sections
MORE

വാക്കുകളും മുദ്രയും കൃത്യമാകണം; ഉന്നതമായ സാഹിത്യബോധം നൽകും ഉദാത്തമായ നൃത്താനുഭൂതി

lakshmi-dance
SHARE

കുറച്ചു വർഷങ്ങൾക്കുമുമ്പ് സാനുമാഷിനെ കണ്ടപ്പോൾ കവിതകളിലെ ധ്വനിയെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. കവിതയ്ക്കു മാത്രമല്ല എല്ലാ സാഹിത്യശാഖകൾക്കും കലകൾക്കും ബാധകമായ കുറെയേറെ കാര്യങ്ങൾ. അന്ന് അദ്ദേഹം പറഞ്ഞതും അതിനുമുമ്പ് മഹാരാജാസിൽ എം.എ.യ്ക്കു പഠിക്കുമ്പോൾ ഭാരതീയ കാവ്യശാസ്ത്രക്ലാസുകളിൽ നിന്നറിഞ്ഞതും, പിൽക്കാലത്ത് ക്ലാസുകളെടുക്കുമ്പോൾ മാത്രമല്ല പുതിയ പാട്ടുകൾക്കുവേണ്ടി ചുവടുകളൊരുക്കുമ്പോഴും സഹായിച്ചിട്ടുണ്ട്.

നൃത്തം എന്ന സൂചന

നൃത്തം ഒരു സൂചന മാത്രമാണ്; ഗുരു ബ്രഗ ബസ്സൽ അഭിനയ ക്ലാസെടുക്കുമ്പോൾ ആവർത്തിച്ചു പറയാറുണ്ട്. ബ്രഗ അക്കയുടെ ഒരു ക്ലാസ് ഓർക്കുന്നു. പ്രണയം പല തരത്തിൽ അവതരിപ്പിച്ചിട്ടും ഒട്ടും വകവയ്ക്കാത്ത പുരുഷനെ വശീകരിക്കാൻ ശ്രമിക്കുന്ന നായികയുടെ കഥയാണ് പാഠഭാഗം. നായകൻ വീടിനടുത്തുള്ള തെരുവിൽ വരുന്നു എന്നറിഞ്ഞ് അദ്ദേഹത്തിൻറെ ശ്രദ്ധ ആകർഷിക്കാൻ നായിക ഉടുത്തൊരുങ്ങുന്ന ഭാഗമാണ് ഞങ്ങൾ അഭിനയിക്കേണ്ടത്.

യൂട്യൂബിൽ കാണാറുള്ള ട്യൂട്ടോറിയൽ വീഡിയോയിൽ എന്നപോലെ പട്ടുസാരി ഞൊറിഞ്ഞുടുക്കുന്നത് ഞങ്ങൾ വിസ്തരിച്ച് അഭിനയിച്ചുകൊണ്ടിരുന്നു. ഇതുകണ്ടപ്പോൾ അക്ക പറഞ്ഞു, ‘നിങ്ങൾ ഇങ്ങനെ സാരി ഉടുത്തുകൊണ്ടിരുന്നാൽ നായകൻ അയാളുടെ പാട്ടിന് പോകുമല്ലോ. കുട്ടികളേ, നൃത്തം ഒരു സൂചന മാത്രമാണ്.’ കവിതയ്ക്കുവേണ്ടി  കവി ഏറ്റവും കൃത്യമായ വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്മത നർത്തകി നൃത്തത്തിന് മുദ്രാഭാഷ തയ്യാറാക്കുന്നതിലും ആവശ്യമുണ്ട്. നൃത്തത്തിൽ വ്യക്തവും സൂക്ഷ്മവും ചുരുങ്ങിയതുമായ ചലനങ്ങളിലൂടെ ആശയവിനിമയം നടത്തുകയാണ് ആവശ്യം. വ്യാഖ്യാനം വേണ്ടിടത്ത് അതാകാം. പക്ഷേ സമയവും സന്ദർഭവും പ്രധാനമാണ്. യാഥാർത്ഥ്യബോധത്തിലൂന്നിയ ഭാവാഭിനയത്തോടാണ് വ്യക്തിപരമായി താൽപര്യം.

കവിതയിലും നൃത്തത്തിലും ധ്വനി

കവിതയുടെ ആത്മാവ് ധ്വനിയാണെന്ന് ആചാര്യശ്രേഷ്ഠർ അഭിപ്രായപ്പെടുന്നു. ധ്വനിപൂർണമായ കാവ്യം ആസ്വാദനത്തെ വൈവിധ്യവും രസകരവുമാക്കുന്നുണ്ട്. നൃത്തത്തിലും ധ്വനി ഏറെ പ്രധാനമാണ്. ശബ്ദശക്തികളായ അഭിധയും (വാച്യാർത്ഥം) വ്യഞ്ജനയും (വ്യംഗ്യാർത്ഥം) മുദ്രാഭാഷയ്ക്കും ബാധകമാണ്.

നൃത്ത സംവിധാനത്തിൽ പാട്ടിലെ ഓരോ വാക്കിനേയും അത് പ്രതിനിധാനം ചെയ്യുന്ന മുദ്രയിലേക്ക് മാറ്റുന്ന രീതിയാണ് കണ്ടുവരുന്നത്. ഭരതനാട്യത്തിൽ പാട്ടിൻറെ വരികൾ ആവർത്തിച്ചു പാടുന്ന പതിവുള്ളതിനാൽ ആദ്യത്തെ വരിയിൽ പദാർത്ഥവർണനയും പിന്നെ മനോധർമവ്യാഖ്യാനങ്ങളുമാണ് ചെയ്യാറുള്ളത്. ഉയർന്ന സാഹിത്യബോധമില്ലാത്ത ഒരാൾ നൃത്തം ചിട്ടപ്പെടുത്തുമ്പോൾ അഭിധയ്ക്കു പ്രാധാന്യം നൽകുന്നു.

കഥയറിയാതെ ആട്ടം

നൃത്തത്തിലെ ശബ്ദശക്തി പ്രയോഗത്തെ ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം. അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ മിന്നുംതാരമായിമാറിയ ഒരു നർത്തകി ‘വടക്കുംനാഥൻ’ എന്ന ചലച്ചിത്രത്തിലെ ‘ഗംഗേ’ എന്ന ഗാനം ഭരതനാട്യത്തിൻറെ മുദ്രഭാഷയിൽ അവതരിപ്പിച്ചുകണ്ടു. ആ ഗാനത്തിൽ ‘മാംഗല്യമണിക്കുങ്കുമം നിനക്കായ് മാലേയ സന്ധ്യ ഒരുക്കി’ എന്ന വരിയിൽ ‘സന്ധ്യ’ എന്ന വാക്കിന് ‘രാത്രി’ അല്ലെങ്കിൽ ‘ഇരുട്ട്’ എന്ന അർത്ഥം തരുന്ന മുദ്രയാണ് ഉപയോഗിച്ചത്. ‘ഇരുട്ട്’ മുദ്രയുടെ കൂടെ നർത്തകി മുഖത്ത് ‘ഭയം’ അഭിനയിച്ചു. അതിൽ തെറ്റില്ല. ഇരുട്ടിൽ ഭയം തോന്നുന്നത് സ്വാഭാവികമാണല്ലോ. പക്ഷേ അവിടെ ഭാവാർത്ഥമെടുത്താൽ കവി പാടിയിരിക്കുന്നത് നായിക വിവാഹം കഴിക്കുമ്പോൾ നെറുകയിലണിയാൻ അവൾക്ക് അസ്തമയസൂര്യൻറെ ചുവപ്പ് കുങ്കുമമായി എന്നാണ്. വിവാഹം സ്വപ്നം കണ്ടു കഴിയുന്ന പെൺകുട്ടി രാത്രിയുടെ മുദ്ര കാണിച്ച് ഭയം അഭിനയച്ചതിലൂടെ രസഭംഗമുണ്ടായി എന്നു പറയാതെ വയ്യ.

‘സന്ധ്യ’ എന്ന വാക്കിന് രാത്രിയും പകലും ചേരുന്ന സമയം എന്നു മാത്രമല്ലല്ലോ അർത്ഥം. സന്ധിക്കുക എന്ന വാക്കിൽനിന്നുമുണ്ടായ നാമപദമാണ് സന്ധ്യ. അതിന് നാമപദം, വിശേഷണം,വിശേഷ്യം ഇങ്ങനെ പലതരത്തിൽ പ്രയോഗമുണ്ട്. വാർദ്ധക്യകാലത്തെ കാവ്യാത്മകമായി ജീവിതസന്ധ്യ എന്ന് പറയാറുണ്ട്. വാക്യാർത്ഥത്തെ മാത്രം ആശ്രയിച്ചും ചിലപ്പോൾ അതിൻറെ യഥാർത്ഥ അർത്ഥമോ ധ്വനിയോ മനസ്സിലാക്കാതെയും നൃത്തം സംവിധാനം ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന അബദ്ധങ്ങൾക്ക് ഉദാഹരണങ്ങൾ ഇനിയുമേറെയുണ്ട്.

അഭിധ അല്ല അജ്ഞത

ഒരിക്കൽ കലാസ്വാദകനും എഴുത്തുകാരനുമായ  സുഹൃത്ത് പറഞ്ഞതാണ്. അരങ്ങിൽ ‘മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ’ എന്ന് തുടങ്ങുന്ന പ്രശസ്തമായ ലളിതഗാനം സംഘനൃത്തമായി അവതരിപ്പിക്കുന്നു. പാട്ടിൽ ‘നാവായിൽ’ എന്ന വാക്ക് വരുമ്പോഴെല്ലാം നർത്തകിമാർ ഒരുമിച്ച് വായ തുറന്ന് നാവ് കാണിക്കുന്നു. ‘തിരുനാവായ’ സ്ഥലനാമമാണെന്ന് അറിയാതെ നർത്തകിമാർ ആടിത്തകർത്തപ്പോൾ അദ്ദേഹം പരിസരം മറന്നു ചിരിച്ചുപോയി. ഇവിടെ അഭിധ അല്ല അജ്ഞതയാണ് വില്ലനായത് എന്നുകൂടി പറഞ്ഞോട്ടെ.

മുദ്രകൾ കാവ്യാത്മകമാകുമ്പോൾ

നൃത്തം സംവിധാനം ചെയ്യുമ്പോൾ വ്യഞ്ജന എങ്ങിനെ ഉപയോഗിക്കാമെന്നതിൽ പ്രഗൽഭരുടെ കോറിയോഗ്രാഫികൾ നല്ല ഉദാഹരണങ്ങൾ നൽകുന്നുണ്ട്. അതിൽ ബാലസരസ്വതിയുടെ നൃത്തം മികച്ചു നിൽക്കുന്നു. അവർ നൃത്തത്തിൽ മുദ്രകളെ കാവ്യാത്മകമായി പ്രയോഗിച്ചു. ഒരു നൃത്തത്തിൽ അവർ ചന്ദ്രക്കല മുതൽ പൂർണചന്ദ്രൻ വരെ ചന്ദ്രൻറെ രൂപമാറ്റത്തെ കാണിച്ച് സമയത്തെ സൂചിപ്പിച്ചത് മുദ്രാഭാഷയെ കാവ്യാത്മകവും ധ്വനിപൂർണവുമാക്കുന്നു.

മറ്റൊരു ഉദാഹരണം, നൃത്തത്തിൽ നായിക-നായകരുടെ രാത്രിസമാഗമമാണ് അവതരിപ്പിക്കുന്നതെങ്കിൽ ഇരുട്ട് എന്ന അർത്ഥം നൽകുന്ന മുദ്രയേക്കാൾ ശൃംഗാര രസത്തെ ഉദ്ദീപിപ്പിക്കുന്ന ചന്ദ്രനോ നക്ഷത്രങ്ങളോ നിലാവോ, തണുത്ത കാറ്റോ അല്ലെങ്കിൽ രാത്രിയിൽ വിടരുന്ന ഏതെങ്കിലും പുഷ്പമോ ആയിരിക്കും കൂടുതൽ അഭികാമ്യം. അതേ സമയം വിരഹദുഖമുള്ള രാത്രിയെ ഇരുട്ടിൻറെ മുദ്രയിലൂടെ അവതരിപ്പിക്കാം. അവിടെ രാത്രിയല്ല, രാത്രിയുടെ സ്വഭാവമാണ് നർത്തകി വ്യക്തമാക്കേണ്ടത്.

നൃത്തസ്യാത്മാ ധ്വനിരിതിഃ

പാട്ടിലെ ഓരോ വാക്കിനേയും മുദ്രകളിലേക്ക് മാറ്റുന്നതല്ല നൃത്തം. നൃത്ത സംവിധാനത്തിൽ ആദ്യമോർക്കേണ്ട പാഠവും ഇതാണ്. നർത്തകി സംഗീതമറിഞ്ഞിരിക്കണമെന്ന് പറയുന്നതുപോലെ സാഹിത്യവും അറിഞ്ഞിരിക്കേണ്ടതാണ്. ഉദാത്തമായ നൃത്താനുഭവം ഉന്നതമായ സാഹിത്യബോധത്തിൻറെ കൂടി ഉൽപന്നമാണ്.

(തലശേരി ബ്രണ്ണൻ കോളജ് അധ്യാപികയും നർത്തകിയുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA