sections
MORE

19–ാം വയസ്സിൽ ഒരുമാസത്തിനകം ഞാൻ മരിക്കുമെന്ന് ഡോക്ടർ പറഞ്ഞു; പിന്നെ സംഭവിച്ച ട്വിസ്റ്റ്: ജീവിതം പറഞ്ഞ് ഭാവന

bhavana-mehta
ഭാവന മെഹ്ത. ചിത്രം∙ ഫേസ്ബുക്ക്
SHARE

ചെറിയ ആർത്തവ പ്രശ്നത്തിന്റെ പേരിൽ പത്തൊന്‍പതാം വയസ്സിൽ ആശുപത്രിയിൽ പോയപ്പോൾ ഭാവന മെഹ്ത എന്ന പെൺകുട്ടി കേട്ടത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തനിക്ക് ഓവറിയൻ കാൻസറാണെന്നും ഒരുമാസം കൂടി മാത്രമേ ജീവിക്കുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞത് ഭാവനയെയും കുടുംബത്തെയും തളർത്തി. പ്രതിസന്ധിഘട്ടത്തിൽ നിന്നും ബുദ്ധിപൂർവമായ അതിജീവനകഥ പറയുകയാണ് ഭാവന. സോഷ്യൽ മീഡിയ പേജായ ഹ്യൂമൻസ് ഓഫ് മുംബൈയിലൂടെയാണ് ഭാവന തന്റെ അനുഭവം പങ്കുവച്ചത്. 

ഭാവനയുടെ വാക്കുകൾ ഇങ്ങനെ: പത്തൊൻപതാമത്തെ വയസ്സിലാണ് എനിക്ക് ഓവേറിയൻ കാൻസറാണെന്ന് ഡോക്ടർ പറയുന്നത്. ഒരുമാസമേ ജീവിക്കുകയുള്ളൂ എന്ന വിവരം എന്നെയും കുടുംബത്തെയും ആകെ ഉലച്ചു. വെറുമൊരു ആർത്തവ പ്രശ്നമെന്ന രീതിയിലാണ് ഞങ്ങൾ ആദ്യം ഇതിനെ കണ്ടത്. എന്നാൽ ഈ വാർത്ത ആകെ തകർത്തുകളഞ്ഞു. തിരികെ വീട്ടിലേക്കുള്ള യാത്ര വളരെ സങ്കടം നിറഞ്ഞതായിരുന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. പാരിസിലേക്കു പോകുക എന്നത് നിന്റെ വലിയ സ്വപ്നമായിരുന്നില്ലേ. നിന്നെ അവിടേക്ക് അയക്കാം, എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിത്തരും.’ എന്നാൽ നിങ്ങളോടൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു എന്റെ മറുപടി. 

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ മരണ സമയം അടുത്തിരിക്കുന്നു. എല്ലാം വിറ്റിട്ടാണെങ്കിലും എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് അച്ഛൻ എനിക്ക് വാക്കു നൽകി. പിറ്റേന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഞങ്ങൾ പോയി. എനിക്ക് കാൻസർ ഉണ്ടെന്നു തോന്നുന്നില്ലെന്നാണ് അവിടെയുള്ള ഡോക്ടർമാർ പറഞ്ഞത്. പക്ഷേ, ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് അവർ അറിയിച്ചു. 

സർജറിക്ക് മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്. വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പം ഞാൻ നിരവധി സമയം ചിലവഴിച്ചു. അവരോടെല്ലാം മുൻപില്ലാത്ത വിധം ഞാൻ അടുത്തു. അമ്മയോടൊപ്പം അമ്പലത്തിൽ പോയി. പാചകം ചെയ്തു. പ്രതീക്ഷിച്ച ഓപ്പറേഷൻ തീയതി എത്തി. ഡോക്ടർമാർ പറഞ്ഞതുപോലെ എനിക്ക് കാൻസർ ഉണ്ടായിരുനനില്ല. വെറും സിസ്റ്റ് മാത്രമായിരുന്നു അത്. ആശ്വാസത്തിന്റെ കരച്ചിലായിരുന്നു പിന്നീട് ഉണ്ടായത്. മരിച്ചു പോകുമെന്നു പറഞ്ഞ ദിവസത്തിനു ശേഷവും ഞാൻ ജീവിച്ചു. എന്നാല്‍ മരണ ഭീതി കാരണം എനിക്ക് മനഃശാസ്ത്രജ്ഞന്റെ സഹായം തേടേണ്ടി വന്നു. ചെറിയ ആർത്തവ പ്രശ്നം വരുമ്പോഴെല്ലാം ഞാൻ ആശുപത്രിയില്‍ പോയി പരിശോധിക്കുമായിരുന്നു. 

ഇന്ന് ഞാൻ വളരെയധികം സന്തോഷവതിയാണ്. വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കുന്നു. യാത്രകൾ ചെയ്യുന്നു. ഇന്ന് ഞാൻ സ്വന്തമായി ബേക്കിങ് ബിസിനസ് നടത്തുകയാണ്. അന്ന് ആ ഡോക്ടർ ഞാൻ മരിക്കുമെന്ന് പറഞ്ഞതെന്തിനാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. നിരുത്തരവാദപരമായ ആ പെരുമാറ്റം എന്റെ കുടുംബത്തെ വിഷമത്തിലാഴ്ത്തി. എന്നാൽ എല്ലാം ക്ഷമിക്കുവാനുള്ള മനഃസ്ഥിതിയിലേക്ക് ഞാൻ എത്തിയിരിക്കുകയാണ്. ജീവിതം ചെറുതാണെന്നും മനസ്സിൽ വിദ്വേഷം വച്ചിരുന്നിട്ടു കാര്യമില്ലെന്നും ആ സംഭവം എന്നെ ബോധ്യപ്പെടുത്തി. ഓരോ ദിവസം ശക്തമായി സ്നേഹിച്ച് ജീവിക്കൂ.’– ഭാവന പറയുന്നു.

English Summary: Bhavana Mehta About Her Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA