sections
MORE

കുച്ചിപ്പുടിയായി ‘ദ് വൾച്ചർ’; കെവിൻ കാർട്ടറുടെ ചിത്രത്തിന് രേഷ്‌മയുടെ നൃത്താവിഷ്ക്കാരം

venture3
SHARE

ആലപ്പുഴ ∙ സുഡാനിലെ കടുത്ത ദാരിദ്ര്യത്തെ ലോകശ്രദ്ധയിലേക്കെത്തിച്ച ചിത്രത്തിനു നൃത്താവിഷ്കാരം. കാക്കനാട് ഇൻഫോപാർക്കിലെ ഉദ്യോഗസ്ഥയായ രേഷ്മ യു.രാജ് ആണ് പ്രശസ്ത ഫൊട്ടോഗ്രാഫർ കെവിൻ കാർട്ടറിനു പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത ദൃശ്യത്തെ കുച്ചിപ്പുടിയിൽ ആവിഷ്കരിക്കുന്നത്. ‘ദ് വൾച്ചർ (The Vulture)’ എന്നു പേരിട്ട നൃത്തശിൽപം ‘ജെൻ സി– ജനറേഷൻ ഓഫ് കൾച്ചർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. 

നാലു രംഗങ്ങളിലായാണ് നൃത്തശിൽപം അവതരിപ്പിക്കുന്നത്. തുടക്കത്തിൽ മരണത്തിന്റെ കൂട്ടാളിയായ കഴുകൻ എന്ന പ്രതിനായകനെ അവതരിപ്പിക്കുന്നു. യുദ്ധാനന്തരം പട്ടിണിയിലേക്കു മാറിയ സുഡാനിൽനിന്നു പലായനം ചെയ്യുന്ന കു‍ഞ്ഞിന്റെ മുന്നിലേക്കെത്തുന്ന കഴുകന്റെ കാഴ്ചപ്പാടിലൂടെ ലോകത്തെ അവതരിപ്പിക്കുകയാണ്. കോവിഡിനു ശേഷം ലോകം വീണ്ടും പട്ടിണിയെന്ന ദുരന്തത്തെ നേരിടുന്ന പശ്ചാത്തലത്തിൽ പ്രസക്തിയുള്ള വിഷയമാണിതെന്ന് രേഷ്മ പറയുന്നു. 

venture-2

‘ഈ ആശയം മനസ്സിൽ തോന്നിയപ്പോൾ സുഹൃത്തും നർത്തകിയുമായ എൽ.മീനാക്ഷിയോടു സംസാരിച്ചു. നൃത്തരൂപത്തിൽ ‘ദ് വൾച്ചറി’ന്റെ രചന തയാറാക്കിയത് മീനാക്ഷിയുടെ സഹായത്തോടെയാണ്. പെരിങ്ങനാട് എസ്.രാജനാണ് സംഗീതം നൽകിയത്–’ രേഷ്മ പറഞ്ഞു. ക്ലിസൺ ക്ലീറ്റസ് ആണ് ഛായാഗ്രഹണം. യുഎസ് കേന്ദ്രമായ ഗട്ടർ ബ്ലിസ് ടെമ്പററി ഫെസ്റ്റിവൽ, യുകെ ആസ്ഥാനമായ ലിഫ്റ്റ്–ഓഫ് പൈൻവുഡ് സ്റ്റുഡിയോസ് എന്നീ ചലച്ചിത്രമേളകളിലേക്ക് ഈ നൃത്താവിഷ്കാരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രേഷ്മയുടെ ഭർത്താവ് കളമശേരി ഐടിഐ ജീവനക്കാരനും കേരള എൻജിഒ കളമശേരി ഏരിയ സെക്രട്ടറിയുമായ ഡി.പി.ദിപിൻ ആണ് നൃത്താവിഷ്കാരത്തിനു പിന്തുണയേകിയത്. മകൻ ഭവത്രാത് മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. 

venture4

മുൻപ്, കുച്ചിപ്പുടിയിലൂടെ നിലത്ത് സിംഹത്തിന്റെ ര‍ൂപം വരയ്ക്കുന്ന ‘സിംഹനന്ദിനി’ എന്ന നൃത്തശിൽപവും രേഷ്മ തയാറാക്കിയിട്ടുണ്ട്. മൂന്നാം വയസ്സിൽ നൃത്ത പരിശീനം ആരംഭിച്ച രേഷ്മ രാഷ്ട്രപതിയുടെ ദേശീയ ബാലശ്രീ അവാർഡ്, കേന്ദ്രസർക്കാരിന്റെ യുവപ്രതിഭാ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2002ൽ തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. 

English Summary: The Venture Dance Performance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA