sections
MORE

പെൺഭ്രൂണഹത്യക്കെതിരെ പോസ്റ്റിടുന്നവരാണ് ഗർഭച്ഛിദ്രത്തെ ന്യായീകരിക്കുന്നത്: വൈറലായി കുറിപ്പ്

thankam-saras
SHARE

പ്രസവം പെണ്ണിന്റെ ചോയ്സാണെന്ന് പറയുന്നവർ അബോർഷനെ ലളിതവത്കരിക്കുന്നതിലെ സാംഗത്യം എന്തെന്ന് ചോദിക്കുകയാണ് മാധ്യമപ്രവർത്തക  തങ്കം തോമസ്. അബോര്‍ഷന്‍ പുല്ലുപറിക്കുപോലെ സുഖകരമായ ഇടപാടാണെന്ന് പറഞ്ഞെഴുതിയവരോടുള്ള തങ്കത്തിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അബോര്‍ഷന്‍ എന്നുവച്ചാല്‍ പൂ പറിക്കുന്നപോലെ ഒരു മുടികൊഴിയുന്ന പോലെ വളരെ എളുപ്പമാണെന്നും, പ്രസവത്തേക്കാള്‍ അനായാസകരമാണെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു കണ്ടു. പ്രസവം പോലെ തന്നെയുള്ള പ്രക്രിയകളാണ് ഗര്‍ഭച്ഛിദ്രമാര്‍ഗ്ഗങ്ങളിലും ഒരു പരിധിവരെ അവലംബിക്കുന്നത്.’– തങ്കം തോമസ് കുറിക്കുന്നു. മറുവശത്ത് പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഘോരം ഘോരം പോസ്റ്റിടുന്നവരാണ് എന്റെ ചോയ്സ് അല്ലെങ്കില്‍ ഞാന്‍ അബോര്‍ഷന്‍ ചെയ്യും എന്ന് പറയുന്നതിനെ ന്യായീകരിക്കുന്നതെന്നും തങ്കം കൂട്ടിച്ചേർക്കുന്നു. 

തങ്കത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘സാറാസ് കണ്ടില്ല, പക്ഷേ, പലരും റിവ്യൂ എഴുതിയിരിക്കുന്നത് കണ്ടു, അബോര്‍ഷന്‍ പുല്ലുപറിക്കുപോലെ സുഖകരമായ ഇടപാടാണെന്ന് പറഞ്ഞെഴുതിയ പലതിനോടും വിയോജിപ്പുണ്ട് .ആദ്യത്തെ കാര്യം, സിനിമയൊക്കെ സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടി, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവതിയല്ലേ? അബോര്‍ഷന്‍ എന്നുവച്ചാല്‍ പൂ പറിക്കുന്നപോലെ ഒരു മുടികൊഴിയുന്ന പോലെ വളരെ എളുപ്പമാണെന്നും, പ്രസവത്തേക്കാള്‍ അനായാസകരമാണെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു കണ്ടു. പ്രസവം പോലെ തന്നെയുള്ള പ്രക്രിയകളാണ് ഗര്‍ഭഛിദ്രമാര്‍ഗ്ഗങ്ങളിലും ഒരു പരിധിവരെ അവലംബിക്കുന്നത്. സലൈന്‍ നിറച്ചും, ഡിആന്‍ഡി ചെയ്തും ഒക്കെ പുറത്തെടുക്കുന്നതും ഏത് മികച്ച ആശുപത്രിയിലാണെങ്കിലും മരണകരമായ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളെക്കാള്‍ കൂടുതലുണ്ട് അബോര്‍ഷനിടെ മരിക്കുന്ന സ്ത്രീകളുടെ എണ്ണമെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

ശരിയാണ് അമ്മയാകണോ എന്ന അവകാശം സ്ത്രീയുടേതാണ്. അത്തരം സ്ത്രീകള്‍ അതിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രണ്ടുപേര്‍ ഒരുമിച്ച് കുട്ടികള്‍ വേണ്ട എന്ന് തീരുമാനിച്ച് കല്യാണം കഴിച്ചാലും, ഒരുമിച്ച് ജീവിച്ചാലും, പങ്കാളിക്ക് കുട്ടി വേണം എന്ന് തോന്നിയാല്‍ സ്വന്തം ചോയ്സ് സംരക്ഷിക്കാന്‍ വേണ്ടി ആ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള അന്തസ് കാണിക്കണം. അല്ലാതെ എന്റെ പങ്കാളി സ്വന്തം താല്‍പര്യങ്ങള്‍ മാറ്റി വയ്ക്കണം എന്നത് സ്ത്രീസ്വാതന്ത്ര്യവും സമത്വവും ആണെന്ന് വാദിക്കരുത്. ആണിനും പെണ്ണിനും ഒരുപോലെ അവരുടെ അവകാശങ്ങള്‍ അത് ജൈവികമാണെങ്കിലും മാനസികമാണെങ്കിലും നേടിയെടുക്കാന്‍ കഴിയുന്നിടത്താണ് സമത്വം ഉണ്ടാകുക.

എന്റെ ചോയ്സ് എന്റെ ചോയ്സ് എന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍, ഫെമിനിസം തുല്യതയുടെ സിദ്ധാന്തമാണെന്ന് പലപ്പോഴും മറക്കുന്നുണ്ട്. പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഘോരം ഘോരം പോസ്റ്റിടുന്നവരാണ് എന്റെ ചോയ്സ് അല്ലെങ്കില്‍ ഞാന്‍ അബോര്‍ഷന്‍ ചെയ്യും എന്ന് പറയുന്നതിനെ ന്യായീകരിക്കുന്നത്. ഇന്ന് തൊട്ടില്‍ മുതല്‍ രോഗക്കിടക്കയില്‍ വരെ ഏത് നിമിഷവും ലൈംഗീകാതിക്രമത്തിന് ഇരയാകേണ്ട അവസ്ഥയുള്ള ഒരു സ്ത്രീയെ കൂടി ഈ ലോകാത്തേക്ക് സൃഷ്ടിക്കണ്ടാ, അതുകൊണ്ട് എന്റെ ഗര്‍ഭത്തില്‍ പെണ്‍കുഞ്ഞാണെങ്കില്‍ ഞാനതിനെ കൊല്ലും, എന്നൊരു അമ്മ പറഞ്ഞാല്‍ അത് അവരുടെ ചോയ്സ് ആണെന്ന് കരുതി നിങ്ങള്‍ അംഗീകരിച്ച് കൊടുക്കുമോ? മൈ ചോയ്സുകാര്‍ അബോര്‍ഷന് പോകുമ്പോൾ അതൊരു പെണ്‍കുഞ്ഞാണെങ്കില്‍ ജീവിക്കാന്‍ അനുവദിക്കുമോ? എന്തോരു ഇരട്ടത്താപ്പ്.

പിന്നെ, പ്രസവിക്കാന്‍ താല്‍പര്യമില്ലാത്ത സ്ത്രീയാണ് അതിന് പ്രതിരോധം എന്ത് തന്നെയാണെങ്കിലും വന്ധ്യകരണശസ്ത്രക്രിയ അടക്കം ചെയ്യേണ്ടത്. അല്ലാതെ എന്റെ ചോയ്സ് അല്ലാത്തോണ്ട് എന്റെ പങ്കാളി വന്ധ്യംകരണത്തിന് വിധേയനാകട്ടേ അവന് എളുപ്പമല്ലേ എന്ന് പറയുന്നത് തെണ്ടിത്തരമാണ്. അബോര്‍ഷനുണ്ടാക്കാത്ത ഒരു ആരോഗ്യപ്രശ്നവും വന്ധ്യംകരണശസ്ത്രക്രിയയും ഉണ്ടാക്കില്ല. നിങ്ങള്‍ക്കു കുട്ടികള്‍ വേണ്ടെങ്കില്‍ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് നിങ്ങളാണ്, നിങ്ങളുടെ പങ്കാളിയെ നിങ്ങളുടെ ചോയ്സ് അടിച്ചേല്‍പ്പിക്കുന്നത് മിടുക്കല്ല, സ്ത്രീയുടെ വിജയവുമല്ല. ശക്തയായ സ്ത്രീയെന്ന നിലയില്‍ അയാളെ അയാളുടെ ചോയ്സ്, കുട്ടികള്‍ വേണമെങ്കില്‍ മറ്റൊരു ബന്ധത്തിലേക്ക് പോകാം എന്ന വാതില്‍ എപ്പോഴും തുറന്നിടുക തന്നെ വേണം.

എന്റെ ഇഷ്ടം എന്നാല്‍ മറ്റൊരാളുടെ ഇഷ്ടങ്ങള്‍ നിഷേധിക്കലല്ലെന്ന നല്ല ബോധം വേണം. ഫെമിനിസം എന്നതിന് എസ്ക്കേപിസം എന്നല്ല അര്‍ത്ഥം. കുറേ സ്ത്രീകള്‍ അങ്ങനെ ധരിച്ചുവച്ചിട്ടുണ്ട്. ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കിടുന്നതാണ് ഫെമിനിസം. അല്ലാതെ സ്ത്രീ കസേരപ്പുറത്തിരുന്നിട്ട് പങ്കാളിയെ വിധേയനാക്കുകയല്ല, ഇമ്മാതിരിയുള്ള കുറേ ഫെമിനിസ്റ്റുകളാണ് നാട്ടുകാരെക്കൊണ്ട് ഫെമിനിച്ചി വിളികേള്‍പ്പിക്കുന്നത്

കുറച്ചുപേര്‍ നല്ല മാതാപിതാക്കളാകാന്‍ പറ്റില്ലെങ്കില്‍ അബോര്‍ഷന്‍ ചെയ്യണം എന്ന് പറയുന്നത് കണ്ടു. ഈ ലോകത്ത് ഒരിടത്തും നല്ല മാതാപിതാക്കള്‍, എന്നൊരു കാറ്റഗറി ഇല്ല. അല്ലെങ്കില്‍ അവരുവല്ല മാലാഖമാരും ആയിരിക്കണം. ഗര്‍ഭം ഉണ്ടായിട്ടല്ല എനിക്ക് നല്ല പേരന്റ് ആകാന്‍ പറ്റുമോ എന്ന് ചിന്തിക്കേണ്ടത്. കെട്ടുന്നതിന് മുന്നേ ചിന്തിക്കണം. ഇനി കെട്ടിക്കഴിഞ്ഞ് പങ്കാളിക്ക് കുട്ടിവേണം എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോണം. അതാണ് അന്തസ്. പ്രസവിക്കാന്‍ താല്‍പര്യമില്ലാത്തവര്‍, വാടകഗര്‍ഭധാരണത്തിനോ ദത്തെടുക്കാനോ ശ്രമിക്കരുത്. കാരണം ആരോഗ്യപരമായ കാര്യങ്ങളാല്‍ മാതൃത്വമോ പിതൃത്വമോ നിഷേധിക്കപ്പെടുന്നവരെ പോലെ അല്ല ഗര്‍ഭം ധരിക്കാനേ താല്‍പര്യമില്ലാത്തവര്‍. അവര്‍ക്ക് ഒരു കുട്ടിയെ സ്നേഹിക്കാനോ കരുതാനോ കഴിയില്ല. ഒരു ത്യാഗവും ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എടിഎമ്മില്‍ പോയി ഞെക്കി കിട്ടുന്ന പോലെ വാടകഗര്‍ധാരണം വഴിയോ അല്ലെങ്കില്‍ ദത്തെടുത്തോ കിട്ടുന്ന കുട്ടിയോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതെ ഉള്ളു. കഷ്ടപ്പെട്ട്, ഇരയായി പ്രസവിച്ച് സ്ത്രീകളോടാണ് നിങ്ങളുടെ മക്കളോട് നിങ്ങളെ എനിക്ക് ആവശ്യമില്ലാതെ ഉണ്ടായതാണെന്ന് മുഖത്ത് നോക്കി തന്നെ പറയണം. നിങ്ങളെ അവര്‍ക്ക് മനസിലാകും, നാളെ അവര്‍ക്കും ആവശ്യമില്ലാതെ നിങ്ങളെ സഹിക്കേണ്ടി വരില്ലല്ലോ

നാട്ടുകാരെ കാണിക്കാനും, കുട്ടിയെ ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കാനും മക്കളെയുണ്ടാക്കുന്ന പലരുമുണ്ട്, അവരാണ് മോശം മാതാപിതാക്കള്‍. ആരും പിക്ചര്‍ പെര്‍ഫെക്ടായി പേരന്റ്സ് ആവില്ലെന്ന ബോധമെങ്കിലും നമുക്കുണ്ടാവണം. നാട്ടുകാരെ കാണിക്കാന്‍ കുട്ടികളെ ജനിപ്പിച്ച്, അവരോടുള്ള പ്രാഥമിക ഉത്തരവാദിത്തം പോലും ചെയ്യാതെ നടക്കുക. എന്നിട്ട് ഓ അബദ്ധം പറ്റി വേണ്ടാരുന്നു. ഇന്നാരുന്നെങ്കിൽ ഞാനും അബോർട്ട് ചെയ്തേനേ എന്ന് പോസ്റ്റിടുക, അതിന്റെകൂടെ അവരെന്റെ കുഞ്ഞിനെ കളയാൻ പറഞ്ഞു,

എന്റെ മഹനീയ മാതൃത്വം മൂലം ഞാനത് ചെയ്‌തില്ലേന്നും കൂടി പറഞ്ഞ് മികച്ച അമ്മയും ത്യാഗമയി ആണെന്നും അതേ വാ കൊണ്ടു പറയുക എന്തൊരു പ്രഹസനമാണ് സജീ. ജോലിയും കരിയറും സ്വപ്നങ്ങളും കുഞ്ഞുങ്ങളുമായി നേടിയ പെണ്ണുങ്ങളെ ആയിരം പേരെ കാട്ടിത്തരാം.

ആനയുടെ ഗര്‍ഭത്തിലെ കുഞ്ഞിനുവേണ്ടിപ്പോലും കരഞ്ഞ ടീംസ് ആണ് ഗര്‍ഭത്തിലെ മനുഷ്യക്കുഞ്ഞിനെ കശിക്കിയെറിയുന്നതിനെ ചോയ്സിന്റെ ന്യായീകരണവുമായി ഇറങ്ങുന്നത്. അറുത്തുമുറിച്ചും ഉപ്പുവെള്ളത്തിലിട്ടും നിങ്ങള്‍ നിയമവിധേയമായി നിങ്ങള്‍ കൊന്നുകളഞ്ഞ, കൊന്നുകളയുന്ന ഭ്രൂണം ഒരു മനുഷ്യകുഞ്ഞാണ്, ഗര്‍ഭത്തിന്റെ ആദ്യകാലത്ത് ജനിച്ചാല്‍ പോലും അതിജീവനസാധ്യതയുള്ള മനുഷ്യക്കുഞ്ഞ്. മതം പറയുന്നതല്ല, ശാസ്ത്രം പറയുന്നതാണ്. ഇതിവിടെ കുറിക്കുന്നത് ആത്മീയതയുടെ ഭാഗമായല്ല മറിച്ച്, അബോര്‍ഷന് ഒരപകടവുമില്ലെന്ന് പറഞ്ഞ് കുപ്പത്തൊട്ടിയിലെ കുഞ്ഞുശവങ്ങള്‍ തിന്നാനിരിക്കുന്ന നിങ്ങളുടെ ഒക്കെ മനസാക്ഷിയില്ലായ്മ കണ്ടിട്ടാണ്. ശവംതീനിക്കഴുകന്‍മാര്‍ എത്ര ഭേദം അത് വിശപ്പടക്കാനാണല്ലോ കൊല്ലുന്നതും തിന്നുന്നതും

നിങ്ങളുടെ ഗര്‍ഭം ആവശ്യമുള്ളപ്പോള്‍ മനുഷ്യക്കുഞ്ഞും, വേണ്ടത്തപ്പോള്‍ വെറും ഭ്രൂണവുമായി മാറുന്ന മനഃശാസ്ത്രം ഇന്നുവരെ എനിക്ക് പിടികിട്ടിയിട്ടില്ല. ആവശ്യമുള്ള ഗര്‍ഭത്തിന് പാട്ടുകേള്‍പ്പിച്ചും, ഗര്‍ഭസംസ്കാരം നടത്തിയും നിങ്ങളെന്തിനാണ് ട്രെയിന്‍ ചെയ്യുന്നത് എപ്പോള്‍ വേണമെങ്കിലും കൊന്നുകളയാവുന്ന, സോറി പല്ലു പറിക്കും പോലെ പിഴുത് കളയാവുന്ന ഒരു മാംസപിണ്ഡം മാത്രമാണെങ്കില്‍, എന്തിനാണ് നിങ്ങളതിന്റെ അനക്കം കതോര്‍ത്തത്. സ്വാര്‍ത്ഥതാല്‍പര്യത്തിന് വേണ്ടി എത്ര നുണകളാണ് മനുഷ്യര്‍ പറഞ്ഞുവയ്ക്കുന്നത്. ലോകത്ത് മുഴുവന്‍ ദുഷ്ടതയാണെന്ന് പറയും. ഗര്‍ഭപാത്രത്തില്‍ നിങ്ങളുടെ സ്വാര്‍ത്ഥത പറ്റി വളരുന്ന കുഞ്ഞ് മാലാഖയാകണെന്ന് വിചാരിക്കരുത്

നിങ്ങള്‍ക്ക് പറ്റാത്തത് മറ്റൊരാള്‍ക്ക് കഴിയുന്നതില്‍ നിങ്ങള്‍ക്കെന്തിനാണ് കുരുപൊട്ടുന്നത്, വലിയ കുടുംബങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിങ്ങളെ അസ്വസ്ഥരാക്കേണ്ട, കാരണം നേരിട്ട് അറിയാവുന്ന പല വലിയ കുടുംബങ്ങളിലും അത് പങ്കാളികള്‍ ഒരുമിച്ചെടുത്ത ചോയ്സ് ആണ്. നിങ്ങള്‍ക്ക് വേണ്ട എന്ന ചോയ്സ് ഉള്ളത് പോലെ അവര്‍ക്ക് വേണം എന്ന ചോയ്സ് ഉണ്ട് അതിനെ ബഹുമാനിക്കുന്നതും സമൂഹത്തില്‍ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗം തന്നെയാണ്. അല്ലാത്ത പക്ഷം നിങ്ങളും ബീഫ് നിരോധനക്കാരും തമ്മില്‍ എന്താണ് വ്യത്യാസം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെയാണ് മറ്റൊരാള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവും. വിവരമില്ലാത്തവരല്ല, നല്ല ബോധവും വിവരവും ഉള്ളവരാണ് ഈ വലിയ കുടുംബങ്ങളിലെ മാതാപിതാക്കളും, മാതൃത്വവും പിതൃത്വവും അവര്‍ക്കൊരു ബാധ്യതയല്ല, അതാവശ്യപ്പെടുന്ന ത്യാഗങ്ങള്‍ ചെയ്യാന്‍ ആ മാതാപിതാക്കള്‍ തയ്യാറുമാണ്.

ചോയ്സ് സ്ത്രീക്കു മാത്രം ഉള്ളതല്ല, എല്ലാ മനുഷ്യര്‍ക്കും ലിംഗഭേദമന്യേ ചോയ്സ് ഉണ്ട്. ചോയ്സുകളില്‍ കോംപ്രമൈസ് ചെയ്യാന്‍ പറ്റാത്തവര്‍ മറ്റുള്ളവരുമായി സഹകരിച്ച് ചെയ്യേണ്ട ഒരു പണിക്കും ഇറങ്ങരുത്, അഥവാ ഇറങ്ങിയാല്‍ സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ആരുടേയും നിലപാടുകളില്‍ മാറ്റമൊന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നതെന്ന് ഉറപ്പുണ്ട്.

English Summary: Viral Post About Abortion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA