ADVERTISEMENT

കുടുംബത്തിൽ സ്ത്രീ ചെയ്യുന്ന ജോലികൾക്കു പുരുഷൻ ഓഫിസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിനു ശേഷവും നമ്മുടെ അടുക്കളകളിൽ മാറ്റമൊന്നും വന്നില്ല. ഇങ്ങനെയുള്ള സമൂഹത്തിനു മുൻപിലേക്കാണ് സ്മാർട് കിച്ചൻ എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഐഡിയ നല്ലതു തന്നെ. പക്ഷേ, എങ്ങനെ നടപ്പാക്കും? ഇക്കാര്യത്തിൽ കൂട്ടായ ആശയങ്ങളും നിർദേശങ്ങളും ഉയരണം. വീട്ടുജോലിയുടെ ഭാരം ക്രിയാത്മകമായി എങ്ങനെ കുറയ്ക്കാമെന്ന കാര്യം ചർച്ച ചെയ്യാം ഇന്നു മുതൽ...

അതിരാവിലെ എഴുന്നേറ്റ്, മുറ്റമടിച്ച് ചായയിട്ട് പ്രാതലൊരുക്കി, കുഞ്ഞുങ്ങളെ കുളിപ്പിച്ചിറക്കി സ്കൂളിലയച്ച്, അടിച്ചു നനച്ച്, ഉച്ചയൂണൊരുക്കി, വിരുന്നുകാർക്കു വിളമ്പി, ഭർത്താവിനെ കാണാനെത്തിയ കാനേഷുമാരി കണക്കെടുപ്പുകാർക്കു ചായയുമായി ചെല്ലുമ്പോൾ മൂരിനിവർന്ന് ഭർത്താവ്; ഭാര്യ, വയസ്സ് 35, ജോലി ഇല്ല എന്നു പറയുന്നതു കേട്ട്, ഹൃദയം ഒരു ബലൂൺ കണക്കെ പൊട്ടി അവൾ മരിച്ചു വീണു. (അയിഷയുടെ ‘സ്തംഭനങ്ങൾ’ എന്ന കഥയിൽനിന്ന്)

ഇനി  ‘മൈ ബോസ്  ’സിനിമയിലെ ഒരു രംഗം:

ഭാര്യയുടെ ബാഗ് എടുക്കേണ്ടതു ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നു പറയുന്ന മംമ്തയോട് ദിലീപിന്റെ ഡയലോഗ് ഇങ്ങനെ: അതൊക്കെ അങ്ങ് ഓസ്ട്രേലിയയിൽ. ഇവിടെ കേരളത്തിൽ ഭാര്യമാരാണ് എല്ലാ ചുമടുകളും താങ്ങേണ്ടത്. 2 കുട്ടികൾക്കൂടി ഉണ്ടായിരുന്നെങ്കിലോ. ഒന്നിനെ ഒക്കത്തും മറ്റേതിനെ കയ്യിലും പിടിച്ചു നടക്കണം. ഭർത്താക്കൻമാർ പടനയിക്കുന്ന വീരാളികളെപ്പോലെ ഇങ്ങനെ നടക്കും.

അടുക്കള ജോലിയെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു വീട്ടമ്മയുടെ പ്രതികരണം ഇങ്ങനെ: പറമ്പിൽ എന്തെങ്കിലും കുഴിച്ചു വച്ചാൽ അടുത്തവർഷം അതിന്റെ ഫലം കിട്ടും. ഇത് എത്ര ചെയ്താലും കാണാൻ എന്തെങ്കിലുമുണ്ടോ. 10 മിനിറ്റു നേരം ഭക്ഷണം കഴിക്കാനായി എത്ര മണിക്കൂറാണ് സ്ത്രീകൾ അടുക്കളയിൽ പണിയെടുക്കുന്നത്. എന്നിട്ട് ആരെങ്കിലും അതു കണക്കിലെടുക്കുന്നുണ്ടോ. 

28 വർഷം മുൻപ് ഇറങ്ങിയ ‘മിഥുനം’ സിനിമയും അടുത്ത കാലത്തിറങ്ങിയ ‘ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനും’ ഷൂട്ട് ചെയ്തത് ഒരേ അടുക്കളയിലാണെന്നു കേൾക്കുമ്പോൾത്തന്നെ മനസ്സിലാക്കാം, നമ്മുടെ അടുക്കളകൾ മാറിയിട്ടില്ല. ആ അടുക്കളയിൽ വേവുന്ന അരിയാഹാരം കഴിക്കുന്ന മനസ്സുകളും.വീട്ടിൽ സ്ത്രീ ചെയ്യുന്ന ജോലി ഓഫിസിൽ പുരുഷൻ ചെയ്യുന്ന ജോലിക്കു തുല്യമായി കണക്കാക്കണമെന്നു സുപ്രീംകോടതി നിരീക്ഷിച്ചെങ്കിലും അതെല്ലാം കേട്ടുമറന്നു നമ്മുടെ സമൂഹം.

ഇങ്ങനെയുള്ള വീട്ടമ്മമാരുടെ മുൻപിലേക്കാണു സ്മാർട് കിച്ചൻ എന്ന ആശയവുമായി സർക്കാരെത്തുന്നത്. സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കുകയാണു ലക്ഷ്യം. പദ്ധതി ചരിത്രപരമായ മാറ്റത്തിനു തുടക്കമാണെന്നതിൽ സംശയമില്ല. എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ പുതിയ ആശയങ്ങളും നിർദേശങ്ങളും വരേണ്ടതുണ്ട്. വീട്ടുജോലിയുടെ ഭാരം ക്രിയാത്മകമായി എങ്ങനെ കുറയ്ക്കാം എന്നതാണു ചർച്ചയാകേണ്ടത്.

സ്ത്രീക്ക് ജോലി എത്ര ഇരട്ടി? , മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി വരുന്ന ഭർത്താവും ഭാര്യയും ചെയ്യുന്നത് ഒരേ ജോലിയോ?

ഒരു ദിവസം സ്ത്രീയും പുരുഷനും എന്തൊക്കെ ജോലി ചെയ്യുന്നുവെന്നു വെറുതേ നിരീക്ഷിച്ചാൽത്തന്നെ ജോലിയിലെ അന്തരം കണ്ടെത്താം. ഇതാ ചില ഉദാഹരണങ്ങൾ:

ഓഫിസ് ജോലി കഴിഞ്ഞു ഭാര്യയും ഭർത്താവും വീട്ടിലെത്തിയാൽ:‌

ഭാര്യ: ചായ ഉണ്ടാക്കി, മുറി അടിച്ചു വാരി, സ്കൂൾ വിട്ടെത്തുന്ന കുട്ടികളെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു പഠിപ്പിച്ച് ഇതിനിടെ അത്താഴമൊരുക്കി വിളമ്പി, പാത്രങ്ങൾ കഴുകി, അടുക്കളയും ഊണുമേശയും വൃത്തിയാക്കി, കുട്ടികളെ കിടത്തിയുറക്കും. പിറ്റേന്ന് അതിരാവിലെ ഉണർന്ന്, മുറ്റമടിച്ച്, ചായയും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കി, കുട്ടികളെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു സ്കൂളിലയച്ച്, ഭർത്താവിനും തനിക്കും ലഞ്ച് ബോക്സ് റെഡിയാക്കി ബാഗിൽ വച്ച് ഓഫിസിലേക്ക് ഓട്ടം.

 ഭർത്താവ്: വൈകിട്ടു ചായ കുടിച്ച്, ടിവി കണ്ട്, മൊബൈൽ ഫോൺ നോക്കി, പറ്റിയാൽ സുഹൃത്തുക്കളുമൊത്തു പുറത്തിറങ്ങി, തിരിച്ചെത്തി അത്താഴം കഴിച്ച്, പാത്രം മേശയിൽത്തന്നെ വച്ച്, ടിവി കണ്ട്, മൊബൈൽ നോക്കി കിടക്കും. രാവിലെ ഉണർന്നു നടക്കാനിറങ്ങും. തിരിച്ചെത്തി ചായ കുടിച്ചു പത്രം വായിക്കാനിരിക്കും. പിന്നെ കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ചു ബാഗെടുത്ത് ഓഫിസിലേക്ക്.

മാർക്കറ്റിൽ പോയി വന്നാൽ:

ഭർത്താവ്: സാധനങ്ങൾ അടുക്കളയിൽ വച്ചിട്ടു സ്ഥലം വിടും.

ഭാര്യ: സാധനങ്ങൾ തരംതിരിച്ച്, ഇറച്ചി കഴുകി, മീൻ വെട്ടി ഫ്രിജിൽ വച്ച്, പച്ചക്കറികൾ കഴുകി തുണിയിൽ നിരത്തി, പലചരക്കു സാധനങ്ങൾ അതതു ടിന്നിലാക്കി, പിന്നെ പാചകത്തിലേക്ക്.

സിനിമയ്ക്കു പോകാനിറങ്ങിയാൽ:

ഭർത്താവ്: ചായ കുടിച്ചു റെഡിയായി പോകാനായി സിറ്റ്ഔട്ടിൽ ഇറങ്ങിയിരിക്കും.

ഭാര്യ: ചായ ഉണ്ടാക്കി, ചായപ്പാത്രവും ഗ്ലാസുകളും കഴുകി, കുട്ടികളെ റെഡിയാക്കി, സ്വയം റെഡിയായി സമയം തെറ്റാതെ ഓടിയിറങ്ങും. തിരിച്ചെത്തിയാൽ നേരെ അടുക്കളയിലേക്ക്. ഭക്ഷണം ചൂടാക്കി, ഉറക്കം തൂങ്ങുന്ന കുട്ടികളെ ഒരുവിധം കഴിപ്പിച്ച്, പാത്രം കഴുകി, അടുക്കള വൃത്തിയാക്കി കിടക്കാനെത്തുമ്പോൾ എല്ലാവരും ഒരുറക്കം കഴിഞ്ഞിട്ടുണ്ടാവും.

'ഇതൊക്കെ സ്ത്രീകൾ സാധാരണ ചെയ്യുന്ന ജോലികൾ. ഇതുകൂടാതെ അലക്ക്, തുണിമടക്ക്, ഇസ്തിരിയിടൽ, ശുചിമുറികൾ വൃത്തിയാക്കൽ, വീടിന്റെ ചുക്കിലി നീക്കൽ, വാതിലുകളും ജനലുകളും തുടയ്ക്കൽ, തറ തുടയ്ക്കൽ, ഫ്രിജ് വൃത്തിയാക്കൽ, ടെറസ് അടിച്ചുവാരൽ, പച്ചക്കറി, പൂന്തോട്ട പരിപാലനം, ഡ്രെയ്നേജ് വൃത്തിയാക്കൽ... അങ്ങനെ കണക്കിൽപെടാത്ത പണികൾ വേറെ.

കഠിനമായ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആർത്തവ ദിവസങ്ങളിലോ അസുഖം വരുമ്പോഴോ പോലും അടുക്കളയിൽ അവൾക്ക് ഒഴിവില്ല. ഇതു വായിച്ചു പുരുഷന്മാർ പിണങ്ങേണ്ട. ഒരുപാടുപേർ അടുക്കള ജോലികളിൽ സ്ത്രീകളെ സഹായിക്കുന്നവരാണ്. പക്ഷേ ആ സഹായം സ്ത്രീ ചെയ്യുന്ന ജോലിയുടെ പത്തിലൊന്നു പോലും ആകുന്നില്ല. അതിലുപരി നിങ്ങൾക്കു ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.  സ്ത്രീകൾക്കു പക്ഷേ ചെയ്തേ മതിയാകൂ. അങ്ങനെയായിപ്പോയി നമ്മുടെ സാമൂഹിക വ്യവസ്ഥ. 

'റിപ്പോർട്ട് അടുത്ത മാസം: മന്ത്രി വീണാ ജോർജ്

അടുക്കളയിലെ ജോലി ഭാരം കുറച്ചു ബാക്കി സമയം സ്ത്രീകളുടെ കഴിവുകൾ ക്രിയാത്മകമായി വിനിയോഗിക്കുക എന്നതാണു സ്മാർട് കിച്ചൻ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ ധനസഹായം, ജോലിഭാരം ലഘൂകരിക്കാനുള്ള നടപടികൾ, വീട്ടുപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാക്കും.  മൂന്നംഗ സമിതി അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com