sections
MORE

ഭാര്യാഭർത്താക്കന്മാർക്കിടയിൽ വഴക്കുകൾ ഒഴിവാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

important-qualities-that-a-women-want-in-men
Image Credits : Karramba Production / Shutterstock.com
SHARE

ദാമ്പത്യ ബന്ധങ്ങൾ തകരുന്നതിന് കാരണങ്ങൾ പലതാണ്. വിശ്വാസം നഷ്ടപ്പെടുക, പ്രതീക്ഷകൾക്ക് വിപരീതമായത് സംഭവിക്കുക,  പരസ്പരം ഒരുതരത്തിലും പൊരുത്തപ്പെടാനാവാതിരിക്കുക എന്നിവ അവയിൽ ചിലതാണ്.  കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടുകൂടി വിവാഹ ബന്ധം സന്തോഷകരമായി നയിക്കാൻ സാധിക്കാത്തവരുമുണ്ട്.  ചെറിയ കാര്യങ്ങളെ ചൊല്ലി ഉണ്ടാകുന്ന വഴക്കുകളാണ് പലരുടെയും മനസ്സമാധാനം കെടുത്തുന്നത്. രണ്ട് വ്യത്യസ്ത വ്യക്തികൾ  ഒന്നായി ജീവിക്കുമ്പോൾ  അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും അതിരുവിട്ട വഴക്കുകൾ ദാമ്പത്യബന്ധത്തിന്റെ അടിത്തറതന്നെ തകർത്തെന്നു വരാം. ദമ്പതിമാർക്കിടയിൽ ഇത്തരം വഴക്കുകൾ ഒഴിവാക്കാനുള്ള ചില മാർഗ്ഗങ്ങൾ നോക്കാം.

ആരെങ്കിലും കുറ്റപ്പെടുത്തുകയോ തർക്കത്തിന് മുതിരുകയോ ചെയ്താൽ സ്വയം പ്രതിരോധിക്കുന്നതിനായി തിരികെ വാദിക്കുന്നത് എല്ലാ മനുഷ്യരുടെയും പൊതുസ്വഭാവമാണ്. എന്നാൽ പങ്കാളിയുടെ സംസാര രീതിയേക്കാൾ ഉപരി പറയുന്ന കാര്യത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ആദ്യം തന്നെ ചിന്തിച്ചാൽ വഴക്കുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനും അതല്ല പങ്കാളി തെറ്റിദ്ധരിച്ചതാണെങ്കിൽ പറഞ്ഞു മനസ്സിലാക്കാനും തുടക്കത്തിൽത്തന്നെ ശ്രമിക്കുക. ശബ്ദമുയർത്തി പ്രശ്നം വഷളാകുന്നതിന് മുൻപ് തന്നെ അത് പരിഹരിക്കാൻ ഈ ആത്മപരിശോധന തീർച്ചയായും സഹായിക്കും.

മനസ്സ് ശാന്തമാക്കാൻ അൽപം സമയം കണ്ടെത്താം

വഴക്കുകൾക്കിടയിൽ നമ്മുടെ ചിന്തകൾ കാടുകടക്കാറുണ്ട്. ഈ സമയത്ത് മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ പ്രതികരണങ്ങളായി പുറത്തുവന്നെന്നും വരാം. മനപ്പൂർവമായി പറഞ്ഞതല്ലെങ്കിലും പങ്കാളിയുടെ മനസ്സിൽ അത് ഉണ്ടാക്കുന്ന ആഘാതം പലപ്പോഴും വളരെ വലുതായിരിക്കും. നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള വഴക്കുകൾ വിവാഹമോചനത്തിലേക്ക് വരെ എത്തുന്നത് പലപ്പോഴും ഇതേ കാരണം മൂലമാണ്.  വഴക്കുണ്ടാകാനുള്ള സാഹചര്യം ഉണ്ടായാൽ തുടക്കത്തിൽ തന്നെ അൽപസമയം മാറിനിന്ന് മനസ്സ് ശാന്തമാക്കാൻ ശ്രമിക്കുക. സാഹചര്യം കൃത്യമായി മനസ്സിലാക്കാനും വാവിട്ട വാക്കുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിയാനും  അൽപസമയം തനിച്ചിരിക്കുന്നത് സഹായിക്കും. അതിനുശേഷം പങ്കാളിക്ക് അരികിലെത്തി കാര്യങ്ങൾ പറഞ്ഞു  സമാധാനത്തിലാക്കാൻ ശ്രമിക്കുന്നതായിരിക്കും ഉചിതം.

അഭിപ്രായപ്രകടനങ്ങൾ മുഖത്തോടുമുഖമാകാം 

സമൂഹമാധ്യമങ്ങളുടെ പ്രചാരം വർധിച്ചതോടെ പരസ്പരം പറയാനുള്ള കാര്യങ്ങൾ മെസ്സേജുകളായി പങ്കുവയ്ക്കുന്നവരാണ് അധികവും. എന്നാൽ ചിന്തകൾ നേരിട്ട് തന്നെ പ്രകടിപ്പിക്കുന്നതാണ് എപ്പോഴും ഉചിതം. ഒരാൾ മനസ്സിൽ കരുതുന്ന കാര്യം മെസ്സേജായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ വായിക്കുന്ന ആൾ അതേ രീതിയിൽ ഉൾക്കൊള്ളണമെന്നില്ല. പലപ്പോഴും തെറ്റിദ്ധാരണകൾ വർധിക്കുന്നതിലേക്കും വഴക്കുകൾ രൂക്ഷമാകുന്നതിലേക്കുമാവും ഇത്തരം സംഭാഷണങ്ങൾ ദമ്പതികളെ നയിക്കുന്നത്. പങ്കാളിയുടെ ശരീര ഭാഷയിലൂടെയും സംസാരരീതിയിലൂടെയും  കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നത് വഴക്കുകളുടെ ഗതിമാറി പോകാതെ നിയന്ത്രിക്കാൻ സഹായിക്കും.

വഴക്കുകൾക്കും വേണം അതിർവരമ്പുകൾ

ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും യഥാർഥ കാരണത്തിനുപകരം പങ്കാളിയുടെ വ്യക്തിത്വവും മറ്റെന്തെങ്കിലും പ്രവൃത്തിയുമെല്ലാം  വഴക്കിനിടയിലേക്ക് വലിച്ചിടുന്ന പ്രവണത പലരിലുമുണ്ട്. നിസ്സാരമായി പറഞ്ഞു തീർക്കാവുന്ന പലകാര്യങ്ങളും മനസ്സിനെ മുറിവേൽപ്പിക്കുന്ന വലിയ വഴക്കുകളായി തീരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. അതിനാൽ പങ്കാളിയുമൊത്ത് സമാധാനപരമായിരുന്ന് സംസാരിക്കാൻ ശ്രമിക്കുക. വഴക്കുകൾക്കിടിയിലും പരസ്പരമുള്ള ബഹുമാനം കാത്തുസൂക്ഷിക്കുന്നത് പ്രധാനമാണ്. സ്നേഹത്തോടെ ഇരിക്കുന്ന സമയങ്ങളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കേണ്ട രീതിയും എന്തൊക്കെ കാര്യങ്ങളിലേക്ക് സംസാരം കടക്കരുത് എന്നും പരസ്പരം തുറന്നു സംസാരിക്കുന്നത് ഗുണം ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA