ADVERTISEMENT

അഡ്വ. നൂർബിനാ റഷീദ്. ‘കാൽനൂറ്റാണ്ടിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ഒരു വനിതാ സ്ഥാനാർഥി’ എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാകയാണ് അവർ.. മുസ്ലിം രാഷ്ട്രീയ ചരിത്രത്തിൽ സ്വന്തം പേര് നൂര്‍ബിന എഴുതി ചേർത്തത് ഉറച്ച നിലപാടിലൂടെ. അകത്തളങ്ങളിൽ ഒതുങ്ങി കഴിയേണ്ടവരാണ് സ്ത്രീകളെന്ന മാടമ്പിത്ത മനോഭാവത്തിന്റെ ഇരകളിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നായിരുന്നു. മുസ്ലീംസ്ത്രീകൾ പൊതുയിടത്തിൽ വരാൻ മടിച്ചു നിന്ന കാലത്ത് ലീഗിന്റെ വനിതാ സംഘടനയായ വനിതാ ലീഗിന് രൂപം നൽകി ചരിത്രത്തിലേക്ക് നടന്നു കയറി അവർ. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും സ്ത്രീ ശാക്തീകരണത്തിലൂന്നിയാണ് തന്റെ പ്രവർത്തനമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് നൂർബിന.

ന്യൂനപക്ഷ അവകാശ സംരക്ഷണം വെല്ലുവിളിയായി തുടരുന്ന രാഷ്ട്രീയ ചുറ്റുപാടിൽ മുത്തലാഖ് നിരോധന നിയമം ക്രിമിനൽ വത്കരിക്കുന്നതിനെ എതിർത്ത് സുപ്രീംകോടതിയില്‍ നൂർബിന റഷീദ് നൽകിയ ഹർജി ചർച്ചകൾക്ക് വഴിവച്ചു. മുസ്ലിംലീഗ്് പൊളിറ്റിക്കൽ കമ്മിറ്റി അഫയേഴ്സിലെ ഏക വനിതാ അംഗമാണ് നുർബിന. 1995 മുതൽ 2005 വരെ  കോഴിക്കോട് കോർപറേഷനിൽ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് കൗൺസിലറായിരുന്നു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വനിതാ കമ്മീഷൻ മുൻ അംഗവുമായിരുന്നു അവർ. കോഴിക്കോട് സൗത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായാണ് നൂർബിന റഷീദ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്രം പരിശോധിച്ചാൽ മുസ്ലീംലിഗിന് അപ്രമാദിത്തമുള്ള മണ്ഡലത്തിൽ മുൻമന്ത്രി എം.കെ. മുനീറാണ് 2011ലും 2016ലും കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2016ലെ കണക്കുപ്രകാരം 1,49,054 വോട്ടർമാായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് 1, 57, 275ആയി ഉയർന്നു. 

മുസ്‌ലിം ലീഗ് വനിതകൾക്ക് അവസരങ്ങൾ നൽകുന്നില്ലെന്ന ശക്തമായ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് അഡ്വ. നൂർബിന റഷീദിന്റെ സ്ഥാനാർഥിത്വം. 1995ൽ ഖമറുനീസ അൻവറായിരുന്നു ലീഗിൽ നിന്നും വന്ന ആദ്യ വനിത സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനോട് അന്ന് അവർ പരാജയപ്പെട്ടു. പിന്നീടിങ്ങോട്ട് ഒരു വനിതാസ്ഥാനാർഥി പോലും ലീഗിൽ നിന്നുണ്ടായില്ല. മുൻനിര പാർട്ടികള്‍ പോലും സ്ത്രീകൾക്ക് ജയസാധ്യത ഇല്ലാത്ത സീറ്റുകള്‍ നൽകുന്നു എന്ന ആക്ഷേപം ഉയരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലീം ലിഗ് സിറ്റിങ് സീറ്റ് തന്നെയാണ് നൂർബിനാ റഷീദിന് നൽകിയിരിക്കുന്നത്. ഇത് അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. പക്ഷേ, നൂർബിന റഷീദിന്റെ സ്ഥാനാർഥിത്വം പാർട്ടിപ്രവർത്തകരിൽ ഒരു വിഭാഗത്തിന് അത്ര പിടിച്ചിട്ടില്ല എന്നത് സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഉണ്ടായ പ്രതിഷേധങ്ങളിൽ നിന്ന് വ്യക്തം. എന്നാൽ, ഇത്തരം പ്രതിഷേധങ്ങളൊന്നും നൂർബിനയുടെ ആത്മവിശ്വാസം കെടുത്തുന്നില്ല. ബാലറ്റ് പെട്ടി തുറക്കുമ്പോൾ മുസ്‌ലീം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ആയി പുതിയ ചരിത്രം കുറിക്കാൻ നൂർബിന റഷീദിനു കഴിഞ്ഞാൽ അതു നൽകുന്ന ഊർജ്ജം ചെറുതല്ല. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം പ്രാഗത്ഭ്യം തെളിയിച്ച മുസ്ലിം വനിതകൾക്ക് രാഷ്ട്രീയത്തിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചിലർ കൽപിച്ചു വയ്ക്കുന്ന മാറ്റി നിറുത്തലിന് അന്ത്യം കുറിക്കലാകും അത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com