ADVERTISEMENT

ആയിരങ്ങളെ പങ്കെടുപ്പിച്ച് പ്രകടനം നയിക്കുന്നതും കോടതിയില്‍ കേസ് നടത്തുന്നതുമൊന്നുമല്ല ഒരു 14 വയസ്സുകാരി വിദ്യാര്‍ഥിനിയുടെ ജോലി. എന്നാല്‍, ഓസ്ട്രേലിയന്‍ വിദ്യാര്‍ഥിനി ഇസ്സി രാജ് സെപ്പിങ്സ് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അവധി കൊടുത്ത് സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താനുള്ള പ്രക്ഷോഭങ്ങളില്‍ സജീവമാണ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാണ് സെപ്പിങ്സ് അപേക്ഷിക്കുന്നത്. പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ട് ആ കുട്ടി. 2019 ലാണ് സെപ്പിങ്സിനെ ലോകം ശ്രദ്ധിക്കുന്നത്. പ്രധാന മന്ത്രിയുടെ വസതിക്കു മുന്നില്‍ സമരം ചെയ്തതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ നിര്‍ഭയമായി നോക്കുന്ന സെപ്പിങ്സിന്റെ മുഖം അന്നു മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. 

അന്നുമുതല്‍, നിരന്തരമായ പ്രക്ഷോഭ പാതയിലാണു സെപ്പിങ്സ്. അവർ കുട്ടികളല്ലേ, അവര്‍ ചെയ്യുന്നതൊന്നും കാര്യമാക്കേണ്ട എന്ന് പലരും തങ്ങളെക്കുറിച്ച് പറയാറുണ്ടെന്ന് സെപ്പിങ്സ് സമ്മതിക്കുന്നു. എന്നാല്‍, അവര്‍ ഞങ്ങളുടെ വില കുറച്ചു കാണുകയാണ്. അവര്‍ക്കു ഞങ്ങളുടെ ശക്തി മനസ്സിലാകുന്നില്ല. എത്രമാത്രം ശക്തമായ സമരമാണു ഞങ്ങള്‍ നയിക്കുന്നതെന്നും അവര്‍ തിരിച്ചറിയുന്നില്ല- സെപ്പിങ്സ് പറയുന്നു. 

ഞങ്ങള്‍ മാത്രമല്ല, ശാസ്ത്രജ്ഞരും വര്‍ഷങ്ങളായി ഇതുതന്നെയാണു ജനങ്ങളോടു പറയുന്നത്. എന്നാല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. ലോകത്തെ സമ്പന്നമായ രാജ്യങ്ങളില്‍ കാര്‍ബണ്‍ നിര്‍ഗമിക്കുന്നതില്‍ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്. എന്നാല്‍, പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി എടുത്തിട്ടില്ല. ലോകത്തിനു ഭീഷണിയായ അപകടത്തെക്കുറിച്ച് ഒന്നും ചെയ്യാന്‍ തയാറുമല്ല- സെപ്പിങ്സ് പറയുന്നു. 

കാട്ടുതീയണയ്ക്കാന്‍ ഒന്നും ചെയ്യാതിരുന്നതിെതിരെയായിരുന്നു 2019 ല്‍ മറ്റു പ്രക്ഷോഭകാരികള്‍ക്കൊപ്പം സെപ്പിങ്സും അണി ചേര്‍ന്നത്. അത് വലിയൊരു സമരമായി മാറി. ലോകം അവരുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന സ്ഥിതിയുണ്ടായി. അതോടെ സെപ്പിങ്സിന് ഒരു വിളിപ്പേരും ലഭിച്ചു. ഓസ്ട്രേലിയയുടെ ഗ്രെറ്റ തണ്‍ബര്‍ഗ്. ഈ മാസം സ്കൂള്‍ സ്ട്രൈക്ക് ഫോര്‍ ക്ലൈമറ്റ് എന്ന പേരില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സമരത്തിന്റെ മുന്‍നിരയിലും അവരുണ്ടായിരുന്നു. 

ഗ്രാമപ്രദേശങ്ങളിലേക്കു ഖനനം വ്യാപിപ്പിക്കുന്നതിനെതിരെ മറ്റ് ഏഴു വിദ്യാര്‍ഥികള്‍ക്കൊപ്പം സര്‍ക്കാരിനെതിരെ കോടതിയില്‍ പരാതി സമര്‍പ്പിച്ചവരിലും സെപ്പിങ്സുണ്ട്. ഒടുവില്‍, പരിസ്ഥിതി മന്ത്രി പ്രശ്നം പഠിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നും കോടതിയില്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. 

എന്നെങ്കിലും പ്രധാനമന്ത്രി സ്കോട് മോറിസനെ കാണുമ്പോള്‍ പറയാനുള്ള സന്ദേശവും സെപ്പ്ങ്സ് തയാറാക്കിവച്ചിട്ടുണ്ട്: താങ്കള്‍ ഉണരണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള സമയം ഇതാണ്. ഇപ്പോള്‍ തന്നെ. 

English Summary: 'Australian Greta Thunberg' Izzy Raj-Seppings steps up climate change activism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com