ADVERTISEMENT

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടി സീനത്തിനെതിരെയും സൈബർ ആക്രമണം. സ്ക്രീൻഷോട്ടുകൾ സഹിതം നടി കമന്റുകൾ പങ്കുവെച്ചു. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ സ്ത്രീകളെ അശ്ലീലം പറയുന്നതും പുരുഷൻമാരെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുന്നതതിനുമെതിരെയാണ് നടിയുടെ പ്രതികരണം. ഇത് കേരളമാണെന്നും അഭിപ്രായ സ്വതന്ത്ര്യം ഉള്ള നാടാണെന്നും സീനത്ത് വ്യക്തമാക്കുന്നു.

സീനത്തിന്റെ കുറിപ്പ്:

''വിവരദോഷം ഒരു കുറ്റമല്ല.

#ഒരേജാതി #ഒരേമതം.

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിനു വന്ന ചില വൃത്തികെട്ട കമന്റുകളില്‍ ചിലതു മാത്രം ഞാന്‍ താഴെ കൊടുക്കുന്നു.

ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം. എന്നാലും പറയുന്നു. സംശയവും വേണ്ട, പലരും സ്വന്തം വീട്ടിലെ സംസ്‌കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത്. ഇത്തരക്കാരുടെയൊക്കെ കാഴ്ചപ്പാട് മാത്രമല്ല ഭാഷയും ഒന്ന് തന്നെയായിരിക്കും. എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുക, പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുക.

സ്ത്രീകളോട് അശ്ലീലം പറഞ്ഞാല്‍ അവര്‍ വിചാരിക്കുന്നത് കേള്‍ക്കുന്നവര്‍ക്കാണ് നാണക്കേട് എന്നാണ്. അവരറിയുന്നില്ല ഇത് കാണുന്ന ജനങ്ങള്‍ അവരെതന്നെയാണ് വിലയിരുത്തുന്നത് എന്നു. ഇവരുടെയൊക്കെ വീട്ടിലും സ്ത്രീകള്‍ ഉണ്ടാകും, അല്ലെ. ഒരു കാര്യം ഉറപ്പാണ്, സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാനിക്കാന്‍ പറ്റു. അല്ലാത്തവര്‍ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും.

ഇത് കേരളമാണ്. അഭിപ്രായ സ്വതന്ത്ര്യം ഉള്ള നാട്. ആര്‍ക്കു ആരോടും അഭിപ്രായം പറയാം. എന്നാല്‍ വീണ്ടും പറയുന്നു, ഇത് കേരളമാണ്, സ്ത്രീകളോട് അതിരുകടന്നുള്ള അശ്ലീലം പറച്ചില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പിന്നെ ഞാന്‍ എവിടെയും ഒരു പ്രത്യേക മതത്തിനെ നന്നാക്കാനും മറ്റുള്ള മതകാരെ മോശക്കാരാക്കാനും ശ്രമിക്കാറില്ല. കാരണം എനിക്ക് ഒരേ ഒരു മതമേ ഉള്ളു, അത് മനുഷ്യമതം.

ഒരേ ജാതി, മനുഷ്യജാതി. എന്റെ ജന്മം സ്ത്രീ ജന്മം. എന്റെ നാട് കേരളം. എന്റെ രാജ്യം ഇന്ത്യ. എന്റെ രാഷ്ട്രീയം ജാതിമങ്ങള്‍ക്ക് അപ്പുറം. മനുഷ്യനെ മനുഷ്യനായി കാണുന്ന രാഷ്ട്രീയം. ഞാന്‍ കണ്ട ദൈവം പ്രകൃതി… ആ പ്രകൃതിക്ക് മനുഷ്യനെ വെറുത്തു തുടങ്ങിയിരിക്കുന്നു. അത് പലരീതിയിലും ഭൂമിയില്‍ പതിച്ചുകൊണ്ടിരിക്കുന്നു. ശക്തമായ ചുഴലി കാറ്റയും. ഉരുള്‍ പൊട്ടലായും ഭൂമികുലുക്കമായും.

എന്തിനു പലരീതിലുള്ള വൈറസുകളായും വന്നു താണ്ടവം ആടി മനുഷ്യര്‍ക്ക് താക്കീതു തന്നുകൊണ്ടിരിക്കുന്നു. ഇനിയും പ്രകൃതിയെന്ന ദൈവത്തെ പരീക്ഷിച്ചാല്‍ ഈ ഭൂമി രണ്ടായി പിളര്‍ന്നു എല്ലാം നശിക്കും. ഇതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാന്‍. ഇതിനൊക്കെയുള്ള മറുപടി ഈ താഴെ കൊടുത്ത വരികളില്‍ ഉണ്ട്..

വര്‍ഷങ്ങൾക്ക് മുന്നെ അച്ഛനും ബാപ്പയും എന്ന സിനിമക്ക് വേണ്ടി. വയലാര്‍ രാമവര്‍മ്മ എന്ന മഹാനായ കവി എഴുതിയ വരികള്‍. ദേഷ്യവും വൈരാഗ്യവും മാറ്റിവച്ചു ചിന്തിക്ക്. എന്നിട്ട് തിരുത്തേണ്ടത് തിരുത്ത്''.

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണു പങ്കു വച്ചു – മനസ്സു പങ്കു വച്ചു

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ലോകം ഭ്രാന്താലയമായി

ആയിരമായിരം മാനവഹൃദയങ്ങള്‍

ആയുധപ്പുരകളായി

ദൈവം തെരുവില്‍ മരിക്കുന്നു

ചെകുത്താന്‍ ചിരിക്കുന്നു

സത്യമെവിടെ സൗന്ദര്യമെവിടെ

സ്വാതന്ത്ര്യമെവിടെ – നമ്മുടെ

രക്തബന്ധങ്ങളെവിടെ

നിത്യസ്‌നേഹങ്ങളെവിടെ

ആയിരം യുഗങ്ങളില്‍ ഒരിക്കല്‍

വരാറുള്ളൊരവതാരങ്ങളെവിടെ

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു

മതങ്ങള്‍ ചിരിക്കുന്നു

എത്ര ദീര്‍ഘവീക്ഷണമുള്ള കവിത.

ഇതാണ് സംസ്‌ക്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com