ADVERTISEMENT

അടുക്കളയിൽ ഇത്രമാത്രം പണിയെന്താ? ‌ശരാശരി മലയാളി സ്ത്രീ ഏറ്റവും കൂടുതൽ കേട്ട ചോദ്യമായിരിക്കും ഈ തലക്കെട്ടിലേത്. എത്ര തവണ ഉത്തരം നൽകിയാലും ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ചോദ്യം.  അമ്മയായും ഭാര്യയായും മകളായും ഉത്തരം കൺമുമ്പിൽ നിൽക്കുമ്പോഴും സമൂഹത്തിന് ഇനിയും സംശയം തീരാത്ത ഈ ചോദ്യം എത്രമേൽ മനുഷ്യത്വരഹിതമാണെന്നറിയാൻ  വായിക്കൂ...

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ കണ്ടിട്ട് ഇതിൽ പാത്രം കഴുകലും ഭക്ഷണമുണ്ടാക്കലും വൃത്തിയാക്കലും മാത്രമേ ഉള്ളല്ലോ എന്ന് ഒരാൾ കമന്റിട്ടു. ഈ പാത്രം കഴുകലും പാചകവും വൃത്തിയാക്കലുമൊക്കെയാണു സാറേ എല്ലാ ദിവസവും നമ്മുടെ അടുക്കളകളിൽ നടക്കുന്നതെന്നു ചുട്ട മറുപടി കൊടുത്തു ഒരു പെൺകുട്ടി. ഏതു വീട്ടിലും കാണാം ഇത്തരം അടുക്കളകൾ. ഇടയ്ക്കൊക്കെ ആസ്വദിച്ചു പാചകം ചെയ്യുന്ന ബാച്‌ലേഴ്സിന്റെ അടുക്കള പോലെയല്ല ഇത്. ഈ അടുക്കളയിൽ നിർബന്ധമായും കയറണം. ഒരു നേരം പോലും ആഹാരം മുടങ്ങാൻ പാടില്ല. എരിവു കൂടിയാൽ കുഴപ്പം, ഉപ്പും പുളിയും അൽപം അങ്ങോട്ടോ ഇങ്ങോട്ടോ ആയാൽ പ്രശ്നം, വിളമ്പാനുള്ള സമയം തെറ്റാനും പാടില്ല, വിളമ്പുമ്പോൾ ചൂടും വേണം. നിബന്ധനകൾ കടലുപോലെയാണ്.

വർഷങ്ങൾക്കു മുൻപ്, ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്‌ഷൻ മതി എന്നു കേന്ദ്രനിയമം വന്നപ്പോൾ ഒരാളുടെ കമന്റ് ഇങ്ങനെ. ‘ഇനി പെണ്ണുങ്ങൾ പറമ്പിലെ വിറകും ചൂട്ടുമൊക്കെ എടുത്തു കത്തിക്കട്ടെ’. അതേ. അതും പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്തം! 

പ്രഭാത നടത്തവും അടുക്കളയിലെ നടത്തവും തമ്മിൽ താരതമ്യം ചെയ്താലോ?ഇത്തിരി വട്ടത്ത്എത്ര ഓട്ടം?

തലേന്നു രാവിലെ തുടങ്ങുന്നു വീട്ടമ്മയുടെ പാചക ഒരുക്കം. ഇഡ്ഡലിക്ക് അരി വെള്ളത്തിലിട്ട് അതു വൈകിട്ട് അരച്ച്, തേങ്ങ ചിരകിവച്ച്, വെളുത്തുള്ളിയും ഇഞ്ചിയും തൊലികളഞ്ഞ്... അങ്ങനെ എന്തൊക്കെ ഒരുക്കങ്ങൾ.രാവിലെ ഉണർന്നു ചായയ്ക്കൊപ്പം അരിയും അടുപ്പത്തിട്ട്, അരി വേകുന്നതിനിടെ ഇഡ്ഡലി മാവ് റെഡിയാക്കി, അതിനിടെ ഉണർന്നു കരയുന്ന കുഞ്ഞിനു പാൽ കൊടുത്തുറക്കി, വീണ്ടും അടുക്കളയിൽ ഓടിയെത്തി കഞ്ഞി വാർത്ത്, ഇഡ്ഡലി അടുപ്പിൽ വച്ച്, സാമ്പാർ കഷണങ്ങൾ കുക്കറിൽ വേവിച്ച്, അതിനിടെ തോരന് അരിഞ്ഞ്, മീൻ കറി വച്ച്, ഇഡ്ഡലി ഇറക്കി തണുപ്പിച്ച്, തോരനിളക്കി, ഇടയ്ക്കു കിട്ടുന്ന ചെറിയ ഗ്യാപ്പിൽ പാത്രങ്ങൾ കഴുകി, കിച്ചൻ സ്ലാബ് തുടച്ച്... ഇതിനിടെ വെള്ളവും ചായയുമൊക്കെയായി ഓരോരുത്തരുടെയും മുറികളിലേക്കുള്ള നടപ്പ് വേറെ. അടുക്കളയുടെ ചെറിയ ദൂരത്തിനിടെ സ്ത്രീകൾ എത്ര നടക്കുന്നുണ്ടാവും ഒരുദിവസം. ഈ നടത്തം നേരെ മുന്നോട്ടു നടന്നിരുന്നെങ്കിൽ, പുരുഷന്മാരുടെ പ്രഭാത നടത്തത്തെക്കാൾ ഒരുപാട് ദൂരം താണ്ടിയിട്ടുണ്ടാകുമെന്നുറപ്പ്.

പാചകം ആഴ്ചയിൽ 5 ദിവസം; അതിനെന്താ കുഴപ്പം ?

ഭർത്താവിന്റെയും കുട്ടികളുടെയും ഭർതൃമാതാപിതാക്കളുടെയും ഇഷ്ടം നോക്കി ചെയ്യേണ്ട പണിയല്ല പാചകം. സ്ത്രീയുടെ സൗകര്യത്തിനായിരിക്കണം മുൻതൂക്കം. നന്നായി പ്ലാൻ ചെയ്താൽ ആഴ്ച മുഴുവൻ പാചകം ചെയ്യേണ്ട കാര്യമില്ല. ഓരോ വിഭവം ഉണ്ടാക്കുന്ന ജോലി ഓരോരുത്തരായി ഏറ്റെടുക്കട്ടെ. മക്കൾ ആണായാലും പെണ്ണായാലും അടുക്കള ജോലി, ക്ലീനിങ്, തുണി നനയ്ക്കൽ തുടങ്ങി എല്ലാം ചെയ്തു ശീലിപ്പിക്കണം. കുട്ടികൾക്കു ഭക്ഷണവും വെള്ളവും വരെ കയ്യിൽ എത്തിക്കുന്നതു നിർത്തണം. അവർ തനിയെ എടുത്തു കഴിക്കട്ടെ.എല്ലാ പണികളും ഒരു ദിവസം തീർക്കാൻ നോക്കേണ്ട. പാചകം കുറവുള്ള ദിവസങ്ങളിൽ ക്ലീനിങ് ചെയ്യാം.

പോര, 24 മണിക്കൂർ!

സർക്കാരിന്റെ സ്മാർട് കിച്ചൻ പരിധിക്കപ്പുറം ജോലി ചെയ്യുന്ന ചില സ്ത്രീകളുണ്ട്. ഉദാഹരണം മോളി: പശു– 4, കിടാവ്–2, താറാവ്–45, കോഴി–15, ടർക്കി–5, ആട്–3, മുയൽ– 15 ഏറ്റുമാനൂർ തവളക്കുഴി പഴമയിൽ വീട്ടിൽ മോളി (47) ദിവസവും പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ പട്ടികയാണിത്. അതിരാവിലെ ഉണർന്നു രാത്രി കിടക്കും വരെ മോളിക്ക് ഇടവേളയില്ലാത്ത ജോലിയാണ്. ആ ദിനചര്യ ഇങ്ങനെ:പുലർച്ചെ 4.30ന് ഉണരും. ചായയിട്ടു കുടിച്ച്, അരി അടുപ്പത്തിട്ട ശേഷം തൊഴുത്തിലേക്ക്. പശുക്കളെ കുളിപ്പിച്ചു വെള്ളം കൊടുത്തു കറന്നു കഴിയുമ്പോൾ 6.30. പാൽ കുപ്പികളിലാക്കി സ്കൂട്ടറിൽ വീടുകളിലേക്ക്. തിരിച്ചെത്തി കഞ്ഞി വാർത്തു പ്രഭാതഭക്ഷണവും ഊണിന് 2 കൂട്ടം കറികളുമുണ്ടാക്കും. പിന്നെ പശുവിനു തീറ്റ കൊടുത്ത് അഴിച്ചു കെട്ടും. മറ്റു ജീവികളെയും നോക്കണം.

9.30ന് വിഎഫ്പിസികെയുടെ ഏറ്റുമാനൂരിലെ പച്ചക്കറിക്കടയിലെത്തി പച്ചക്കറികൾ വാങ്ങി കോടതിപ്പടിയിലുള്ള കൃഷിഭവൻ ഇക്കോഷോപ്പിലേക്ക്. അതോടെ കച്ചവടക്കാരിയുടെ റോളായി.വൈകിട്ട് 4.30ന് കടയിൽ നിന്നിറങ്ങി വീട്ടിലെത്തി പശുക്കളെ കറന്നു വീടുകളിൽ പാലെത്തിക്കും. പിന്നെ പശുവിനുള്ള പുല്ലു ചെത്തണം. മറ്റു വളർത്തുമൃഗങ്ങളുടെ പരിപാലനം കൂടി കഴിഞ്ഞു കുളിച്ചു കയറുമ്പോഴേക്കും രാത്രി 7.30. മോളിയുടെ ഭർത്താവ് തോമസ് ഡ്രൈവറാണ്. മക്കൾ അമൽ, ആശ.

15 വീടുകളിലാണു മോളി പാൽ കൊടുക്കുന്നത്. നേരത്തെ നടന്നാണ് പാൽ കൊടുത്തിരുന്നത്. മകൻ സ്കൂട്ടറിൽ നിന്നു ബൈക്കിലേക്കു മാറിയതോടെ സ്കൂട്ടർ മോളിക്കു കിട്ടി. സൈക്കിൾ ബാലൻസ് ഇല്ലാതിരുന്നിട്ടും ഒരുമാസം കൊണ്ടു ഓടിക്കാൻ പഠിച്ചു. അതെന്തായാലും കുറച്ചെങ്കിലും ആശ്വാസമായി.

ഈ ജോലിക്ക് എത്ര ശമ്പളം? 

രാവിലെ 4.30 മുതൽ രാത്രി 7.30 വരെ 15 മണിക്കൂറാണ് മോളി തുടർച്ചയായി ജോലി ചെയ്യുന്നത്. ഈ ജോലിക്കു ശമ്പളം എത്ര കൊടുത്താലാണു മതിയാവുക. നിങ്ങൾ തന്നെ തീരുമാനിക്കൂ..

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com