sections
MORE

ഇഎംഎസ് തിര‍ഞ്ഞെടുത്ത ‘സ്വന്തം’ അമ്മ; ഭാനുമതിക്ക് വേണം ഒരു വീട്, സർക്കാർ കാണുന്നില്ലേ!

Banumathi-Payyannur-with-EMS
ഭാനുമതി 1996ൽ ഇഎംഎസിനൊപ്പം (ഇടത്) ഭാനുമതി ഇപ്പോൾ (വലത്)
SHARE

ഭാനുമതി പയ്യന്നൂർ എന്ന അറുപതുകാരിക്കു കഴിഞ്ഞുപോയ പ്രതാപകാലത്തെക്കുറിച്ച് ഓർക്കാനധികമൊന്നുമില്ല. അല്ലെങ്കിൽത്തന്നെ അതു പ്രതാപകാലമായിരുന്നോ? ചായം പൂശിയ മുഖത്തേക്കാൾ എത്രയോ നാടകീയതയാണ് ജീവിതത്തിൽ അവർ അനുഭവിച്ചത്? എങ്കിലും സംസാരിക്കുമ്പോൾ ആ ചിരി മുഖത്തു പടർന്നു കയറുന്നു. ഭാനുമതിയെ പുതുതലമുറയ്ക്കു പരിചയം ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ’ ‘ഇവിടെ മിക്സീല്ലേ, ഗ്രൈൻഡറില്ലേ, ടീവീല്ലേടാ..’ എന്നുൾപ്പെടെ ചോദിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച കാർത്യായനിയായിട്ടാണ്. എന്നാൽ ഇഎംഎസ് വരെ ഉള്ളംതട്ടി അഭിനന്ദിച്ച നാടകകലാകാരിയാണ് ഭാനുമതി. 

ഒൻപതാം ക്ലാസിൽവച്ചായിരുന്നു ഭാനുമതിയുടെ വിവാഹം. പൊന്നും പണവുമൊന്നും അധികം നൽകാനില്ലെന്ന പഴയ ചിന്തയുടെ മറ്റൊരു ഇര. ‘ആ ദിവസങ്ങൾ ഓർക്കാൻ പോലുമാകുന്നില്ല. അത്രയ്ക്കു പേടിയും വെറുപ്പുമാണു തോന്നുന്നത്. ക്രൂരമായ പീഡനങ്ങൾക്കിരയായി. ഒരുപാട് ഉപദ്രവിച്ചു. ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ പോലും വന്നു.’  ഭാനുമതിയുടെ മുഖത്തെ ചിരിയുടെ പ്രസാദം മായുന്നതു പോലെ. 

‘വിവാഹത്തിനു മുൻപു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭർത്താവ് നാടകപ്രവർത്തകനായിരുന്നു (പേരെന്തായിരുന്നു അദ്ദേഹത്തിന്റെ എന്ന ചോദ്യത്തിന് പേരു പോലും ഓർക്കാൻ താൽപര്യമില്ലെന്നായിരുന്നു മറുപടി). ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ കൂടെയും നാടകത്തിനു പോകുമായിരുന്നു. ജീവിക്കാൻ പക്ഷേ, അതൊരു മാർഗമായിത്തീരും എന്നൊന്നും അന്നറിയില്ലായിരുന്നു. 13–ാം വയസ്സിലാണ് നാടക കലാസമിതിയിലേക്ക് എത്തിപ്പെടുന്നത്. അമച്വർ നാടകങ്ങളിൽ സജീവമായതിനുശേഷം പിന്നീട് കോഴിക്കോട് സ്റ്റേജ് ഇന്ത്യ എന്റർടൈനേഴ്സിലേക്കെത്തി. പിന്നെ, ജീവിതം അവിടെയായിരുന്നു.

ഇഎംഎസും പെൺകുട്ടിയും

ഇഎംസിനെ ആദ്യമായി കാണുന്നത് ഇപ്പോഴും നല്ല ഓർമയുണ്ട്. തിരുവനന്തപുരത്തെ കാർത്യായനി തിയറ്ററിലെ വേണുക്കുട്ടൻ നായരാണ് പുതിയ നാടകത്തെക്കുറിച്ചു പറയുന്നത്. മകന് അന്ന് 2 വയസ്സേയുള്ളൂ. ഇന്നത്തെപ്പോലെ യാത്ര പോലും എളുപ്പമല്ല. അവിടേക്കു പോകെണ്ടെന്നു കരുതിയതാണ്. പക്ഷേ, പലതവണ അവർ വിളിച്ചു. ഒടുവിൽ ഓഡിഷനു പോയി. ഇഎംഎസിന്റെ അമ്മയായിട്ടായിരുന്നു വേഷം. അവരുടെ ചെറുപ്പം മുതൽ പ്രായമാകുന്നതു വരെയുള്ള പലവിധ കാലഘട്ടം. കേട്ടും ചിത്രങ്ങൾ കണ്ടും ഇഎംഎസിനെ  പരിചയമുണ്ട്. ഓഡിഷൻ ചെയ്യാനിരുന്നപ്പോൾ അദ്ദേഹത്തെ മനസ്സിലാക്കാനും സാധിച്ചു. കൂടെയുണ്ടായിരുന്നവർ ആരൊക്കെയാണെന്ന് ഇപ്പോഴും അറി‍ഞ്ഞുകൂടാ. എങ്ങനെയൊക്കെയോ അഭിനയിച്ചു. ഒരുപാടു പേരുണ്ടായിരുന്നു അന്ന് ഓഡിഷന്. പിന്നെയറിഞ്ഞു, ഇഎംഎസ് തിരഞ്ഞെടുത്തത് എന്നെയായിരുന്നെന്ന്. അദ്ദേഹത്തിന്റെ അമ്മയുടെ ഛായ എനിക്കുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞുവത്രേ. 

Banumathi-Payyannur-2
ഭാനുമതി നാടകവേദിയിൽ.

ഏലംകുളം മനയ്ക്കലെ അമ്മ– അതായിരുന്നു നാടകം. ഇഎംഎസും മറ്റു പ്രമുഖരും അടങ്ങുന്ന വേദി. മനയുടെ ഭാഗം വയ്പാണ് വേദിയിൽ. ആ രംഗം പകുതിയായതോടെ ഇഎംഎസ് എഴുന്നേറ്റു പുറത്തേക്കു പോയി. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുപോലെ ഞെട്ടി. നാടകം ഇതോടെ തീർന്നെന്നു കരുതി. കുറച്ചു കഴിഞ്ഞു പുറത്തു നിന്നൊരു ശബ്ദം– ‘ഭാഗം വയ്പ്പു കഴിഞ്ഞോ....?’ ആ ചോദ്യത്തിലുണ്ടായിരുന്നു ഭാനുമതിക്കു ലഭിച്ച ഏറ്റവും വലിയ പുരസ്കാരം. 

നാടകം കഴി‍ഞ്ഞ് അഭിനന്ദിക്കാനെത്തിയിരുന്നു. തന്റെ അമ്മയെ വീണ്ടും കണ്ടു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭാനുമതിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം. ഇഎംഎസ് അഭിനന്ദിക്കാനെത്തിയപ്പോൾ ഞാൻ പറഞ്ഞിരുന്നു, ഒരു വീടില്ല എന്ന കാര്യം. ഇനി കാണുമ്പോൾ ഒരു വീടുണ്ടാകും എന്നു പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. 1996ലായിരുന്നു നാടകം. 98ൽ അദ്ദേഹത്തിന്റെ വിയോഗവും. വർഷങ്ങൾ പിന്നെയും കടന്നുപോയി. പക്ഷേ, ഇതുവരെയും വീടു ലഭിച്ചില്ല എന്നതാണു വിരോധാഭാസം. അദ്ദേഹത്തിന്റെ വാക്ക് ഇന്നും ഞാൻ ഓർക്കാറുണ്ട്. കുറച്ചു നാൾ കൂടി അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ...

മകനുണ്ട് ഒപ്പം

ഒരിക്കൽ സ്റ്റേജിലേക്കു കയറുന്നതിനു തൊട്ടുമുൻപാണ് സഹോദരൻ മരിച്ച വിവരം അറിയുന്നത്. നാടകം മുടക്കാൻ പാടില്ലല്ലോ. അതു നമ്മളെ മാത്രമല്ല, ഒരുപാടാളുകളെ ബാധിക്കും. നാടകം കഴിഞ്ഞാണു വീട്ടിലേക്കു മടങ്ങിയത്. അവൻ മരിച്ചു കുറച്ചു ദിവസം കഴി‍ഞ്ഞപ്പോഴേക്കും അവന്റെ ഭാര്യയും ആത്മഹത്യ ചെയ്തു. അനാഥരായ രണ്ടു കുഞ്ഞുങ്ങൾ. അതിലൊരാളാണ് എന്റെ കൂടെയുള്ളത്. എന്റെ മകൻ. മനു. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അവനോടു ഞാനല്ല അവന്റെ അമ്മ എന്നു പറയുന്നത്. ‘അതെനിക്കറിയാം അമ്മേ’ എന്നായിരുന്നു അവന്റെ മറുപടി. അവനും ഇപ്പോൾ നാടകത്തിന്റെ കൂടെത്തന്നെയാണ്; അണിയറപ്രവർത്തകനായി. 

Banumathi-Payyannur-3
ഭാനുമതി നാടകവേദിയിൽ.

വീടില്ലാതെ ഇപ്പോഴും...

വാടകവീട്ടിലാണ് ഇപ്പോഴും താമസം. ലോക്ഡൗണിൽ വാടക പോലും കൊടുക്കാൻ കഴിയാതെയായി. സ്ഥലവും വീടുമൊക്കെ നോക്കിവയ്ക്കും. പക്ഷേ, വാടക കൊടുക്കാൻ പണമില്ലാത്തവർ വീട് സ്വന്തമാക്കുന്നതെങ്ങനെ?– ഭാനുമതി പുഞ്ചിരിക്കുന്നു. നാടകക്കാരുടെ അവസ്ഥ എത്രയോ പരിതാപകരമാണ്. ഇപ്പോൾ കുറച്ചു സിനിമ കിട്ടുന്നുണ്ട്. അതു കൂടിയില്ലെങ്കിൽ ജീവിക്കാൻ ബുദ്ധിമുട്ടിയേനെ. 10 മണിക്കു ശേഷം നാടകം പാടില്ലെന്ന നിയമം മാറ്റേണ്ടതല്ലേ? ഞങ്ങൾക്കും ജീവിക്കേണ്ടേ? എന്നെപ്പോലെ ദുരിതമനുഭവിക്കുന്ന, വീടില്ലാത്ത, പണമില്ലാത്ത എത്രയോ കലാകാരന്മാരാണ് ഇപ്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നത്....?  

ചോദ്യങ്ങൾ നീളുന്നു; രോഷവും. എങ്കിലും ആ മുഖത്തെ ചിരി മായുന്നില്ല. അല്ലെങ്കിലും ജീവിതം ഒരു നാടകമാണല്ലോ. ആ നാടകത്തിൽ അവരണിയുന്ന വേഷം നിറഞ്ഞ ചിരികളുടേതാണ്. സ്നേഹത്തിൽ പൊതിഞ്ഞ, വിഷാദം നിറ‍ഞ്ഞ, രോഷം മുള പൊട്ടുന്ന ചിരികളുടേത്. 

Banumathi. M, 

Kerala Gramin Bank, 

A/c 40494101004942,

IFScode: KLGB 0040494,

Payyannur, Edat Branch, Kerala

English Summary: Story of Actress Bhanumathi Payyannur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA