ADVERTISEMENT

ഒന്നും രണ്ടുമല്ല, കഴിഞ്ഞ 50 വർഷം മലയാളീ നാടക ആസ്വാദകരുടെ മനം കവർന്നാണു കണ്ണൂർ നടന കലാക്ഷേത്ര കഴിഞ്ഞ ദിവസം സുവർണ ജൂബിലി ആഘോഷിച്ചത്. കലാമണ്ഡലം വനജയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കലാക്ഷേത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇതിനോടകം നാടകം അവതരിപ്പിച്ചിട്ടുള്ളത്. 

50 വർഷം, 50 നാടകങ്ങൾ

കണ്ണൂരിലെ സാധാരണക്കാരായ നാടകപ്രേമികൾക്ക് ഏറെ ആവേശം പകർന്നാണു നടന കലാക്ഷേത്രയുടെ ആരംഭം. 1971ൽ തിക്കുറിശ്ശി സുകുമാരൻ നായർ ദീപം കൊളുത്തിയാണു കണ്ണൂർ നടന കലാക്ഷേത്ര ഉദ്ഘാടനം ചെയ്തത്. ആദ്യമായി അവതരിപ്പിച്ചത് ചണ്ഡാലഭിക്ഷുകി എന്ന ബാലെ. എന്നാൽ സാധാരണക്കാർക്ക് ഇതു മനസ്സിലാക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന് അറിഞ്ഞതോടെ നൃത്ത സംഗീത നാടകങ്ങൾ നടന കലാക്ഷേത്രയിൽ നിന്നു പിറന്നു. ഭക്തിശിൽപി, നല്ലതങ്ക, സീതാ പരിത്യാഗം, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ഒട്ടേറെ നാടകങ്ങൾ അരങ്ങിലെത്തി.  പിന്നീടിങ്ങോട്ടു നടന കലാക്ഷേത്രയുടേതായി വേദിയിലെത്തിയത് 50 നാടകങ്ങൾ. കടാങ്കോട്ട് മാക്കവും മുത്തപ്പൻ മഹാത്മ്യവുമൊക്കെ തുടക്കം മുതൽ ഇന്നു വരെ വേദിയിലെത്തിക്കാൻ കലാക്ഷേത്രയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ കലാകാരൻമാരും നടന കലാക്ഷേത്രയിൽ നിന്നുണ്ടായി. 

kannur-nadana-kalakshetram-celebrates-golden-jubilee1
കടാങ്കോട്ട് മാക്കം നാടകത്തിൽ നിന്ന്.

വേദികൾ കീഴടക്കി കടാങ്കോട്ട് മാക്കം

kannur-nadana-kalakshetram-celebrates-golden-jubilee3
കടാങ്കോട്ട് മാക്കം നാടകത്തിൽ നിന്ന്.

കലാക്ഷേത്രയുടെ ജൂബിലി ദിവസം കടാങ്കോട്ട് മാക്കം വേദിയിലെത്തിയപ്പോൾ മറ്റൊരു ചരിത്രം കൂടി പിറന്നു. കടാങ്കോട്ട് മാക്കം എന്ന നൃത്ത സംഗീത നാടകത്തിന്റെ 2600–ാമത്തെ വേദിയിയാരുന്നു ഇത്. അഞ്ഞൂറിലേറെ വർഷം മുൻപു വടക്കേ മലബാറിലെ കുഞ്ഞിമംഗലത്തെ ഒരു തറവാട്ടിൽ നടന്ന കഥയാണു കടാങ്കോട്ട് മാക്കം എന്ന നൃത്ത സംഗീത നാടകത്തിന്റെ ഇതിവൃത്തം. ‘മാക്കത്തെക്കുറിച്ചുള്ള തോറ്റംപാട്ട് കേട്ടപ്പോൾ അതു നാടകമാക്കിയാൽ നന്നായിരിക്കുമെന്നു തോന്നി. ഭർത്താവ് അരയാക്കണ്ടി രവീന്ദ്രന് ഇതെങ്ങനെ വേദിയിലെത്തിക്കുമെന്നതിൽ സംശയമുണ്ടായിരുന്നു. കഥ തയാറാക്കി കടാങ്കോട്ട് മാക്കം അരങ്ങേറുന്നത് 1977ലാണ്.’ നാടകത്തിന്റെ സംവിധാനവും നൃത്തസംവിധാനവും ചെയ്യുന്ന കലാമണ്ഡലം വനജ പറയുന്നു. അഴീക്കോട് സ്വദേശിയായ ചാത്തുക്കുട്ടിയുടേതാണു കഥാബീജം. വിശ്വൻ കൊടുങ്ങല്ലൂർ തിരക്കഥയും തയാറാക്കി 1977ൽ കടാങ്കോട്ട് മാക്കത്തിന്റെ അരങ്ങേറ്റം നടന്നു. 

സ്ത്രീ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മാക്കം

kannur-nadana-kalakshetram-celebrates-golden-jubilee2
കടാങ്കോട്ട് മാക്കം നാടകത്തിൽ നിന്ന്.

നാളുകൾ നീണ്ട പ്രാർഥനകൾക്കൊടുവിൽ 12 സഹോദരൻമാരുടെ അനുജത്തിയായി പിറന്ന മാക്കത്തിനു ലഭിച്ച സ്നേഹ ലാളനകളും പിന്നീടു നേരിടേണ്ടി വന്ന പ്രതികാരാഗ്നിയുമൊക്കെയാണു രണ്ടര മണിക്കൂർ നീളുന്ന കടാങ്കോട്ട് മാക്കത്തിന്റെ നൃത്ത സംഗീത നാടകത്തിന്റെ ഇതിവൃത്തം. 50 നൃത്ത സംഗീത നാടകങ്ങൾ നടന കലാക്ഷേത്രം അരങ്ങിലെത്തിച്ചെങ്കിലും കടാങ്കോട്ട് മാക്കത്തിന്റെ ജനപ്രീതി കുറയുന്നില്ല. സ്ത്രീ പ്രേക്ഷകരാണു മാക്കത്തിന്റെ ആരാധകരിലേറെയും. കലാമണ്ഡലം വനജയായിരുന്നു മാക്കമായി ആദ്യം അരങ്ങിലെത്തിയത്. 700നടുത്തു വേദികളിൽ അവർ തന്നെ മാക്കമായി വേഷമിട്ടു. എല്ലാ ദിവസവും നാടകമുണ്ടായിരുന്ന നാളുകളായിരുന്നു അതെന്നും കലാമണ്ഡലം വനജ പറയുന്നു. പിന്നീട് പ്രമീളശ്രീ, ശ്രീജ, ഷീല, ഗൗരി എന്നിവരും മാക്കമായി വേദിയിലെത്തി. നിലവിൽ കെ.ദിൽനയാണു നാടകത്തിലെ പ്രധാന കഥാപാത്രമായ മാക്കത്തെ അവതരിപ്പിക്കുന്നത്. 

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാണു കടാങ്കോട്ട് മാക്കം ഇപ്പോഴും അരങ്ങിലെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കടാങ്കോട്ട് മാക്കം എന്ന നാടകം നടന കലാക്ഷേത്ര അതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ വിദേശത്തും ഈ നാടകം അവതരിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണു കലാമണ്ഡലം വനജയും സംഘവും. 

English Summary: Kannur Nadana Kalakshetram celebrates Golden Jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com