sections
MORE

മകൾക്കു കൊലക്കയർ തീർക്കുന്ന സ്ത്രീധനം; പുറംലോകമറിയാത്ത നിശബ്ദ പീഡനങ്ങളും

vismaya-archana-suchithra
ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ, അർച്ചന, സുചിത്ര
SHARE

‘ആ ബന്ധം അബ്യൂസീവ് ആണെന്നു പോലും ഞാൻ തിരിച്ചറിഞ്ഞില്ല. എത്രയോ വർഷങ്ങൾ... എന്തെല്ലാം സഹിച്ചു. ഒടുവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട്, ആത്മഹത്യയുടെ വക്കിൽ സൈക്കോളജിസ്റ്റിന്റെ മുൻപിൽ എത്തിയപ്പോഴാണ് ഞാൻ ഇതു തിരിച്ചറിഞ്ഞത്. അന്ന് അദ്ദേഹം അതിനൊരു വാക്ക് തന്നെ നിർദേശിച്ചു – ഗ്യാസ് ലൈറ്റിങ്. അന്നാണ് ഞാൻ കടന്നുപോന്ന ദുരവസ്ഥ തിരിച്ചറിഞ്ഞത്’– അവൾ സംസാരിച്ചുകൊണ്ടേയിരുന്നു.

15 വർഷങ്ങളായി വിദേശത്ത് ജീവിക്കുന്നവളാണ്. ജോലിയിൽ ഏറെ നേട്ടങ്ങളുണ്ടാക്കി, ഒരുപാട് പണവും. 2 മക്കളും ഭർത്താവുമൊത്ത് ഏറ്റവും സന്തോഷകരമായ ജീവിതമെന്ന് ഒറ്റ നോട്ടത്തിൽ ആരും വിധിയെഴുതും. പൊതുവെ മലയാളി സമൂഹം വലിയ ദുശീലങ്ങളായി കരുതുന്ന പുകവലി, മദ്യപാനം, അമിത കൂട്ടുകെട്ട് ഒന്നും ഭർത്താവിനില്ല. പക്ഷേ, കരിയറിലും നൃത്തവേദികളിലും തിളങ്ങിയിരുന്ന ആ പെൺകുട്ടി കടുത്ത വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു. അവളോളം മിടുക്കില്ലാത്ത ഭർത്താവ് ഭാര്യയെ ‘ചൊൽപ്പടിക്കു നിർത്താൻ’ കണ്ടെത്തിയ മാർഗമായിരുന്നു ‘ഗ്യാസ് ലൈറ്റിങ്’. (1944ൽ ഇറങ്ങിയ ഗ്യാസ് ലൈറ്റ് എന്ന ഇംഗ്ലിഷ് ചിത്രം കൈകാര്യം ചെയ്ത വിഷയത്തിലൂടെയാണ് ഇത്തരം മാനസിക പീഡനങ്ങൾക്ക് (psychological manipulation) ഈ പേര് ലഭിച്ചത്.) അവളെ ഒന്നിനും കൊള്ളില്ലെന്ന് അയാൾ കൂടെക്കൂടെ വ്യംഗ്യമായി ഓർമിപ്പിച്ചു കൊണ്ടിരുന്നു. അവൾ ചെയ്യുന്നതെല്ലാം തെറ്റായി മാറി. ഭർത്താവിനോട് താൻ ചെയ്യുന്നതൊന്നും നീതിയല്ലെന്ന് അവൾ സ്വയം വിധിയെഴുതി. സുഹൃത്തുക്കളിൽ നിന്ന് അകന്നു. കിലുക്കാംപെട്ടിയെ പോലെ സംസാരിച്ചിരുന്ന അവൾ മൗനത്തിലേക്ക് ഊളിയിട്ടു. ആ ഘട്ടത്തിലാണ് ജോലിയിലെ മേലധികാരി അവളുടെ മാറ്റം തിരിച്ചറിഞ്ഞ് കൗൺസലിങ്ങിന് അയയ്ക്കുന്നത്. അവിടെ വച്ചാണ് അവൾ ആ വാക്ക് കേട്ടത് – ഗ്യാസ് ലൈറ്റിങ്. ഒരു ബന്ധത്തിലുണ്ടാകാവുന്ന ഏറ്റവും നിശബ്ദമായ പീഡനം. ഒരാളുടെ ചിന്തകളെ, ചെയ്തികളെ എല്ലാം സ്വാധീനിച്ച് അയാൾ വലിയൊരു തെറ്റായി തന്നെത്തന്നെ വിലയിരുത്തുന്നതിലേക്ക് എത്തിക്കുന്ന അപകടകരമായ അവസ്ഥ. ഒടുവിൽ അവൾ ആ ബന്ധത്തിൽ നിന്ന് പുറത്തു കടക്കുക തന്നെ ചെയ്തു. പക്ഷേ, തന്റെ തീരുമാനത്തെ കുറിച്ച് സ്വന്തം അച്ഛനമ്മമാരെ ബോധ്യപ്പെടുത്താൻ പോലും അവൾക്ക് പണിപ്പെടേണ്ടിവന്നു.

ഗാർഹിക പീഡനം നേരിടുന്ന കേരളത്തിലെ മിക്ക സ്ത്രീകളുടെയും അവസ്ഥ ഇതാണ്. പുറമേ നിന്നു നോക്കുമ്പോൾ എല്ലാം ഭദ്രം. പക്ഷേ, വീടുകൾക്കുള്ളിൽ, മനസ്സുകൾക്കുള്ളിൽ നെരിപ്പോടുകൾ എരിയുകയാണ്. ചിലപ്പോളതു ബന്ധം തന്നെ മുറിച്ചെറിയത്തക്ക പൊട്ടിത്തെറിയിൽ അവസാനിക്കും. മറ്റു ചിലപ്പോൾ ജീവൻ ഒടുക്കുന്നതിലും. പീഡനം എന്നത് എപ്പോഴും മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്ന കാര്യമല്ല. അവരവർ ജീവിക്കാത്ത ജീവിതമൊന്നും ജീവിതമല്ലെന്നതാണ് മിക്കവരുടെയും ശാഠ്യം. അല്ലെങ്കിൽ ഒരു സ്ത്രീക്ക് സന്തോഷിക്കാൻ ഇത്രയൊക്കെ മതി എന്ന് അവർ വിധിയെഴുതുന്നു. അതുകൊണ്ടു തന്നെ പങ്കാളിയെ കുറിച്ച് പരാതിപ്പെടുന്ന, അല്ലെങ്കിൽ വിവാഹബന്ധത്തിൽ നിന്നു പുറത്തു കടക്കുന്ന സ്ത്രീകളെ അഹങ്കാരിയെന്നും വേലിചാടിയെന്നും എഴുതിത്തള്ളുകയാണ്. എന്നാൽ അവരെ അങ്ങനെയങ്ങ് ജീവിക്കാനും വിടില്ല. പിന്തുടർന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കും ‘നീ ചെയ്തത് തെറ്റാണെ’ന്ന്. ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുചെല്ലുന്നതിന് അതിരുകളുണ്ടെന്നു പോലും പലപ്പോഴും ഇത്തരക്കാർ മറക്കും. 

നിശബ്ദ പീഡനങ്ങൾ

ശാരീരികമായി ഏൽക്കുന്ന പീഡനങ്ങളിൽ മാത്രമേ മുറിവുകൾ പുറമേ കാണാൻ കഴിയൂ. ഏറ്റവും നിശബ്ദമായി നിന്നു കൊണ്ടു പോലും ഒരാൾക്കു മറ്റൊരാളെ മുറിപ്പെടുത്താനാകും. ഭർത്താവിൽ നിന്ന് ശാരീരിക ഉപദ്രവം നേരിട്ടപ്പോൾ പ്രതികരിച്ച ഭാര്യയെ പിന്നീട് പൂർണമായി അവഗണിച്ചു ജീവിക്കുന്നവരെ കണ്ടിട്ടുണ്ട്. കിടപ്പറയിൽ പോലും അയാൾ അവരെ ചേർത്തുപിടിക്കാറില്ല. ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ അയാൾ ഒരു പേയിങ് ഗെസ്റ്റിനെ പോലെ പെരുമാറുന്നു. പക്ഷേ, ഭാര്യയുടെ ശമ്പളത്തിനു കൃത്യമായി കണക്കു ചോദിക്കും. ആ പണമെടുത്ത് സ്വന്തം ആവശ്യങ്ങൾ നിറവേറ്റുകയും സ്വന്തം പേരിൽ സമ്പാദ്യമുണ്ടാക്കുകയും ചെയ്യും. ആ സ്ത്രീ ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ചുമക്കുകയാണ്. എന്നാൽ കടിഞ്ഞാൺ അപ്പോഴും ഭർത്താവിന്റെ കയ്യിലാണു താനും. എന്തിനാണ് സ്ത്രീകൾ ഇത്രയേറെ നിസ്സഹായരാവുന്നത്...

ഉപദ്രവിക്കപ്പെട്ടാൽ തിരിച്ചടിക്കാൻ അല്ലെങ്കിൽ ഓടി രക്ഷപ്പെടാനെങ്കിലും ചോദനയുള്ളവരാണ് മൃഗങ്ങൾ പോലും. പക്ഷേ, ചില മനുഷ്യർ, പ്രത്യേകിച്ച് സ്ത്രീകൾ വേട്ടക്കാരനു മുന്നിൽ നിശബ്ദം കീഴടങ്ങുകയോ സ്വയം ഹത്യ ചെയ്യുകയോ ആണ്... പടിയിറക്കത്തെ അവർ അത്രയേറെ ഭയപ്പെടുന്നു. അങ്ങനെ ഇറങ്ങിപ്പോകുന്നവർക്കു നേരെ നീണ്ടുവരുന്ന അവഹേളനങ്ങളുടെ, വിധിയെഴുത്തിന്റെ, മാറ്റിനിർത്തലുകളുടെ കഠാരമുനകൾ അവർ കണ്ടിട്ടുണ്ട്. അത്തരം ഭയങ്ങളാൽ ചെറുപ്പം മുതൽ കണ്ടീഷൻ ചെയ്യപ്പെട്ടവരാണ് മിക്കവാറും പെൺകുട്ടികൾ. മുതിർന്ന സ്ത്രീകൾ പലരും വിവാഹജീവിതത്തിൽ തങ്ങൾ സഹിച്ച കഷ്ടതകളും ദുരിതങ്ങളും വലിയ മഹത്വമായി അവതരിപ്പിക്കുന്നു. അതാണ് ശരിയായ മാർഗമെന്ന് പറയാതെ പറയുന്നു. ‘ചട്ടീം കലോം ആയാൽ തട്ടീം മുട്ടീം ഇരിക്കു’മെന്നു പറയുന്നവർ അതിലൊന്നു പൊട്ടിയാൽ പിന്നെയെന്ത് എന്നു പറയുന്നില്ല. അതുകൊണ്ട് അനുഭവിച്ച ക്രൂരതകളുടെ ഓർമകളിൽ പുളകം കൊള്ളുന്നവർ ഒന്നു മാറിനിൽക്കൂ. അതല്ല ശരിയായ മാർഗമെന്ന് കുട്ടികൾ അറിയട്ടെ. വിവാഹജീവിതത്തിൽ ഷോക്ക് അബ്സോർബറിന്റെ സ്ഥാനമല്ല പെൺകുട്ടികൾക്ക്. അഡ്ജസ്റ്റ്മെന്റുകൾ ഏതു ബന്ധങ്ങളിലും വേണ്ടിവരും. പക്ഷേ, അതെപ്പോഴും ഒരാളിന്റെ മാത്രം കടമയാകരുത്. 

മടങ്ങിവരാൻ ഒരിടം

സ്ത്രീധനമെന്ന പേരിൽ കൈമാറ്റം ചെയ്യപ്പെടുന്ന, അച്ഛനമ്മമാരുടെ ആയുഷ്കാല സമ്പാദ്യങ്ങളാണ് പലപ്പോഴും പെൺമക്കൾക്ക് കൊലക്കയർ തീർക്കുന്നത്. വരന്മാരും അവരുടെ വീട്ടുകാരും മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്, അച്ഛനും അമ്മയും മകൾക്ക് നൽകുന്ന കുടുംബ ഓഹരി മാത്രമാണത്. കണക്കു പറഞ്ഞു വാങ്ങിക്കാനോ അവളിൽ നിന്ന് അതു തട്ടിയെടുക്കാനോ യാതൊരു അവകാശവും മറ്റൊരാൾക്കില്ല. ഒന്നുകിൽ രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹച്ചെലവുകൾ പങ്കുവയ്ക്കുക. അല്ലെങ്കിൽ പണച്ചെലവില്ലാതെ ഏറ്റവും ലളിതമായി വിവാഹം നടത്തുക. മകൾക്ക് കുടുംബ ഓഹരി നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സ്ഥലമായോ വീടായോ പണമായോ കരുതാം. നാളെ വിവാഹബന്ധം ഒഴിയേണ്ടി വന്നാൽ മടങ്ങി വരാൻ അവൾക്ക് ഒരിടം ബാക്കിയാകട്ടെ. 

ആണത്തമെന്ന അഹന്ത വാക്കിലും പ്രവൃത്തിയിലും കൊണ്ടുനടക്കുന്നവരാണ് പല പുരുഷന്മാരും. മറ്റൊരു മനുഷ്യന്റെ - അത് ഭാര്യയുടെ മാതാപിതാക്കളാകട്ടെ, ഭാര്യ തന്നെയാകട്ടെ - അധ്വാനത്തിൽ സ്വന്തം ജീവിതസുഖം കണ്ടെത്തുന്നതിൽ എവിടെയാണ് അന്തസ്സുള്ളത്...? വിവാഹം പങ്കുവയ്ക്കലാണ്. രണ്ടാളും ചേർന്നു കെട്ടിപ്പടുക്കേണ്ട ഒന്ന്. വീട്, വാഹനം, മറ്റു സുഖസൗകര്യങ്ങളൊക്കെ ഇരുവരും ചേർന്ന് അധ്വാനിച്ചു തന്നെ സമ്പാദിക്കുക. അവിടെ ഇരു കുടുംബവും സന്തോഷത്തോടെ വച്ചുനീട്ടുന്നത് മാത്രം വാങ്ങുക. കഴിവതും ഭാര്യയ്ക്കു ലഭിക്കുന്ന പൊന്നും പണവും അവളുടേതായി തന്നെ ഇരിക്കട്ടെ. അതല്ല അതെടുത്ത് കുടുംബത്തിന്റെ പൊതു ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നാൽ നിങ്ങളുടെ കുടുംബ ഓഹരി അവളുടേതു കൂടിയാകട്ടെ. വാക്കിലല്ല, രേഖയിൽ തന്നെ. നിങ്ങളോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ഒരു സ്ത്രീ തന്റെ അന്തസ്സും ആത്മാഭിമാനവും, എന്തിന് ജീവൻ തന്നെയും ബലി കഴിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്..

English Summary: Abuse Against Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA