ADVERTISEMENT

"ജീവിതത്തിൽ  നീ ഏതെങ്കിലും മനുഷ്യനെ  അപമാനിച്ചിട്ടുണ്ടോ?"

"അപമാനത്തിന്റെ കാട്ടുതീ വെന്തു വീഴ്ത്തിയ ഒരു പാവം മനുഷ്യൻ ദുർബലമായ മുരളലോടെ നിന്നെ നോക്കിയിട്ടുണ്ടോ?"

"ജീവിതത്തിൽ ആരെങ്കിലും അപമാനത്തിന്റെ ഉരുളൻ കല്ലുകൾ വീഴ്ത്തി നിന്റെ ഉള്ളം തവിടുപൊടി ആക്കിയിട്ടുണ്ടോ?"

തല താഴ്ത്തിയിരിക്കാതെ ഉത്തരം പറയ്"

രാവിലെ, നൗഫൽ എഴുതിയ ഈ വാചകങ്ങളും വായിച്ചു കൊണ്ടാണ് തുടങ്ങിയത്.

അപമാനങ്ങൾ കൂട്ടി വച്ച് വളർച്ചയ്ക്കുള്ള മരുന്നാക്കണമെന്നൊക്കെ അതിനെ റൊമാന്റിസൈസ് ചെയ്ത പറയാൻ എളുപ്പമാണ്, പക്ഷെ അത് അനുഭവിച്ചവർക്ക് അത് എത്രത്തോളം എളുപ്പമായിരിക്കുമെന്നാണ്? ഒന്നും വേണ്ട സോഷ്യൽ മീഡിയയിലേക്ക് തന്നെ നോക്കിയാൽ മതി. കഴിഞ്ഞ ദിവസമാണ് നടിയായ അശ്വതി ശ്രീകാന്തിനെ സോഷ്യൽ പോസ്റ്റ് വൈറലായതും അതിനെക്കുറിച്ച് പല രീതിയിൽ അഭിപ്രായങ്ങൾ വന്നതും. എത്ര എളുപ്പത്തിലാണ് ഒരാൾ അശ്വതിയുടെ മനോഹരമായ ഒരു ചിത്രം കണ്ട് അവരുടെ മാറിടത്തെ മാത്രമായി സൂം ചെയ്തു നോക്കിയത്! സത്യത്തിൽ അത്രയെളുപ്പമാണോ പരസ്യമായി ഒരു സ്ത്രീയുടെ ചിത്രത്തിൽ അങ്ങനെയൊരു അഭിപ്രായം പറയാൻ?

പുരുഷന്മാരെ മാത്രമായി പറയാനില്ല, ആ വിഷയത്തിന്റെ അടുത്ത ദിവസങ്ങളിലൊന്നിലാണ് മറ്റൊരു സ്ത്രീ തന്റെ പോസ്റ്റ് വായിക്കുന്ന ലൈംഗിക വൈകല്യം ശാരീരികമായി നേരിടുന്ന പുരുഷന്മാരെയൊക്കെ ഒന്നടങ്കം അപമാനിച്ചു വിട്ടത്. അതിലുമെത്രയോ മനുഷ്യർ ശാരീരികമായും മാനസികമായും അവരുടെ രാഷ്ട്രീയവും മതപരവും ശാരീരികാപരവുമായ കാരണങ്ങൾ കൊണ്ട് അപമാനിക്കപ്പെടുന്നു. ഇതിൽ സോഷ്യൽ മീഡിയയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടായിരിക്കുമോ?

(Photo by Manan VATSYAYANA / AFP
(Photo by Manan VATSYAYANA / AFP

ഇതൊക്കെ മനോരോഗമാണ്

"ആശയത്തെ ആശയം കൊണ്ട് നേരിടാതെ അശ്ലീലം കൊണ്ട് നേരിടുന്നവർ തികച്ചും ഭീരുക്കളാണ്. സംവദിക്കാൻ ക്രെഡിബിൾ ആയ സോഴ്സുകൾ ഇല്ലാതാവുമ്പോൾ തങ്ങളുടെ കഴിവുകേട് മറയ്ക്കാൻ അശ്ലീലം വിളിച്ചു പറയും. സഭ്യത എന്നത് ഒരു സംസ്കാരമാണ്. നിർദോശമായ ട്രോളുകൾ പോലെയല്ല ഒരാളുടെ കുടുംബത്തിലുള്ളവരെ വലിച്ചിഴച്ച് കൊണ്ടുവരുന്നത്. സൈബർ ബുള്ളിയിങ്ങും ബോഡി ഷെയിമിങ്ങുമൊക്കെ ഒരു തരത്തിൽ മനോരോഗമാണ്." നിരവധി തവണ തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞതിന് സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുള്ള അഞ്ജു പ്രഭീഷിന്റെ വാക്കുകളാണിത്.

പലപ്പോഴും എളുപ്പമാണ് നമുക്കറിയാത്ത ഒരു വിഷയമാണെങ്കിൽക്കൂടി താൽപ്പര്യവും ഇഷ്ടവുമില്ലാത്ത ഒരു വിഷയത്തിൽ മറ്റൊരാൾ അഭിപ്രായം പറയുമ്പോൾ പ്രത്യേകിച്ച് അത് സ്ത്രീയാണെങ്കിൽ അവരെ ശാരീരികമായി പരിഹസിച്ചുകൊണ്ട് മറുപടി പറയാൻ എളുപ്പമാണ്. സ്വാഭാവികമായും ഇതിലെ വേട്ടക്കാരൻ പുരുഷനായിരിക്കും. ഇര സ്ത്രീകളോ ട്രാൻസോ ക്വിയർ ഫാമിലിയിൽ പെട്ട ഒരാളോ ഒക്കെ ആയിരിക്കാം. പാട്രിയാർക്കി തങ്ങളിൽ എന്തൊക്കെയോ അവകാശങ്ങൾ അടിച്ചേൽപ്പിച്ചതുപോലെ അവർ പലപ്പോഴും ദുർബലരെ എന്നവർ കരുതുന്നു സമൂഹത്തിനെ നിശബ്ദരാക്കാൻ അവരെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നു.

body shaming

സാമൂഹിക പ്രവർത്തകയായ ദിവ്യ ഗീതിനു ഇതിനു മറുപടിയുണ്ട്

"മറ്റൊരാളുടെ( നമ്മൾ ഉണ്ടെന്നു വിചാരിക്കുന്ന ) കുറവുകളെ അംഗീകരിക്കാൻ വളർച്ചയുടെ ആദ്യപാദത്തിൽ ഒരിക്കലും നമ്മൾ പഠിക്കുന്നില്ല. കളിയാക്കി ചിരിക്കുന്നതോ സഹതപിക്കുന്നതോ പുച്ഛിക്കുന്നതോ ഇഷ്ടക്കേട് കാണിക്കുന്നതോ ആയ വാക്കുകളും ആംഗ്യങ്ങളും ആണ് മുതിർന്നവർ കുഞ്ഞുങ്ങളുടെ മുന്നിൽ വയ്ക്കുന്ന വാർപ്പ് മാതൃക. പിന്നീട്, മുതിർന്നു കുറച്ചു കൂടി വിവരവും വെളിച്ചവും ഒക്കെ വരുമ്പോഴാണ് ചിലരെങ്കിലും അതൊന്നും ശരിയല്ല എന്ന് മനസ്സിലാക്കുന്നത്. ( എല്ലാവരും ഇല്ല എന്ന് പ്രത്യേകം പറയട്ടെ ) മറ്റൊരാളെ അയാളായി അംഗീകരിക്കാൻ നമ്മൾ പഠിപ്പിച്ചു കൊടുക്കാത്തിടത്തോളം ഇത് റിപ്പീറ്റ് മോഡിൽ പൊയ്ക്കൊണ്ടിരിക്കും. അത്തരത്തിൽ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാൻ കഴിയണം"

നിങ്ങൾ സംഘിയാണല്ലേ?

"നിങ്ങൾ സംഘിയാണല്ലേ?"

"ആണെങ്കിൽ?"

"അല്ല പല സംഘികളുടെയും പോസ്റ്റിൽ ലൈക് അടിക്കുന്നത് കണ്ടു"

"............"

"എന്താ ഒന്നും മിണ്ടുന്നില്ലേ?"

"..........."

"ഒന്നും പറയാനില്ലേ? കാൽ മാത്രമല്ലേ തളർന്നു പോയിട്ടുള്ളൂ, നിങ്ങളുടെ നാവു തളർന്നു പോയിട്ടില്ലല്ലോ?"

പാരാപ്ലീജിക് ആയ, വീൽ ചെയറിൽ സഞ്ചരിക്കുന്ന ഉണ്ണിമാക്സ് ഒരു ചാറ്റിൽ അനുഭവിച്ച വാക്കുകളാണ്.

"ആർക്കും എന്തും പറയാമെന്നായിരിക്കുന്നു. പക്ഷെ എന്റെ പക്വത എനിക്ക് കാണിക്കാമല്ലോ, അതുകൊണ്ടാണ് അനാവശ്യമായി സംസാരിക്കേണ്ടെന്നു കരുതിയത്. എന്നെ കുത്തിയിളക്കാൻ വേണ്ടിയാകും അയാൾ അതുപോലെ പറഞ്ഞത്. പക്ഷെ ഒരു ബ്ലോക്കിൽ എന്റെ മറുപടി ഞാൻ ഒതുക്കി. മറുപടി ഇല്ലാത്തതുകൊണ്ടല്ല, പക്വത ഉള്ളവരോട് മാത്രമേ സംസാരിക്കാൻ എനിക്ക് താല്പര്യമുള്ളൂ"

ഗായകനായ ഉണ്ണിമാക്സ് പറയുന്നു.

എന്തുകൊണ്ടാവും മറ്റൊരു രാഷ്ട്രീയമാണെങ്കിൽ അയാൾ അപഹസിക്കപ്പെടേണ്ടയാൾ ആണെന്ന ബോധ്യം പലർക്കും തോന്നുന്നുണ്ടാവുന്നത്? ലളിതമായ ഒരുതരം അതിനുണ്ട്

"മാന്യഭാഷയിൽ സംവാദം നടക്കണമെങ്കിൽ ഏർപ്പെടുന്ന വിഷയത്തിൽ ഇത്തിരിയെങ്കിലും വിവരം ആവശ്യമുണ്ട്. വിജ്ഞാനത്തിന്റെ പിൻബലമില്ലാതെ സംവാദത്തിലേർപ്പെടാനുള്ള മലയാളിയുടെ സൂത്രമാണ് പലപ്പോഴും അപഹാസ്യമായ മറുപടികൾ.

ഉദാഹരണം പറയാം

ഒരാൾ സർക്കാരിന്റെ നയത്തേക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു കുറിപ്പിടുന്നു എന്നു കരുതുക. ആ വിഷയത്തേക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. പക്ഷേ എനിക്കവിടെ ഒന്ന് ഇടപെടണം എന്നുണ്ട്. പ്രത്യേകിച്ച് പോസ്റ്റിട്ടത് ഒരു സ്ത്രീയാണെങ്കിൽ.എന്നേസംബന്ധിച്ച് കുറിപ്പിട്ട ആളോട് ചോദിക്കാവുന്ന അതിഗംഭീരമായ ചോദ്യം; 'നിനക്ക് ദിവസക്കൂലിയോ മാസശമ്പളമോ?' ഞാൻ ശരിക്കും ഈ വിഷയത്തിൽ ഒരു പഠനംതന്നെ നടത്തി. പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത കമന്റുകൾ ഇട്ടുപോകുന്നത് എത്ര ആളുകളാണ്! പ്രത്യേകിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ!"

എഴുത്തുകാരനായ ധർമരാജ് മടപ്പള്ളിയുടെ ഉത്തരം വളരെ പ്രായോഗികമായ നിരീക്ഷണത്തിലുള്ളതാണ്.

മടുപ്പ് തോന്നുന്ന വാചക കസറത്തുകൾ

"ഈ സെൻസിറ്റീവ് വിഷയങ്ങളെ പറ്റി പോസ്റ്റുകൾ ഇടുന്നത് കഴിയാവുന്നതും ഒഴിവാക്കുകയാണ് പതിവ്. മുയലിന് (മൂന്ന് ഒക്കെ പിന്നേം ഓക്കേ) ഒരു പന്ത്രണ്ടു കൊമ്പ് ടൈപ്പ് ആളുകളാണ് കൂടുതൽ! പ്രായം, ലോകപരിചയവും, വളർന്നുവരുന്ന സാഹചര്യം, സുഹൃത്തുക്കൾ ആരൊക്കെ, ഓൺലൈനിൽ നമ്മളറിയാതെ എത്തിപ്പെടുന്ന സർക്കിളുകൾ ഒക്കെ ഇത്തരം പരിപാടിക്ക് കാരണമാണ്. ബൈനറിക്കപ്പുറം ചിന്തിക്കുക, ഒരു വിഷയം കിട്ടിയാൽ ചാടിക്കേറി പോസ്റ്റും കമന്റും ഇടുന്നതിനു മുൻപ് അല്പമെങ്കിലും അതിനെപ്പറ്റി പഠിക്കാൻ ശ്രമിക്കുക, അതൊക്കെ അപൂർവമായി മാത്രമേ കാണാറുളളൂ. ഒരു പക്ഷം പിടിച്ച് അങ്ങനെ പോവുകയാണ് ഭൂരിഭാഗവും. വെറുപ്പ്, പുച്ഛം, നമ്മളോടൊപ്പം അല്ലെങ്കിൽ നമ്മൾക്കെതിര് എന്ന ലോജിക്, സമൂഹത്തിലെ ദുർബലവിഭാഗങ്ങളും, സ്ത്രീകൾ മുതലായവരെ ഒരു സഹാനുഭൂതിയും ഇല്ലാതെ ക്രൂരമായി പരിഹസിക്കാൻ ഒക്കെയും തികച്ചും സാധാരണ പോലെ കാണാറുണ്ട്. വാഴ്ത്തിപ്പാടൽ, ആവേശക്കമ്മറ്റി വേറെയും! ചിലപ്പോഴൊക്കെ വല്ലാത്ത മടുപ്പ് തോന്നും."

ദിനകർ എഴുതുന്ന ഈ അഭിപ്രായം വളരെ പ്രസക്തമാണ്. പലപ്പോഴും പലരുടെയും മനസ്സിൽ പല വിഷയങ്ങളെക്കുറിച്ചും പറയാൻ അഭിപ്രായമുണ്ടെങ്കിലും ആദ്യം ഉണ്ണിമാക്സ് പറഞ്ഞതുപോലെ പക്വത ഉള്ളതുകൊണ്ടും മനസമാധാനം വേണ്ടതുകൊണ്ടും പലരും അറിയുന്ന വിഷയത്തിൽ പോലും പ്രതികരിക്കാൻ പോകുന്നില്ല. കൃത്യമായി അറിയുന്ന കാര്യങ്ങളാണെങ്കിൽപ്പോലും അതിൽ രാഷ്ട്രീയപരമായി ഇല്ലാതാക്കിക്കളയുന്ന വലിയൊരു ഇല്ലാതാക്കലിന്റെ സംഘമുണ്ട്. ഈ വിഷയത്തിൽത്തന്നെ രജത് കൃഷ്ണകൃപ പറയുന്നു.

"വേറൊരാളെ താഴ്ത്തിക്കെട്ടുമ്പോൾ മാത്രമേ സ്വയം എന്തൊക്കെയോ ആയി എന്നുള്ള തോന്നൽ കിട്ടൂ എന്നുള്ള മാനസിക അരക്ഷിതാവസ്ഥ ഉള്ളവരെ കണ്ടിട്ടുണ്ട്. പിന്നെ ആശയവൈരുദ്ധ്യത്തെ ബഹുമാനിച്ചാൽ സ്വന്തം വിശ്വാസം അല്ലെങ്കിൽ സ്വത്വം താഴ്ന്നുപോകുമോ എന്നുള്ള പേടി, അപരന് സ്വയം വലിയ ആളായി എന്ന് ഹുങ്ക് വരുമോ എന്നൊക്കെ ഉള്ള പേടി ഇതൊക്കെയും കാരണമാണോ എന്ന് തോന്നിയിട്ടുണ്ട്.ചെറുപ്പം മുതൽ ഉള്ള സാമൂഹിക കണ്ടീഷനിങ്..ഒക്കെ കാരണമാകാം"

ആരാധനയും അടിമത്തവും

"എനിക്ക് തോന്നിയിട്ടുള്ള കാരണം ഫാനിസവും സ്ലേവറിയുമാണ്. ഫാനിസം അതിന്റെ എറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ഇന്നുള്ളത്. യുവരാജ് സിംഗിന്റെയും ധോണിയുടെയും കാര്യത്തിൽ നിന്ന് തുടങ്ങാം. രണ്ടു പേരും മികച്ച കളിക്കാരാണെന്നതിൽ യാതൊരു സംശയവുമില്ല. പക്ഷെ തീവ്രമായ ആരാധനയുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ വശം യുവരാജിനെ മികച്ച കളിക്കാരൻ എന്നു സമർഥിക്കുന്നതിനോടൊപ്പം തന്നെ ധോണി വളരെ മോശം കളിക്കാരൻ ആണെന്ന് വരുത്തി തീർക്കുകയുമാണ്. യുവി ഫാൻസ് ധോണിയെ വളരെ മോശമാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും. ധോണി ഫാൻസ്‌ തിരിച്ചും. ധോണിയുടെ കഴിവുകൾ യുവരാജ് ഫാൻസിനാൽ നിസ്സാരവത്കരിക്കപ്പെടും. കഴിവ്കേടുകൾ പർവതീകരിച്ച് ട്രോളി കൊല്ലും. തിരിച്ചും സംഭവിക്കും. ധോണിയല്ല മികച്ചതെന്ന് കാണിക്കാൻ യുവരാജ് ഫാൻസ്‌ ധോണി ഫാൻസിന്റെ പോസ്റ്റിനടിയിൽ വന്നു തെറി വിളി മുഴക്കും. തിരിച്ചും...

അതായത് ഫാൻസ്‌ മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് ഇരു വശത്തും ഹേറ്റേഴ്സ് വളരും.

ധോണിയുടെ ഫോട്ടോ കണ്ടാൽ കൂടി ധോണി ഹേറ്റേഴ്സിന് കലിയിളകും. തിരിച്ചു യുവരാജ് ഹേറ്റേഴ്സിന് യുവരാജിനെ കണ്ടാൽ അറപ്പ് വരും. ക്രിക്കറ്റ് കളിക്കാരുടെ ഫാൻസ്‌ മാത്രമേ ഇങ്ങനെയെല്ലാം ചെയ്യുന്നുള്ളൂ എന്ന് ആശ്വസിക്കാൻ വരട്ടെ. ലാലേട്ടന്റെ ഒരു പടമിറങ്ങിയാൽ അത്‌ വളരെ മോശം ചിത്രമാണെന്ന് മമ്മുക്ക ഫാൻസ്‌ പറഞ്ഞ് പരത്തും. മമ്മുക്കയുടെ പടമാണ് ഇറങ്ങുന്നതെങ്കിൽ ലാൽ ഫാൻസ്‌ തിരിച്ചു പകരം വീട്ടും. അങ്ങോട്ടുമിങ്ങോട്ടും മോശപ്പെട്ടതും പരിഹാസ ചുവയുള്ളതുമായ പ്രചരണം ഇവർ അഴിച്ചു വിടുന്നത്തോടെ സോഷ്യൽ മീഡിയ കൊലവിളികൾ കൊണ്ട് മുഴങ്ങും. നല്ല മുട്ടൻ തെറികൾ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടും. 

മമ്മൂട്ടി ഫാൻസ്‌ മോഹൻലാലിന്റെ എക്സ്ട്രീം ഹേറ്റേഴ്സ് ആയി മാറും. മോഹൻലാൽ ഫാൻസ്‌ മമ്മൂട്ടിയുടെയും എക്സ്ട്രീം ഹേറ്റേഴ്സാകും. അടുത്തത് ഏറ്റവും വലിയ ഫാൻഫൈറ്റിനെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്.

ഒരു എന്ന പാർട്ടിയുടെ അനുഭാവികൾ മറ്റൊരു പാർട്ടിയുടെ തെറ്റു കുറ്റങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിച്ചു പോസ്റ്റ്‌ ഇടുന്നു. അടിമകളായ അവരുടെ അനുഭാവികളെ മോശം പേരുകൾ ഉപയോഗിച്ച് സംബോധന ചെയ്യുന്നു. പരിഹസിക്കപ്പെടുന്ന നേതാവിനെ ട്രോളി കൊല്ലുന്നു. അനുഭാവികൾ വേദനയോടെയും വാശിയോടെയും ഇത് കണ്ടിരിക്കുന്നു. തിരിച്ച് ന്യായീകരിക്കാൻ ഒരവസരം കിട്ടുന്ന നിമിഷം ഈ അനുഭാവികൾ നേരത്തെ ആക്രമിച്ച പാർട്ടിയുടെ അടിമകളെയും നേതാവിനെയും മാരകമായി ട്രോളുന്നു. വിളിക്കപ്പെട്ട മോശം പേരിനു പകരമായി മറ്റൊരു മോശം അവരെ പേര് തിരിച്ചു വിളിക്കുന്നു. പരിഹാസം അതിന്റെ എല്ലാ സഭ്യതയും കൈവിട്ടി വേറെ ലെവലിലേക്ക് കടക്കുന്നു. അമ്മയ്ക്ക് വിളികൾ മുഴങ്ങുന്നു.

ഇത്തവണ ഒരു വ്യത്യാസം കൂടിയുണ്ട് അതിതീവ്ര അടിമകൾ തമ്മിൽ വെട്ടും കുത്തും വരെ നടക്കുന്നു. അനുഭാവികൾ കൊല്ലപ്പെടുന്നു. അവർ പ്രതികാരം ചെയ്യുന്നു. ഫാനിസത്തിന്റെ ടോപ് ലെവലിൽ ആൾക്കാർ തന്നെ ചെയ്തു പോകുന്ന വളരെ മോശപ്പെട്ട കാര്യങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. തീർച്ചയായും അറിവില്ലാത്തൊരു പ്രായത്തിൽ ഞാനും ഇതിന്റെയെല്ലാം ഭാഗമായിട്ടുണ്ട്. അടിമത്തമാണ് ഇതിനെല്ലാം കാരണമെന്ന് എല്ലാവർക്കും തിരിച്ചരിവ് ഉണ്ടാകുന്നത് വരെ ഇത് തുടരും. വളരെ മോശമായിത്തന്നെ. ആ തിരിച്ചറിവ് വരാത്തിടത്തോളം കാലം അമ്മയ്ക്ക് വിളികൾ ഇങ്ങനെ മുഴങ്ങിക്കേട്ടു കൊണ്ടേയിരിക്കും. കാരണം 'ഹേറ്റേഴ്സ്' ഫൈറ്റിനു സാധ്യതയുള്ളത് ക്രിക്കറ്റിലും സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും മാത്രമല്ലല്ലോ."

വളരെ വ്യത്യസ്തമായി ഈ വിഷയത്തെ മറ്റൊരു രീതിയിലാണ് എഴുത്തുകാരനായ രെഞ്ചു കിളിമാനൂർ കാണുന്നത്. എത്ര കൃത്യമായ വെളിപ്പെടുത്തലാണ് ഇത്!

"ഇവരെയൊന്നും ഒരിക്കലും നേരിൽ കാണേണ്ടി വരില്ലല്ലോ എന്ന ധൈര്യം തന്നെയാണ് പ്രധാന കാരണം. പിന്നെ ഭൂരിഭാഗം മനുഷ്യരും കോൺഫ്ലിക്റ്റ് ഇഷ്ടപ്പെടുന്നവരാണല്ലോ (സ്വന്തം ജീവിതത്തിൽ അല്ലെങ്കിൽ). അത് എവിടെയും കിട്ടിയില്ലെങ്കിൽ സ്വയം ഉണ്ടാക്കാൻ നോക്കും", സൂരജ് ഈ വിഷയത്തിൽ അതിനുള്ള മാനസികമായ കാരണവും കണ്ടെത്തുന്നു.

എന്റർടൈൻമെന്റ് എന്ന പേരിൽ നടക്കുന്ന അനാവശ്യങ്ങൾ 

"ജനറേഷൻ ഒരു കാരണമാണ്. ഒരു ഇടക്കാലം വരെ ബോഡി ഷെമിങ് കോമഡി എന്ന രീതിയിൽ ആണ് കണ്ടിരുന്നത്. ഇന്നത്തെ ജനറേഷൻ നട്ടെല്ലുള്ളവൻ ആണെങ്കിൽ വാടാ, അത് പോലെ ആണായി പിറന്നവൻ ആണേൽ വാടാ, നീ ഒരു ആണും പെണ്ണും കെട്ടവൻ എന്ന പ്രയോഗം നടത്തുക ഇല്ല."

സിനിമാ പ്രവർത്തകനായ രാജ്‌കുമാർ പറയുന്നത് ഒട്ടും അവഗണിക്കാൻ കഴിയാത്ത ഒരു പോയിന്റാണ്. പലപ്പോഴും നമ്മുടെ വീട്ടിൽ നമ്മളിരിക്കുന്ന സ്വീകരണമുറിയിലിരുന്നു കാണുന്ന ടെലിവിഷൻ പരിപാടികൾ എത്രമാത്രം തീക്ഷ്ണമാണ് സ്ത്രീ വിരുദ്ധതയും ട്രാൻസ് അപഹസിക്കലുകളും. നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും കോമെഡി ആണെന്ന പേരിൽ എത്ര രൂക്ഷമായാണ് അസഭ്യങ്ങൾ വിളിച്ചു പറയുന്നത്. ഇതൊക്കെ കണ്ടു ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ഇപ്പോഴും ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്തരം വിരുദ്ധതകൾ അവസാനിച്ചിട്ടേയില്ല എന്നതിന്റെ തെളിവ്. നേരിട്ട് വീട്ടിലെ കുട്ടികളുടെയും മുതിർന്നവരുടെയും മുന്നിലേയ്ക്ക് കെട്ടിയിറക്കപ്പെടുന്ന ഇത്തരം അശ്ലീലങ്ങൾ അവരെ എങ്ങനെയൊക്കെ മാറ്റി മറിച്ചേക്കാം. ഇപ്പോഴും സ്ത്രീകൾ തന്നെയാണ് കൂടുതലും ഇത്തരുണത്തിൽ ആക്ഷേപിക്കപ്പെടുന്നത്.

എന്നാണ് ഇത്തരം അപഹാസ്യങ്ങൾ ഇല്ലാതാക്കപ്പെടുക? ആർക്കും ഉത്തരമില്ലാത്ത ചോദ്യമാണത്. പാട്രിയാർക്കി എന്ന വിപത്ത് സമൂഹത്തിൽ നിലനിൽക്കുന്ന കാലത്തോളം സ്ത്രീകൾക്കെതിരെയുള്ള അനാവശ്യങ്ങൾ നടന്നുകൊണ്ടേയിരിക്കും. ട്രാൻസ്, ക്യിയർ വിഭാഗത്തിൽ പെട്ടവരും ഇതുപോലെ തന്നെ അപമാനിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയം, മതം എന്നിവയൊക്കെ പേരും മുഖവും നോക്കി മനസ്സിലാക്കുകയും അതിന്റെ പേരിൽ അപമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹം അപകടമാണ്. ഇതെന്നാണ് പൊതു ഇടങ്ങൾ മനസ്സിലാക്കുക?

സമൂഹം കൂടുതൽ അവനവനിലേക്ക് ഒതുങ്ങിപ്പോവുകയും അന്ധമായ വിശ്വാസങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിരിക്കുന്നു. അതിന്റെ ഇരകളോ പാട്രിയാർക്കിയിൽ വിശ്വസിക്കുന്ന ചില മനുഷ്യരെ ഒഴിച്ചുള്ള മറ്റെല്ലാ മനുഷ്യരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com