ADVERTISEMENT

രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച് പുല്‍വാമ രക്തസാക്ഷിയുടെ ഭാര്യ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി. ആദ്യമായി ധീരവനിത യൂണിഫോം അണിഞ്ഞു നിന്നപ്പോള്‍ സേനയ്ക്കും എന്നെന്നും ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങളാണു ലഭിച്ചത്. 2019ല്‍ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ വിഭൂതി ശങ്കര്‍ ദൗണ്ടിയാല്‍ വീരചരമം പ്രാപിക്കുന്നത്. ജീവത്യാഗത്തിന്റെ പേരില്‍ മരണാനന്തരം അദ്ദേഹത്തിന് ശൗര്യചക്രയും ലഭിച്ചിരുന്നു. ഇപ്പോള്‍, ഭാര്യ നികിത കൗളും നിര്‍ഭയയായി, എന്തു ത്യാഗത്തിനു സന്നദ്ധയായി സൈന്യത്തില്‍ ചേര്‍ന്നിരിക്കുകയാണ്. നോര്‍തേണ്‍ കമാന്‍ഡ് ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വൈ.കെ. ജോഷിയാണ് നികിതയെ സൈന്യത്തിലേക്കു സ്വാഗതം ചെയ്തത്. സംഭവത്തില്‍ സന്തോഷം പ്രകടപിപ്പിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയവും ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തു. 

മേജര്‍ ദൗണ്ടിയാല്‍ നികിതയെ വിവാഹം ചെയ്തു 9 മാസം മാത്രം ആയപ്പോഴായിരുന്നു പുല്‍വാമ ഭീകരാക്രമണം. അന്ന് 27 വയസ്സു മാത്രമായിരുന്നു നികിതയ്ക്ക്. എന്നാല്‍, ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ചിന്തിച്ച് നികിത ഒരു നിമിഷം പോലും പാഴാക്കിയില്ല. വിയോഗത്തിനു ശേഷവും ഒരു ദിവസം പോലും വെറുതെ കളഞ്ഞിട്ടുമില്ല. തന്റെ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് രാജ്യത്തിനുവേണ്ടി ശത്രു സൈന്യത്തോടു പൊരുതാന്‍ തന്നെയായിരുന്നു അവരുടെയും തീരുമാനം. ദൃഡനിശ്ചയവും.

ഒരു കുടുംബത്തിനും നാടിനും മാത്രമല്ല, രാജ്യത്തിനു മൊത്തം പ്രചോദനമേകുകയാണ് ഇപ്പോള്‍ നികിതയുടെ തീരുമാനം. ഭര്‍ത്താവ് വീരചരമം പ്രാപിച്ച് ആറു മാസം മാത്രമായപ്പോള്‍ അവര്‍ ഷോര്ട് സര്‍വീസ് കമ്മിഷന്‍ ഫോം പൂരിപ്പിച്ചു.പരീക്ഷയ്ക്കു ഹാജരായി.  പരീക്ഷയില്‍ വിജയിച്ചതോടെ അഭിമുഖത്തിനെത്തി. വിജയം വരിച്ച് ചെന്നൈയില്‍ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാഡമിയില്‍ പരിശീലനവും പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നിരിക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും പ്രചോദനമേകിക്കൊണ്ട്. ഒപ്പം വീരചരമത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ടും.

English Summary: Pulwama martyr Major Dhoundiyal's wife joins Army to serve the country, pays befitting tribute to husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com