ADVERTISEMENT

കോൺഗ്രസിന് അപ്രതീക്ഷിത പ്രതിസന്ധി സൃഷ്ടിച്ചാണ് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുൻപിൽ തലമുണ്ഡനം ചെയ്ത് പരസ്യപ്രതിഷേധത്തിന് മുതിർന്ന ലതികയുടെ പ്രതികരണം, വെറുമൊരു വികാരപ്രകടനമായിരുന്നില്ല. അതിൽ കൃത്യമായ നിലപാടു കൂടിയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഏറ്റുമാനൂരിലെ അവരുടെ സ്വതന്ത്ര സ്ഥാനാർഥിത്വം. എന്താണ് ലതിക സുഭാഷ് സ്വന്തം പാർട്ടിയോടും കേരളസമൂഹത്തിനോടും പറയാൻ ആഗ്രഹിക്കുന്നത്? സ്വന്തം രാഷ്ട്രീയഭാവി പോലും തുലാസിൽ വച്ചുകൊണ്ട് ലതിക നടത്തുന്ന ഈ ഒറ്റയാൾ പോരാട്ടം തീർച്ചയായും കേരളസമൂഹം കേൾക്കേണ്ടതാണ്... ചർച്ച ചെയ്യേണ്ടതാണ്. ‌‌‌

കേരളത്തിന്റെ ഒരു പൊതുരാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വിജയിക്കാവുന്ന സീറ്റുകൾ സ്ത്രീകൾക്കു നൽകുന്ന പതിവിന് അത്ര പ്രചാരമില്ല. പട്ടികയിൽ വനിതകളില്ലെങ്കിൽ നാണക്കേടല്ലേ എന്ന തോന്നലിൽ പേരിനു കുറച്ചു പേർക്കു സീറ്റു നൽകുന്ന വഴക്കമാണ് മുന്നണിഭേദമന്യേ കേരളത്തിൽ സംഭവിച്ചിട്ടുള്ളതും. സീറ്റു ലഭിക്കാതെ പോയതിൽ നീരസമോ സങ്കടമോ ഉണ്ടെങ്കിൽ പോലും അതു പൊതുവേദികളിൽ പ്രകടിപ്പിക്കാൻ പല വനിതാ നേതാക്കളും തയ്യാറാകാറില്ല. അങ്ങനെ ചെയ്യുന്നത് ഏതെങ്കിലും കാലത്ത് ലഭിക്കാൻ പോകുന്ന അവസരത്തിന് വിഘാതമായാലോ എന്ന ചിന്തയാകണം അവരെ പിന്നോട്ടു വലിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഏറ്റുമാനൂർ സീറ്റിന്റെ പേരിൽ ലതിക സുഭാഷ് ഉയർത്തിയ പരസ്യപ്രതിഷേധത്തിന് കാലിക പ്രസക്തി വർധിക്കുന്നതും. 

കോൺഗ്രസിലെ മുതിർന്ന വനിതാ നേതാവാണ് ലതിക സുഭാഷ്. കെഎസ്യുവിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച ലതിക കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. 1980-ൽ കോട്ടയം മാന്നാനം കെഇ കോളജ് കൗൺസിലിലെ ആദ്യവനിതാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപികയായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1984-ൽ ബിസിഎം കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി. 1991-ൽ ജില്ലാകൗൺസിൽ അംഗമായി. 10 വർഷം ജില്ലാ പഞ്ചായത്ത് അംഗം. 2000-ൽ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായിതിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെപിസിസി സെക്രട്ടറിയും ജനറൽ സെക്രട്ടറിയുമായി. ഒടുവിൽ മഹിള കോൺഗ്രസ് അധ്യക്ഷയായി.

വി.എസ് അച്യുതാനന്ദനെതിരെ ആയിരുന്നു നിയസഭയിലേക്കുള്ള കന്നി അങ്കത്തിൽ ലതിക നേരിട്ടത്. 2011ൽ വി.എസിനെതിരെ മലമ്പുഴയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്ന് ലതികയ്ക്കെതിരെ വി.എസ് നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ‘ലതിക സുഭാഷ് ഒരു തരത്തില്‍ പ്രശസ്തയാണ്, ഏത് തരത്തിലാണ് പ്രശസ്തിയെന്നത് നിങ്ങള്‍ അന്വേഷിച്ചു കഴിയുമ്പോള്‍ മനസ്സിലാവും’, എന്നാണ് വി എസ് പാലക്കാട് പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പറഞ്ഞത്. വി.എസിന്റെ ഈ വാവിട്ട വാക്ക് അന്ന് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയെ കേരളത്തിലെ ഒരു മുതിർന്ന നേതാവ് കാണുന്ന രീതി മലയാളി സമൂഹത്തെ തന്നെ ലജ്ജിപ്പിക്കുന്നതായിരുന്നു. അന്ന് കോൺഗ്രസിന്റെ ചാവേറായി മലമ്പുഴയിൽ മത്സരിച്ച് അപവാദം കേട്ടു തിരിച്ചു വരേണ്ടി വന്നപ്പോഴും ലതിക പ്രതികരിച്ചത് സമചിത്തതയോടെയായിരുന്നു. തനിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പുരുഷന്മാരായ സഹപ്രവർത്തകർ എം.എൽ.എ ആയും എം.പിയായും രാഷ്ട്രീയ പടവുകൾ താണ്ടിയപ്പോഴൊക്കെ ലതിക പുഞ്ചിരിയോടെ അവർക്ക് ആശംസകൾ നേർന്നു. എന്നാൽ, ഈ 56–ാം വയസിൽ താൻ ഉന്നയിക്കുന്ന ആവശ്യം തികച്ചും ന്യായമാണെന്ന് ഉറച്ച ബോധ്യമുണ്ട് അവർക്ക്. ഇങ്ങനെ അപമാനിതയാകേണ്ട വ്യക്തിയല്ല താനെന്ന ആത്മാഭിമാനമാണ് അവരെ ഇത്തരം കടുത്ത നടപടിയിലേക്ക് എത്തിച്ചത്.  

ഒരു പുരുഷ ഡിസിസി ഭാരവാഹിക്കു കിട്ടുന്ന പരിഗണന പോലും എന്തുകൊണ്ട് ഒരു മുതിർന്ന വനിതാ നേതാവിനു ലഭിക്കുന്നില്ല? ലതിക ഉന്നിയിക്കുന്ന ചോദ്യം പ്രസക്തമാണ്. ഏറ്റുമാനൂരിൽ ലതിക വിജയിച്ചാൽ അതു ചരിത്രമാകും. കാരണം ഒരു മുന്നണിയുടേയും പിൻബലമില്ലാതെ ഒരു വനിതാ സ്ഥാനാർത്ഥി ഇന്നു വരെ നിയസഭയിലേക്ക് വിജയിച്ചു കയറിയിട്ടില്ല. ജനവിധി മറിച്ചാണെങ്കിൽ വ്യക്തിപരമായി ഏറെ നഷ്ടങ്ങൾ ലതികയ്ക്ക് നേരിടേണ്ടി വരും. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ലതിക ഇതിനോടകം പുറത്താക്കപ്പെട്ടു കഴിഞ്ഞു. സജീവമായ രാഷ്ട്രീയ ജീവിതം പോലും ഇനി സാധ്യമാകാൻ ബുദ്ധിമുട്ടാണ്. ഇത്രയും വെല്ലുവിളികൾ മുന്നിൽക്കണ്ടുകൊണ്ടു തന്നെയാണ് ലതിക പോരിനിറങ്ങുന്നത്.

അധികാര രാഷ്ട്രീയത്തിന്റെ വടംവലികളിൽ എന്നും മാറി നിന്നിട്ടുള്ള സ്ത്രീകളെയാണ് മലയാളികൾക്കു കണ്ടു പരിചയം. എന്നാൽ, മത്സരിക്കുന്നത് ജയിക്കാനാണ് എന്നു ആത്മവിശ്വാസത്തോടെ പറയുന്ന വനിതാ നേതാക്കളെ ലതിക സുഭാഷിലൂടെ കേരളം കണ്ടു ശീലിക്കുകയാണ്. അതു തീർച്ചയായും കൂടുതൽ സ്ത്രീകൾ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ലതിക സുഭാഷിന്റെ ശബ്ദം കേൾക്കപ്പെടേണ്ടതു തന്നെയാണ്. കാരണം, നിശബ്ദരായിരുന്നവർ ഒരിക്കലും ചരിത്രം സൃഷ്ടിച്ചിട്ടില്ലല്ലോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com