ADVERTISEMENT

ഒരു പെൺകുട്ടിയുടെ മനോഹരമായ ചിത്രം കണ്ടാൽ അതിന് എന്തൊക്കെ കമന്റ്സ് നൽകാം? ഉത്തരങ്ങൾ സ്വാഭാവികമായും ഒരുപാടുണ്ടാകും. പക്ഷേ സോഷ്യൽ മീഡിയ ഒന്നടങ്കം ഇന്ന് സംസാരിച്ചത് അശ്വതി ശ്രീകാന്തിന് തന്റെ ചിത്രത്തിന് താഴെ വന്ന ഒരു കമന്റിനെ കുറിച്ചും അതിന് അവർ നൽകിയ മറുപടിയെക്കുറിച്ചുമാണ്. 

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടി ഇങ്ങനെ:

സൂപ്പർ ആവണമല്ലോ... ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്...!!

ഇത് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് അശ്വതിയുടെ ചുട്ട മറുപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു' എന്ന പ്രതികരണവുമായാണ് അശ്വതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തിയത്.

സന്ദീപ് വാചസ്പതി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

നവ മാധ്യമ കാലഘട്ടത്തിൽ കണ്ട ഏറ്റവും മികച്ച പ്രതികരണം. ഇതു പോലൊരെണ്ണം ഈ അടുത്തെങ്ങും കണ്ടിട്ടില്ല. ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നൽകിയാണ്. അതോടെ ഞരമ്പൻ മാന്യനായി മാറും. ചിലരെങ്കിലും അവന്റെ ഭാഗം ചേരുന്ന അവസ്ഥ പ്രതികരണത്തിലൂടെ ഉണ്ടാവുകയും ചെയ്യും.

പക്ഷെ നിലവാരം എന്താണെന്ന് കാണിച്ചു കൊടുത്ത  Aswathy Sreekanth ന് ആദരം നിറഞ്ഞ അഭിവാദ്യങ്ങൾ. ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന്  അശ്വതി കാണിച്ചു തന്നു. ചാനൽ ഫ്ലോറിലെ ആഢ്യത്വം ഇവിടെയും പുലർത്തിയ അശ്വതിയോട് ഇഷ്ടം കൂടി. ഒപ്പം ബഹുമാനവും.

..........

സ്ത്രീകൾ നല്ലൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചാൽ അതിനെ എല്ലാ രീതിയിലും മോശമായി ചിത്രീകരിക്കുന്ന ഒരുപാട് അഭിപ്രായങ്ങൾ വരാറുണ്ട്. ഓൺലൈൻ മാധ്യമങ്ങളുടെ കമന്റ്‌ ബോക്സുകൾ മാത്രം തുറന്നു നോക്കിയാൽ മതി ഇത്തരം നിരവധി അശ്ലീല വാചകങ്ങൾ കാണാം.

പലപ്പോഴും സ്ത്രീകൾ അസഭ്യം നിറഞ്ഞ കമന്റുകൾക്ക് മറുപടി നൽകാറില്ല. പക്ഷേ കാലം മാറിയിരിക്കുന്നു, കൃത്യമായ മറുപടികൾ കൊണ്ട് ഇത്തരക്കാരെ നിശബ്ദരാക്കാൻ പുതിയകാലത്തെ സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും മികച്ച മറുപടി തന്നെയാണ് അശ്വതി നൽകിയതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

English Summary: Social media praises Aswathy Sreekanth's reply on abusive comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com