൺകുട്ടി, അവളായിരുന്നു ഝൽക്കാരി ബായി. റാണി ലക്ഷ്മീബായിയുടെ സൈനികനെ വിവാഹം ചെയ്ത് ഝാൻസിയിലെത്തിയവൾ. ഒറ്റനോട്ടത്തിൽ റാണിയുടെ അതേ രൂപഭാവങ്ങൾ ഉണ്ടായിരുന്നവൾ. ലക്ഷ്മീബായിക്കു വളരെപ്പെട്ടെന്നുഝൽക്കാരിയുടെ കഴിവു മനസ്സിലായി. തന്റെ പ്രതിരൂപമെന്നു തോന്നിയതുകൊണ്ട് ഇഷ്ടവുമേറി. 

ഝാൻസിയുടെ കോട്ട തകർന്നു വീണ രാത്രി, റാണി കുതിരപ്പുറത്തു പാഞ്ഞകന്നപ്പോൾ അവരുടെ വേഷം ധരിച്ച് ഝൽക്കാരി ബ്രിട്ടീഷുകാരെ നേരിട്ടു. ധീരതയോടെ പിടികൊടുത്തു. കാരണം തന്റെ റാണിക്കു രക്ഷപ്പെടാനുള്ള സമയം കിട്ടണമല്ലോ. പിടികൂടിയ സൈനികരോട് തന്നെ തൂക്കിക്കൊല്ലാൻ ഝൽക്കാരി തന്നെ പറഞ്ഞു. അവരുടെ ധീരതയ്ക്കു മുന്നിൽ ബ്രിട്ടീഷുകാർ സല്യൂട്ടടിച്ചെന്നും വിട്ടയച്ചെന്നും ചില രേഖകൾ പറയുന്നു. ഝൽക്കാരിയുടെ അവസാന നാളുകളെക്കുറിച്ച്ആധികാരിക വിവരങ്ങളില്ല, ആ ധീരത മാത്രം ഏതു ചരിത്രത്തെയും തലകുനിപ്പിച്ച് ഉയർന്നുനിൽക്കുന്നു. 

English Summary: Who is Manikarnika? The Real Story of Freedom Fighter Rani Lakshmibai 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA