ADVERTISEMENT

സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിദ്വേഷസന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമയായ മാര്‍ഗവുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍. സമൂഹമാധ്യമ ഉള്ളടക്കം ക്രിയാത്മകമാവുകയും വെറുപ്പിന്റെ സന്ദേശങ്ങള്‍ വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെയേ ലോകത്തെ അക്രമ സംഭവങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയൂ എന്നും ആര്‍ഡേന്‍ വ്യക്തമാക്കി. ക്രെസ്റ്റ് ചര്‍ച്ച് കോള്‍ എന്ന പേരില്‍ സമൂഹമാധ്യമ ലോകത്തെ വെറുപ്പും വിദ്വേഷവും ഇല്ലാതാക്കാന്‍ വെര്‍ച്വലായി നടത്തിയ യോഗത്തിലായിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ആത്മാര്‍ഥമായ തുറന്നുപറച്ചിലുകള്‍.

2019 ല്‍ ന്യൂസിലന്‍ഡിലെ രണ്ടു പള്ളികളില്‍ വെള്ളക്കാരനായ വംശീയവാദി നടത്തിയ വെടിവയ്പില്‍ 51 പേര്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ആര്‍ഡേനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കൂടിയാണ് ക്രൈസ്റ്റ് ചര്‍ച്ച് കോള്‍ എന്ന ഓണ്‍ലൈന്‍ ചര്‍ച്ചായോഗം സംഘടിപ്പിച്ചത്. കഴിഞ്ഞവര്‍ഷമായിരുന്നു ആദ്യ യോഗം. ഇതിപ്പോള്‍ നടക്കുന്നത് രണ്ടാമത്തെ വാര്‍ഷിക യോഗം. ഫെയ്സ് ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്ത യോഗത്തില്‍ ആര്‍ഡേനെ കൂടാതെ, മാക്രോണ്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരും പങ്കെടുത്തു. തീവ്രവാദനത്തിനെതിരെയുള്ള ഗ്ലോബല്‍ ഇന്റര്‍നെറ്റ് ഫോറം, ഫെയ്സ്ബുക്, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യൂട്യൂബ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു. 

ഇതാദ്യമായി ക്രൈസ്റ്റ് ചര്‍ച്ച് കോള്‍ എന്ന സമാധാന ചര്‍ച്ചാ യോഗത്തില്‍ അമേരിക്കയും പങ്കെടുത്തു. നേരത്തെ ട്രംപ് അധികാരത്തിലിരുന്നപ്പോള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടമില്ല എന്ന ന്യായീകരണം പറഞ്ഞ് ഈ സമ്മേളനത്തില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു. എന്നാല്‍ ജോ ബൈഡനും കമലാ ഹാരിസും അമേരിക്കന്‍ ഭരണ നേതൃത്വത്തില്‍ എത്തിയതോടെ അമേരിക്ക നയം മാറ്റുകയായിരുന്നു. അതും ആര്‍ഡേന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് മുതല്‍ക്കൂട്ടായി. ആഗോള സമാധാനത്തിനും ശാന്തിക്കും ഉതകുന്ന വ്യക്തമായ സന്ദേശവും.

വാര്‍ത്തകളും വീക്ഷണങ്ങളും അവതരിപ്പിക്കുന്ന സമൂഹമാധ്യമ പ്രക്രിയകള്‍ അടിമുതല്‍ മുടി വരെ മാറേണ്ടതിന്റെ ആവശ്യതകയാണ് ജെസീന്ത യോഗത്തില്‍ എടുത്തുപറഞ്ഞത്. ക്രൈസ്റ്റ് ചര്‍ച്ച് കോള്‍ തുടങ്ങിയതില്‍പ്പിന്നെ 50-ല്‍ അധികം രാജ്യങ്ങള്‍, രാജ്യാന്തര സംഘടനകള്‍ എന്നിവരും പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നാല്‍ മാത്രം പോരാ. അവ യുക്തിപൂര്‍വം, സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക കൂടി ചെയ്യണം: ആര്‍ഡേന്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷം ക്രൈസ്റ്റ് ചര്‍ച്ച് കോളിന്റെ നേതൃത്വത്തില്‍, ലോക വ്യാപകമായി ബോധവത്കരണം നടത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. 

ക്രിയാത്മകമായ ഇടപെടലിനുവേണ്ടി ചില പ്രത്യേക പ്രക്രിയകള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും പറയുന്നു. എല്ലാ പ്രധാന സംഘടനകളും ഇതിനെ പിന്താങ്ങുകയും ചെയ്തിട്ടുണ്ട്. അപകടകരമായ ഉള്ളടക്കമാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് യുക്തിയില്ലാതെ പ്രചരിപ്പിക്കുന്നതോടെ അക്രമങ്ങള്‍, വെടിവയ്പ് ജീവഹാനി എന്നിവയൊക്കെ സംഭവിക്കുന്നു.

English Summary: New Zealand PM says to fight hate, study social media algorithms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com