ADVERTISEMENT

ജീവിതത്തിൽ പലപ്പോഴും വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നവരാണ് സ്ത്രീകൾ. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം നേരിട്ട് വിജയം നേടുന്നവരാകട്ടെ വിരളവും. അത്തരത്തിൽ ഒരു പോരാട്ട ജീവിതമാണ് ജാഹ്നബി ഗോസ്വാമിയുടേത്. 17–ാം വയസ്സിൽ വിവാഹിതയാകുകയും ഭർത്താവിന്റെ ക്രൂരതകൾക്ക് ഇരയാകുകയും ചെയ്ത് എയ്ഡ്സ് ബാധിത കൂടിയാകേണ്ടി വന്ന ജാഹ്നബിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. ‘ഹ്യൂമൻസ് ഓഫ് മുംബൈ’ എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് ജാഹ്നബി തന്റെ ജീവിതകഥ പങ്കുവച്ചത്.

സ്വന്തം ജീവിതത്തെ കുറിച്ച് ജാഹ്നബി പറയുന്നത് ഇങ്ങനെ: ‘പതിനേഴാം വയസ്സിൽ വീട്ടുകാർ നിശ്ചയിച്ച പ്രകാരം എന്റെ വിവാഹം കഴിഞ്ഞു. പത്താംക്ലാസ് കഴിഞ്ഞയുടനെയായിരുന്നു വിവാഹം. ഭർത്താവിന് എന്നും അസുഖമായിരുന്നു. അസുഖ വിവരം അന്വേഷിക്കുമ്പോൾ അദ്ദേഹം എന്നെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ ഗുളികകൾ കണ്ടു. അത് വിറ്റാമിൻ ഗുളികകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഒരു ആൺകുട്ടി ജനിക്കാൻ വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന് എന്റെ ആവശ്യം. പക്ഷേ, എനിക്ക് ഒരു പെൺകുട്ടിയാണ് ജനിച്ചത്. അവളാണ് കസ്തൂരി. എന്നാൽ അദ്ദേഹത്തിന് ഒരു ആൺകുട്ടിയെ ആയിരുന്നു ആവശ്യം. തനിക്ക് ഒരു ആൺകുട്ടിയാണ് വേണ്ടതെന്നു പറഞ്ഞ് അദ്ദേഹം ആശുപത്രിയിൽ വച്ച് എന്നെ ക്രൂരമായി മർദിച്ചു. മൂന്നു മാസത്തിനു ശേഷം അദ്ദേഹം വീണ്ടും അസുഖബാധിതനായി. ഭർത്താവിന് എയ്ഡ്സ് ആണെന്ന് അന്ന് പരിശോധിച്ച ഡോക്ടർ എന്നോട് പറഞ്ഞു. നേരത്തെ തന്നെ എച്ച്ഐവിയുണ്ടായിരുന്നതായി അറിവുണ്ടായിരുന്നോ എന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അറിയാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ആൺകുട്ടിയുണ്ടാകുന്നതിനായാണ് വിവാഹിതനായതെന്നും അദ്ദേഹം പറഞ്ഞു. 

ബിസിനസ് ട്രിപ്പുകളിൽ കൂടെയുറങ്ങിയ സ്ത്രീകളിൽ നിന്ന് ലഭിച്ചതായിരിക്കുമെന്ന് അദ്ദേഹം യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷം എനിക്കും മകൾ കസ്തൂരിക്കും എച്ച്ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. അവളെ ചേർത്തു പിടിച്ചു കരയുകയല്ലാതെ എനിക്കു മുന്നില്‍ വേറെ മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ വീട്ടിലേക്ക് തിരികെ പോയി. വീട്ടുകാർ എന്നെയും മകളെയും സ്വീകരിച്ചു. എന്നാൽ പിന്നീട് വീട്ടിലേക്ക് ആരും വരാതെയായി. കസ്തൂരിക്ക് ക്ഷയരോഗം ബാധിച്ചു. അവളെ പരിശോധിക്കാൻ പോലും ചില ഡോക്ടർമാർ തയാറായില്ല. രോഗം മൂർച്ഛിച്ച് മകൾ മരിച്ചു. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ എന്റെ കുടുംബം കേസ് ഫയൽ ചെയ്തു. എന്നാൽ എനിക്ക് എല്ലാം മടുത്തു. 

കുറെ നാളുകൾക്കു ശേഷം എന്റെ സ്കൂൾ പ്രിൻസിപ്പാളെ കണ്ടു. അദ്ദേഹമാണ് എന്നോട് പഠനം തുടരാൻ ആവശ്യപ്പെട്ടത്. എന്റെ അധ്യാപകരും പൂർണ പിന്തുണ നൽകി. സഹോദരി അവളുടെ സമ്പാദ്യം എന്റെ പഠനത്തിനായി അയച്ചു നൽകി സഹായിച്ചു. എംഎസ്ഡബ്ല്യൂ എടുത്തെങ്കിലും എച്ച്ഐവി ബാധിതയായതിനാൽ ജോലി നൽകാൻ കമ്പനികൾ തയ്യാറായില്ല. ഈ ഒറ്റക്കാരണത്താൽ ഒരു മാസം തന്നെ 14 തവണ വീടുകൾ മാറി താമസിക്കേണ്ട അവസ്ഥവരെയുണ്ടായി. 

എന്നാൽ ഈ സമയത്താണ് കോടതിയിലെ കേസിൽ വിധി വന്നത്. ഒന്നുകിൽ രണ്ടു കോടി രൂപ, അല്ലെങ്കിൽ ജോലി അതായിരുന്നു വിധി. ഒരു സംശയവുമില്ലാതെ ഞാൻ ജോലി തിരഞ്ഞെടുത്തു. അസം സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ കൗൺസിലിങ് വിഭാഗത്തിലായിരുന്നു ജോലി. എച്ച്ഐവി രോഗം ബാധിച്ചതിനാൽ ജീവിതത്തിൽ ഇരുട്ടിലായ പലർക്കും വെളിച്ചം നൽകാന്‍ സാധിച്ചു. ഒരിക്കൽ ഞാൻ കൗൺസിലിങ് നടത്തിയ ഒരാളെ കണ്ടു. അദ്ദേഹം ഇന്നൊരു ബിസിനസ് ഉടമയാണ്. എന്റെ വാക്കുകളാണ്  അദ്ദേഹത്തിന് ഊർജം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 

‘അസം നെറ്റ്‌വർക്ക് ഓഫ് പോസിറ്റിവ് പ്യൂപ്പിൾസ്’ എന്ന സംഘടനയ്ക്ക് ഞാൻ രൂപം നൽകി. ഇതിലൂടെ നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കുന്നു. എല്ലാ വർഷവും എന്റെ മകളുടെ ജന്മദിനത്തിൽ ഞങ്ങൾ കേക്ക് മുറിക്കും. അവിടത്തെ കുട്ടികൾ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. എന്നോട് എന്റെ കുടുംബം പറഞ്ഞതു തന്നെയാണ് എനിക്ക് അവരോടും പറയാനുള്ളത്. ‘നീ എച്ച് ഐവി ബാധിതയാണ്. പക്ഷേ, നിന്റെ ജീവിതം എങ്ങനെ നേരിടാം എന്നത് നിന്റെ തീരുമാനമാണ്’.– ജാഹ്നബി പറയുന്നു. 

 

English Summary: Inspiring Life Story Of Jahnabi Goswami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com